Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 27/01/2024)

പുനരളവെടുപ്പ്  ഫെബ്രുവരി രണ്ടിന്
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 408/21) 2023 ഡിസംബര്‍ 21 ന്  ജില്ലാ പി.എസ്.സി ആഫീസില്‍ വച്ച് നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാത്തതും അപ്പീല്‍ സമര്‍പ്പിച്ചിട്ടുളളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി രണ്ടിന് രാവിലെ 9.15 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആസ്ഥാനത്ത് പുനരളവെടുപ്പ് നടത്തും. അഡ്മിഷന്‍ ടിക്കറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0468 -2222665.

ചില്ലു മാലിന്യ ശേഖരണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ചില്ലു മാലിന്യ ശേഖരണം 30, 31 തീയതികളില്‍ നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 30ന് ഒന്ന്, ഒന്‍പത്, 10,11,12,13 വാര്‍ഡുകളില്‍ നിന്നും 31 ന് രണ്ട്,മൂന്ന്,നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് വാര്‍ഡുകളില്‍ നിന്നുമാണ് ചില്ലു മാലിന്യങ്ങള്‍ ശേഖരിക്കുന്നത.് ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍മാര്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ രാവിലെ 11  ന് ചില്ലു മാലിന്യങ്ങള്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0469 2677237

 

കനല്‍ കര്‍മപദ്ധതി സംഘടിപ്പിച്ചു
ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനല്‍ കര്‍മപദ്ധതിയുടെ ബോധവത്ക്കരണ ക്ലാസ് കാതോലിക്കറ്റ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വനിതാ,ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി മുഖ്യപ്രഭാഷണം നടത്തി. ദിശ ഡയറക്ടര്‍ അഡ്വ. എം. ബി  ദിലീപ്  കുമാര്‍ ലിംഗനീതി സമത്വം, ജന്‍ഡര്‍ റിലേഷന്‍ എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു. എന്‍എസ്എസ് പ്രോഗ്രം ഓഫീസര്‍ ഡോ. ഗോകുല്‍ ജി നായര്‍, ആന്‍സി സാം, സി.ഡബ്ലു.എഫ് ഡോ. അമല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

 

അപേക്ഷ ക്ഷണിച്ചു
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്യൂണിറ്റി കോളജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തതുല്യയോഗത്യയുള്ളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. അവസാന തീയതി ജനുവരി 31. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലിസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0471 2570471,9846033009.

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് നിലവിലുള്ള ഏഴ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി /പട്ടികവര്‍ഗ /ഭിന്നശേഷി സംവരണ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം .
താലൂക്ക്- റേഷന്‍ കട നമ്പര്‍-പഞ്ചായത്ത്/നഗരസഭാ-വാര്‍ഡ്– കട സ്ഥിതി ചെയ്യുന്ന സ്ഥലം- സംവരണവിഭാഗം എന്ന ക്രമത്തില്‍ ചുവടെ
അടൂര്‍ – 1314043 – അടൂര്‍ നഗരസഭ – അഞ്ച് – അടൂര്‍ – പട്ടികജാതി
തിരുവല്ല – 1313137 – നിരണം – രണ്ട് – നിരണം വടക്കുംഭാഗം –  ഭിന്നശേഷി
കോന്നി – 1373013 – കോന്നി – ഏഴ് – പയ്യനാമണ്‍ – ഭിന്നശേഷി
തിരുവല്ല – 1313104 – പെരിങ്ങര – രണ്ട്  – മേപ്രാല്‍ – ഭിന്നശേഷി
റാന്നി – 1315068- റാന്നി പഴവങ്ങാടി – രണ്ട് – ചേത്തക്കല്‍ -പട്ടികജാതി
മല്ലപ്പള്ളി – 1316034- എഴുമറ്റൂര്‍- ഒന്ന് – എഴുമറ്റൂര്‍ -ഭിന്നശേഷി
അടൂര്‍ – 1314170- പന്തളം തെക്കേക്കര – അഞ്ച് – ഭഗവതിക്കും പടിഞ്ഞാറ് – പട്ടികജാതി
അപേക്ഷകള്‍ ഫെബ്രുവരി 23 ന് വൈകുന്നേരം മൂന്നിന് മുന്‍പ് നേരിട്ടോ തപാല്‍ മുഖേനയോ  പത്തനംതിട്ട ജില്ല സപ്ലൈ ഓഫീസില്‍ ലഭിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.civilsupplieskerala.gov.in) അതാത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. ഫോണ്‍ : 0468 2222612.

കുടുംബശ്രീ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായി
നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌ക്കുകള്‍

കുടുംബശ്രീ ആരംഭിച്ച നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌ക്കുകളുടെ ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍  പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ വഴി കൃഷി ചെയ്യുന്ന വിഷരഹിത നാടന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ സ്ഥിരമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേച്ചേഴ്‌സ് ഫ്രഷ് എന്ന പേരില്‍ കിയോസ്‌കുകള്‍ ആരംഭിച്ചത്. ജില്ലയില്‍ അഞ്ചു പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നത്. പള്ളിക്കല്‍, വള്ളിക്കോട്, ഓമല്ലൂര്‍, നിരണം എന്നീ പഞ്ചായത്തുകളില്‍ ഉടന്‍ ആരംഭിക്കും.
കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ വഴി സംഭരിക്കുന്ന പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, തേന്‍, മുട്ട, പാല്‍ ഉല്‍പന്നങ്ങള്‍, ചെറുകിട സംരംഭ മേഖലയിലെ വിവിധതരം കറി പൗഡര്‍, ബേക്കറി ഉല്‍പന്നങ്ങള്‍, വെളിച്ചെണ്ണ തുടങ്ങിയ എല്ലാത്തരം ഉല്‍പ്പന്നങ്ങളും കിയോസ്‌കിലൂടെ ലഭ്യമാകും.

പന്തളം തെക്കേക്കര വാര്‍ഡ് മെമ്പര്‍ ബി. പ്രസാദ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില  പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധര പണിക്കര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ ജ്യോതി കുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സുഹാന ബീഗം, എസ് സുചിത്ര, ബ്ലോക്ക് കോഡിനേറ്റര്‍ എ. ആശ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, മെമ്പര്‍ സെക്രട്ടറി ശ്രീ. അജിത്ത്, സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകളില്‍ പെന്‍ഡിംഗുളള എല്ലാ സ്ഥാപനങ്ങളും വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് സിംഗിള്‍ വിന്‍ഡോ പോര്‍ട്ടലായ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന നടപടി സ്വീകരിക്കണം. 2018-19 മുതല്‍ 2022-23 വരെയുളള എല്ലാ വിഭാഗം വിദ്യാര്‍ഥികളുടെയും ക്ലെയിമുകള്‍ ഓണ്‍ലൈനായി അയക്കുന്നതിനു ജനുവരി 31 വരെ ഇ-ഗ്രാന്റ്‌സ് സൈറ്റ് ഓപ്പണ്‍ ആയിരിക്കും.  2022-23 വര്‍ഷം ക്ലെയിമുകള്‍ പുതുതായി സമര്‍പ്പിക്കുവാന്‍ ഉളള അവസാന തീയതി ജനുവരി 30 ആണ്. ആയതിന് ശേഷമുളള അപേക്ഷ പരിഗണിക്കുന്നതല്ല. ഇതിനായി മാനുവല്‍ അലോട്ട്‌മെന്റ് അനുവദിക്കുന്നതല്ല. യഥാസമയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതും ഏതെങ്കിലും തലത്തില്‍ പെന്‍ഡിംഗ് ആയിട്ടുളളതുമായ അപേക്ഷകള്‍ മാത്രമെ പരിഗണിക്കൂ.
2023-24 അധ്യയനവര്‍ഷം പുതുതായി ഉള്‍പ്പെടുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ അപേക്ഷകളില്‍ വേരിഫിക്കേഷന്‍ നടത്തുന്നതിന് ഹാര്‍ഡ് കോപ്പി ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. ഇന്‍സ്റ്റിറ്റിയൂഷന്‍ ഫീസ് അപ്രൂവല്‍ നടത്തുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് നിര്‍ബന്ധമായും അറ്റാച്ച് ചെയ്യേണ്ടതും ഫീസിനെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗം ഹൈലൈറ്റ് ചെയ്യേണ്ടതുമാണെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ : 04735 227703.
ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
ഏകാരോഗ്യത്തിന്റെ ഭാഗമായി തിരുവല്ല നഗരസഭ കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി തിരുവല്ല മുന്‍സിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ തോമസ് വഞ്ചിപാലം അധ്യക്ഷത വഹിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോ. മഞ്ചു മുഖ്യ പ്രഭാഷണം നടത്തി. ജില്ല മെന്റര്‍ സുരേഷ് കുമാര്‍ ക്ലാസ് നയിച്ചു. കൗണ്‍സിലര്‍മാരായ ലിന്‍ഡ തോമസ് വഞ്ചിപാലം, ഷാനി താജ്, ജാസ് നാലില്‍ പോത്തന്‍, കുറ്റപ്പുഴ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകല, സുനിതാ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രോത്ത് പള്‍സ് സംരംഭക പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ്) അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതല്‍ 24 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.  കോഴ്‌സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ് അഞ്ചുദിവസത്തെ പരിശീലന ഫീസ്. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവ്. http://kied.info എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 15 നു മുന്‍പായി അപേക്ഷിക്കാം. ഫോണ്‍: 0484 2532890, 2550322, 7012376994.
error: Content is protected !!