Trending Now

പത്തനംതിട്ട :  എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Spread the love
konnivartha.com:പത്തനംതിട്ട: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി  ഡോ. റ്റി. എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടുകൂടി വണാധികാരിയായ ജില്ലാ കലക്ടര്‍ പ്രേം കൃഷ്ണന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മന്ത്രി വീണാ ജോര്‍ജ്, പാര്‍ലമെന്റ് മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ മാരായ മാത്യു റ്റി. തോമസ്, പ്രമോദ് നാരായണന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

കണ്ണങ്കര അബാന്‍ ടവറിന് പരിസരത്ത് നിന്ന് ആയിരക്കണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിനൊപ്പം തുറന്ന ജീപ്പില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സ്ഥാനാര്‍ത്ഥി കളക്ട്രേറ്റ് പടിക്കല്‍ വരെ എത്തിയത്. തുടര്‍ന്ന് ജില്ലയിലെ എം.എല്‍.എ മാര്‍ക്കൊപ്പം കളക്ട്രേറ്റില്‍  എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.

അബാന്‍ ടവറിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് മന്ത്രി വി.എന്‍ വാസവന്‍, അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാം, കണ്‍വീനര്‍ അലക്‌സ് കണ്ണമല, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ നായര്‍,  അനു ചാക്കോ,  എ.പത്മകുമാര്‍, പി.ജെ അജയകുമാര്‍, അഡ്വ.ആര്‍ സനല്‍കുമാര്‍, പി.ബി.ഹര്‍ഷകുമാര്‍, റ്റി.ഡി ബൈജു, അഡ്വ.ഓമല്ലൂര്‍ശങ്കരന്‍, പി.ആര്‍ പ്രസാദ്, എസ്. നിര്‍മ്മലാ ദേവി, ആര്‍.ഉണ്ണികൃഷ്ണപിള്ള, അഡ്വ.ആനി സ്വീറ്റി, അഡ്വ.കെ അനന്തഗോപന്‍, എം.വി. സഞ്ജു, ശരത്ത് ചന്ദ്രന്‍, സുമേഷ്, കെ.ഐ.ജോസഫ്, ബി.ഷാഹുല്‍ ഹമീദ്, മാത്യൂസ് ജോര്‍ജ്ജ്, ചെറിയാന്‍ ജോര്‍ജ്ജ് തമ്പു, രാജു നെടുവമ്പുറം, മനോജ് മാധവശ്ശേരി, വര്‍ഗ്ഗീസ് മുളക്കല്‍,  പി.കെ.ജേക്കബ്, ചെറിയാന്‍ പോളചിറക്കല്‍, സജു മീക്കായേല്‍, ബി.ഹരിദാസ്, മാത്യൂസ് ജോര്‍ജ്ജ്, നിസാര്‍ നൂര്‍മഹല്‍,   ആര്‍. മായാ അനില്‍ കുമാര്‍. എന്നിവര്‍ നേതൃത്വം നല്‍കി.
തോമസ് ഐസക്കിന് സ്വന്തമായി വീടും ഭൂമിയും ഒരു തരി സ്വര്‍ണവുമില്ല: ആകെ സ്വത്ത് 20,000 പുസ്തകങ്ങള്‍
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക്കിന് സ്വന്തമായി വീടും ഭൂമിയും ഒരു തരി സ്വര്‍ണവുമില്ല. ആകെയുള്ള സ്വത്തായി അദ്ദേഹം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇരുപതിനായിരത്തോളം പുസ്തകങ്ങളാണ്. അത് സൂക്ഷിച്ചിരിക്കുന്നതാകട്ടെ അദ്ദേഹം താമസിക്കുന്ന അനിയന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ വീട്ടിലാണ്. ഇതിന് 9.60 ലക്ഷം രൂപയുടെ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. നാലു തവണ എം.എല്‍.എയും രണ്ടു തവണ ധനമന്ത്രിയുമായിരുന്നു ഡോ. തോമസ്  ഐസക്ക്.  ഇപ്പോള്‍ സി.പി.എം കേന്ദ്രകമ്മറ്റി അംഗമാണ്.
തിരുവനന്തപുരത്ത് ട്രഷറി സേവിങ്സ് ബാങ്കില്‍ ആറായിരം രൂപയും പെന്‍ഷനേഴ്സ് ട്രഷറി അക്കൗണ്ടില്‍ 68,000 രൂപയും തിരുവനന്തപുരം സിറ്റിയിലെ എസ്.ബി.ഐ എസ്.ബി അക്കൗണ്ടില്‍ 39,000 രൂപയും കെ.എസ്.എഫ്.ഇയുടെ സ്റ്റാച്യു ബ്രാഞ്ചില്‍ സുഗമ അക്കൗണ്ടില്‍ 36,000 രൂപയും ഇതേ ബ്രാഞ്ചില്‍ സ്ഥിരനിക്ഷേപമായി 1.31 ലക്ഷം രൂപയുമാണ് തോമസ് ഐസക്കിന്റെ  നിക്ഷേപം. കെ.എസ്.എഫ്.ഇയുടെ  ഇതേ ബ്രാഞ്ചില്‍ ചിട്ടിയുടെ തവണയായി 77,000 രൂപയോളം ഇതു വരെ അടച്ചിട്ടുണ്ട്. കൈവശമുള്ളത് 10,000 രൂപയാണ്. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 10,000 രൂപയുടെ ഓഹരിയുമുണ്ട്.
error: Content is protected !!