Trending Now

കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Spread the love

 

 

konnivartha.com: കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിലെ പരാതിയില്‍ തുടര്‍ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. ഭിന്നശേഷിക്കാര്‍ക്ക് സ്വകാര്യ ബസ് യാത്രയില്‍ നിരക്ക്ഇളവ് അനുവദിക്കാത്ത കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷിയുളളവര്‍ക്ക് സ്വകാര്യബസുകളില്‍ യാത്രാ നിരക്കില്‍ ഇളവുണ്ട്. എന്നാല്‍ ചില കണ്ടക്ടര്‍മാര്‍ ഇത് അനുവദിക്കാറില്ല. ഇതിനെതിരെ തോട്ടഭാഗം വടക്കുമുറിയില്‍ തിരുവോണം വീട്ടില്‍ എ. അക്ഷയ് തിരുവല്ല താലൂക്ക് അദാലത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയിരുന്നു.

ഭിന്നശേഷിക്കാരുടെ ഒരു ആനൂകൂല്യവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് മന്ത്രി അന്ന് വ്യക്തമാക്കി. സമൂഹത്തിലെ ഭിന്നശേഷിക്കാരായ ആളുകളെ പൊതുവായി ബാധിക്കുന്ന വിഷയമാണ് എന്ന് വിലയിരുത്തി അടിയന്തര നടപടിക്ക് നിര്‍ദേശമുണ്ടായി. ഭിന്നശേഷിക്കാര്‍ക്ക് യാത്രാവേളയില്‍ നിയമപരമായി അവകാശപ്പെട്ട ഇളവുകള്‍ ലഭിക്കുന്നുണ്ടെന്ന് ആര്‍ടിഒ ഉറപ്പുവരുത്താന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!