
തീർത്ഥാടകരെ സ്വീകരിക്കാൻ സന്നിധാനം ഒരുങ്ങി
മകരവിളക്ക് മഹോത്സവകാലത്തെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാനായി പമ്പ മുതൽ സന്നിധാനം വരെ ഒരുങ്ങി കഴിഞ്ഞു ആഴിയും പതിനെട്ടാം പടിയും നെയ്ത്തോണിയും അഗ്നിരക്ഷാസേനയും വിശുദ്ധി സേനയും കഴുകി വൃത്തിയാക്കി സന്നിധാനത്തിന്റെ പരിസരവും മാളികപ്പുറം പരിസരവും നടപ്പന്തലും ശുചീകരിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ദേവസ്വം ബോർഡിന്റെ ഔഷധ കുടിവെള്ള വിതരണവും ഉണ്ട്. ക്യൂ കോംപ്ലക്സുകളിലും തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജനുവരി 13 വരെ ഓൺലൈനിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്ത 80,000 പേർക്കാണ് ദർശനം സാധ്യമാവുക. ജനുവരി 10 ന് ശേഷം സ്പോർട്ട് ബുക്കിംഗ് സംവിധാനം നിലവിലുണ്ടാവില്ല. വെർച്വൽ ക്യൂ ടിക്കറ്റില്ലാത്ത ഒരു തീർത്ഥാടകനേയും സന്നിധാനത്തേക്ക് കടത്തിവിടില്ല. ജനുവരി 14 ന് 50,000 പേർ, 15 ന് 40,000 പേർ എന്നിങ്ങനെയാണ് വെർച്വൽ സൗകര്യം നിശ്ചയിച്ചത്. ഈ ദിവസങ്ങളിലെ ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞു.
വലിയ നടപ്പന്തൽ ശുചീകരിച്ചു
മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വലിയ നടപ്പന്തൽ ശുചീകരിച്ചു. ഉച്ചപൂജ കഴിഞ്ഞ് നടയടച്ചതിന് ശേഷമായിരുന്നു ഡ്യൂട്ടി മജിസ്ട്രേറ്റ് സുമീതൻ പിള്ളയുടെ നേതൃത്വത്തിൽ ശുചീകരണം നടന്നത്. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ പോലീസ് സഹകരണത്തോടെ ഘട്ടം ഘട്ടമായായിരുന്നു ശുചീകരണ പ്രവർത്തനം.
സന്നിധാനത്ത് തീര്‍ത്ഥാടകര്‍ പ്രധാനമായും വിരിവെക്കുന്ന വലിയ നടപ്പന്തലിലെ ശുചീകരണത്തോടെ കൂടുതൽ വൃത്തിയുള്ള അന്തരീക്ഷത്തില്‍ വിരിവെക്കാനുള്ള സൗകര്യമാണ് ഒരുങ്ങിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പി. വിജയകുമാർ, സാനിറ്റേഷൻ സൂപ്രവൈസർമാരായ കെ.വി ജിജു, സന്തോഷ് കേശവ്, ജയകൃഷ്ണൻ, രാഹുൽ, ദിലീപ്, അമ്പതിലേറെ വിശുദ്ധി സേനാംഗങ്ങൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. വേർതിരിച്ച മാലിന്യങ്ങൾ ട്രാക്‌ടറിൽ നീക്കം ചെയ്തു.മാളികപ്പുറത്ത് ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലും ശുചീകരണം നടന്നിരുന്നു. അടുത്ത ദിവസവും ഉച്ചയ്ക്ക് നട അടച്ചതിനുശേഷം ശുചീകരണം തുടരും.
ശബരിമലയിലെ ചടങ്ങുകൾ (9.01.2024)
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11.30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കും
3 മണിക്ക് നട തുറക്കും
6.30 ന് ദീപാരാധന
9.30 ന് അത്താഴ പൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.