മൂഴിയാര്‍ : തദ്ദേശീയ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമ്മിച്ചു നല്‍കും

 

konnivartha.com: പത്തനംതിട്ട മൂഴിയാറിലെ തദ്ദേശീയ കുടുംബങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകാനുള്ള പ്രൊപ്പോസൽ തയ്യാറായതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

മൂഴിയാർ ഡാമിന് സമീപം കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് കെഎസ്ഇബിയുടെ കൈവശമുള്ള നാല് ഏക്കർ ഭൂമിയാണ് തദ്ദേശീയ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി ഏറ്റെടുക്കുന്നത്.

ഭൂമി ഇതിനായി വിട്ടുകൊടുത്തുകൊണ്ടുള്ള കത്ത് കെഎസ്ഇബി ഊർജ്ജവകുപ്പിന് കൈമാറി.
പട്ടികവർഗ്ഗ വകുപ്പിന്റെ പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്.
41 തദ്ദേശീയ കുടുംബങ്ങളാണ് മൂഴിയാറിൽ ഉള്ളത്.

ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകുന്നതിനു മുൻപേ തന്നെ എല്ലാ കുടുംബങ്ങൾക്കും ഓരോ ഏക്കർ ഭൂമി വീതം കൃഷി ചെയ്യാനായി വനാവകാശ രേഖ നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് എംഎൽഎ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി എംഎൽഎയുടെ അധ്യക്ഷതയിൽ മൂഴിയാറിൽ ചേർന്ന യോഗത്തിൽ സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിആർ പ്രമോദ്,ജില്ല പട്ടികവർഗ്ഗ വികസന ഓഫീസർ നജീബ്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ നൗഷാദ്,ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗം ചേർന്നു.