Trending Now

ഐഎസ്ആര്‍ഒ ചാരക്കേസ് വെറും ഭാവനാ സൃഷ്ടി : സി ബി ഐ

 

ഏറെ കോളിളക്കമുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ പ്രതിയായ മുന്‍ എസ് പി എസ് വിജയനെതിരെ സിബിഐ കുറ്റപത്രത്തില്‍ രൂക്ഷ വിമര്‍ശനമാണുള്ളത്. മറിയം റഷീദയുടെ എയര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും പിടിച്ചു വച്ച ശേഷം കേസ് എടുത്തു എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ചാരക്കേസ് അന്വേഷിക്കാന്‍ വിജയനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് സഹപ്രവര്‍ത്തകനായ സുരേഷ് ബാബു മൊഴി നല്‍കിയിട്ടുണ്ട്. നമ്പി നാരായണന് ക്രൂരമായി മര്‍ദനം ഏറ്റിരുന്നെന്നും ഇനിയും മര്‍ദിച്ചിരുന്നെങ്കില്‍ മരിക്കുമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതായും ശ്രീകൃഷ്ണ ഹോസ്പിറ്റല്‍ ഉടമ വി സുകുമാരന്‍ പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്.ചാരവൃത്തി ആരോപണത്തിൽ കേസ് എടുക്കാന്‍ നിര്‍ദേശിച്ചത് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആണെന്ന വിജയന്റെ വാദം കളവായിരുന്നു എന്നാണ് മുന്‍ എപിപി ഹബീബുള്ളയുടെ മൊഴി.

 

ചാരപ്രവര്‍ത്തനം നടന്നതായി യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ് കുമാര്‍ മൊഴി നല്‍കിയിരുന്നു. രണ്ട് ആഴ്ച മുമ്പാണ് മുന്‍ ഡിജിപി സിബി മാത്യൂസ് അടക്കം അഞ്ച് ഉദ്യോ​ഗസ്ഥർ പ്രതികളായ കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ് വിജയന്‍ ഹോട്ടൽ റെയ്ഡ് ചെയ്യുന്നതിനിടെയാണ് മറിയം റഷീദയെ കാണുന്നത്. വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചത് എതിര്‍ത്തതിലുള്ള പ്രതികാരത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു.

 

സി ഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയായിരുന്നു ചാരക്കേസെന്നും സിബിഐ വ്യക്തമാക്കുന്നു.മുന്‍ എസ്‌പി എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാര്‍, എസ് കെ കെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. എഫ്‌ഐആറില്‍ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. എഫ്‌ഐആറില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, മര്‍ദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.