konnivartha.com: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്തിട്ടുള്ള 18 സഹകരണ സ്ഥാപനങ്ങളിലും വായ്പാ വിതരണത്തിൽ തിരിമറി കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ അറിയിച്ചു.ഈ സ്ഥാപനങ്ങളിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്നും അറിയിച്ചു.
കോന്നി റീജനൽ സഹകരണ സൊസൈറ്റി , മറിയമുട്ടം സർവീസ് സഹകരണ സൊസൈറ്റി, എടമുളയ്ക്കൽ, കൊല്ലൂർവിള, ആനക്കയം, മുഗു, തെന്നല, പുൽപള്ളി സർവീസ് സഹകരണ സൊസൈറ്റി ,കരുവന്നൂർ, അയ്യന്തോൾ, തുമ്പൂർ, നടയ്ക്കൽ സഹകരണ സൊസൈറ്റി , മാവേലിക്കര സഹകരണ സൊസൈറ്റി , മൂന്നിലവ്, കണ്ടള, മൈലപ്ര സഹകരണ ബാങ്കുകൾ, ചാത്തന്നൂർ റീജനൽ സഹകരണ ബാങ്ക്, ബിഎസ്എൻഎൽ എൻജിനീയറിങ് സഹകരണ സൊസൈറ്റി എന്നിവയുടെ പട്ടികയാണ് ഉള്ളത് .
ഈടു വസ്തുവിന്റെ മൂല്യം പെരുപ്പിച്ചു കാട്ടിയും ഒരേ ഈടിൽ പല വായ്പ നൽകിയും, അർഹതയില്ലാത്തവർക്കും സ്ഥാപനങ്ങളുടെ പരിധി കടന്നുമുള്ള വായ്പ നൽകിയുമാണ് ക്രമക്കേടുകൾ നടന്നത് എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍ .
ക്രമക്കേടുകൾ നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിന് കഴിഞ്ഞ വര്‍ഷം ഇ ഡി കൈമാറിയിരുന്നു . അയ്യന്തോൾ, തുമ്പൂർ, നടക്കൽ, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂർ, മാരായമുട്ടം സർവീസ് സഹകരണ ബാങ്കുകൾ, ബി എസ് എൻ എൽ എൻജിനിയേഴ്സ് സഹകരണ ബാങ്ക്, കോന്നി റീജണൽ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ ക്രമക്കേട് നടന്നുവെന്നാണ് ഇഡി അന്ന് റിപ്പോര്‍ട്ട് നൽകിയത്.ധനമന്ത്രാലത്തിന്‍റെ കീഴിലുള്ള റവന്യു വകുപ്പിനാണ് ഇഡി റിപ്പോർട്ട് നൽകിയത്. നിയമങ്ങൾ ലംഘിച്ച് വൻ തുക വായ്പ നൽകി, പുറത്തു നിന്നും നിഷേപം സ്വീകരിച്ചു. തുടങ്ങിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇഡി 2024 ഏപ്രിലില്‍ റിപ്പോര്‍ട്ട് നൽകിയത്.