കോന്നി മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന് ഇ-ടെൻഡർ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന് ഇ-ടെൻഡർ ക്ഷണിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.രണ്ടാം ഘട്ടത്തിനായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 240 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.അതിൽ 214 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇ-ടെൻഡർ ക്ഷണിച്ചത്.ബാക്കിയുള്ള 26 കോടി ഗ്രീൻ ബിൽഡിംഗ്‌ നടപ്പിലാക്കുന്നതിനായി മാറ്റി വച്ചിരിക്കുകയാണ്.

രണ്ടാം ഘട്ടത്തിൽ 200 കിടക്കകളുള്ള ആശുപത്രി സമുച്ചയം, പതിനൊന്ന് നിലകളുള്ള ക്വാർട്ടേഴ്സ് ഫ്ലാറ്റ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ഓഡിറ്റോറിയം, മോർച്ചറി, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾ ഉൾപ്പടെയുള്ള പ്രവർത്തികളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഫെബ്രുവരി ഒന്നാണ് ഇ-ടെൻഡർ നല്കാനുള്ള അവസാന തീയതി. അടങ്കൽ തുകയുടെ 80 ശതമാനത്തിനു തുല്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രി കെട്ടിട നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുള്ള കോൺട്രാക്ടർമാർക്കാണ് ഇ-ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യത. അവർക്ക് സ്വന്തമായുള്ള ഉപകരണങ്ങൾ, ചാർട്ടേഡ് അക്കൗണ്ടൻ്റ് നല്കിയ 5വർഷത്തെ സർട്ടിഫിക്കറ്റ് തുടങ്ങിയുള്ള നിരവധി യോഗ്യതകളും പരിശോധിക്കും.

ടെക്നിക്കൽ ബിഡ്, പ്രൈസ് ബിഡ് എന്നീ രണ്ട് സ്റ്റേജുകളായാണ് ഇ-ടെൻഡർ സമർപ്പിക്കേണ്ടത്.ഫെബ്രുവരി 2 ന് ടെക്നിക്കൽ ബിഡ് ആകും ആദ്യം തുറക്കുക. തുടർന്നുള്ള 10 ദിവസം പ്രീ ക്വാളിഫിക്കേഷൻ പരിശോധന നടത്തും.പരിശോധന വിവരം ഇ-ടെൻഡറിൽ പങ്കെടുത്തിട്ടുള്ളവരെ അറിയിക്കുകയും,ടെക്നിക്കൽ ബിഡിൽ യോഗ്യത നേടിയവരുടെ പ്രൈസ് ബിഡ് പിന്നീട് തുറക്കുകയും ചെയ്യും.പ്രൈസ് ബിഡിൽ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയവർക്കായിരിക്കും കരാർ നല്കുക.

ഫെബ്രുവരി 15 നകം ഇ-ടെൻഡർ നടപടി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.കരാർ ഉറപ്പിച്ച് എഗ്രിമെൻ്റും വച്ച് ഫെബ്രുവരി മാസത്തിൽ തന്നെ തറക്കല്ലിട്ട് മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.