ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി
konnivartha.com: ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് (ഡിസം. 30)വൈകിട്ട് അഞ്ചിന്ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നു. ഇതോടെ മകരവിളക്ക് ഉത്സവത്തിന് തുടക്കമായി .
വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് നടതുറന്നത്. തുടർന്ന് ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്ന് ഏറ്റുവാങ്ങിയ മാളികപ്പുറം മേൽശാന്തി പി ജി മുരളി ഗണപതിയെയും നാഗരാജാവിനെയും തൊഴുതശേഷം മാളികപ്പുറം ശ്രീകോവിലും തുറന്നു. മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതോടെ തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി.
ശബരിമല എക്സിക്യുട്ടീവ് ഓഫീസർ വി കൃഷ്ണകുമാർ അഡ്മിനിസ്ട്രറ്റീവ് ഓഫീസർ ഒ ജി ബിജു എന്നിവർ നടതറക്കുമ്പോൾ ദർശനത്തിനെത്തിയിരുന്നു.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്നതിനു ശേഷം ശബരിമല മേൽ ശാന്തി പി എൻ മഹേഷ് നമ്പൂതിരി സന്നിധാനത്തെ ആഴി ജ്വലിപ്പിക്കുന്നു
മണ്ഡലപൂജക്ക് ശേഷം ഡിസംബർ 27ന് നട അടച്ചിരുന്നു
ഇന്ന് വൈകീട്ട് നടന്ന തുറന്നത് മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു. രാവിലെ മുതൽ പമ്പയിൽ നിന്നും പുല്ലുമേട് വഴിയും സന്നിധാനത്തേക്ക് തീർത്ഥാടകരെത്തി തുടങ്ങിയിരുന്നു. വലിയ നടപന്തലിൽ കാത്ത് നിന്ന അയ്യപ്പഭക്തർക്ക് ഔഷധ കുടിവെള്ളവും ലഭ്യമാക്കി. ജനുവരി 15നാണ് മകരവിളക്ക് ജനുവരി 20 വരെ തീർത്ഥാടകർക്ക് ദർശനത്തിന് അവസരം ഉണ്ടാകും.21 ന് നട അടക്കും.
ശബരിമല തീർത്ഥാടകർ അറിയാൻ അഗ്നി രക്ഷാസേനയുടെ അഷ്ട സുരക്ഷാ നിർദ്ദേശങ്ങൾ
ആത്മജ്ഞാനത്തിൻ്റെ പൂങ്കാവനമാണ് ശബരിമല, അവിടം സുരക്ഷിതമായി നിലനിർത്തുക എന്നത് ഒരോ അയ്യപ്പഭക്തന്റെയും കടമയും ഉത്തരവാദിത്ത്വവുമാണ് അതിനായി ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് ഫയർ & റെസ്ക്യു ഫോഴ്സ് നിർദ്ദേശിക്കുന്നു.
1. അയ്യപ്പന്റെ പുങ്കാവനത്തിൽ എത്തുന്ന ഓരോ അയ്യപ്പ ഭക്തനും പൂങ്കാവനത്തിൽ
തീ പിടിക്കുവാൻ സാധ്യതയുള്ള വസ്‌തുക്കളോ സ്ഫോടക വസ്‌തുക്കളോ തീ പിടിക്കാവുന്ന ദ്രാവകങ്ങളോ കൊണ്ടുവരില്ല എന്ന് സ്വയം ഉറപ്പുവരുത്തുക.
2. വസ്ത്രങ്ങളിൽ തീ പിടിച്ചാൽ നിൽക്കുക, വീഴുക, ഉരുളുക എന്ന പ്രക്രിയ അവലംബിക്കുക.
3. അശ്രദ്ധമായി സന്നിധാനത്തോ, യാത്രാമധ്യേ കാടുകളിലേക്കോ കത്തിച്ച കർപ്പൂരമോ തടികഷ്‌ണങ്ങളോ വലിച്ചെറിയാതിരിക്കുക.
4. സ്റ്റൗ, വിറകടുപ്പുകൾ എന്നിവ ഉപയോഗിച്ച് വിരികളിൽ ആഹാരം പാചകം ചെയ്യുകയില്ലെന്ന് ഓരോ അയ്യപ്പ ഭക്തരും സ്വയം ഉറപ്പുവരുത്തുക.
5. എൽപി ജി വാതക ചോർച്ചയുള്ള സ്ഥലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുവാൻ പാടില്ല.
6. ഭസ്മക്കുളത്തിൽ ഇറങ്ങുമ്പോൾ കൂടെയുള്ള കുട്ടികളെ വളരെയധികം ശ്രദ്ധിക്കുക.
7. ആഴിയിൽ നിന്നും നിശ്ചിത അകലം പാലിക്കുക.
8. യാത്രാമധ്യേ എന്തപകടം സംഭവിച്ചാലും അഗ്നിശമന രക്ഷാസേനയെ വിവരം അറിയിക്കുക.
സന്നിധാനത്ത് പൊലീസ് അഞ്ചാം ബാച്ച് ചുമതലയേറ്റു
സുരക്ഷയോടൊപ്പം തീർത്ഥാടകർക്ക് സുഗമ ദർശനം ഒരുക്കാൻ സജ്ജം
മകരവിളക്ക് മഹോത്സവത്തിൽ കലിയുഗവരദനെ ദർശിക്കാൻ ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുഗമായ ദർശനം ഒരുക്കുന്നതിനോടൊപ്പം സുരക്ഷയ്ക്കും കൃത്യമായ ക്രമീകരണങ്ങളുമായി സന്നിധാനത്ത് പോലീസ് അഞ്ചാംബാച്ച് ചുമതലയേറ്റു.
ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിനും പോലീസിന്റെ ഇ ഫേസ് ആണ് ചുമതലയറ്റത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർആനന്ദ് സ്പെഷൽ ഓഫീസറും ഡിവൈഎസ്പി ശ്രീകാന്ത് അസിസ്റ്റൻറ് സ്പെഷ്യൽ ഓഫീസറുമായ 1800 പോലീസുകാരുൾപ്പെട്ട ബാച്ചാണ് ചുമതല ഏറ്റെടുത്തത്. പുലർച്ചെ മൂന്നുമണി മുതൽ 11 വരെയുള്ള സമയങ്ങളിൽ വിവിധ ടേണുകളിൽ ആയിട്ടാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുക റെസ്പോൺസ് ടീം ബോംബ് സ്ക്വാഡ് ടെലി കമ്മ്യൂണിക്കേഷൻ ടീം തുടങ്ങിയ പോലീസ് വിഭാഗങ്ങളും സന്നിധാനത്ത് പ്രവർത്തിക്കുന്നു. ഡ്യൂട്ടിയിൽ പ്രവേശിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്റെ ഉദ്ഘാടനം കണ്ണൂർ മേഖല ഡി ഐ ജി തോംസൺ ജോസ് നിർവഹിച്ചു സുരക്ഷയോടൊപ്പം തീർത്ഥാടകരോടുള്ള മികച്ച പെരുമാറ്റവും വളരെപ്രധാനമാണ്. ആത്മാർത്ഥമായും അർപ്പണബോധത്തോടെയുമുള്ള പ്രവർത്തനത്തിന് മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു സന്നിധാനത്ത് എത്തുന്ന മുഴുവൻ ഭക്തർക്കും സുഗമമായ ദർശനം ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. തീർത്ഥാടകരോട് ക്ഷമയോടുകൂടി പെരുമാറണമെന്ന് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു
വിവിധ സെക്ടറിലേക്കുള്ള ഓഫീസർമാർക്കുള്ള ഡ്യൂട്ടി സംബന്ധിച്ച് സ്പെഷ്യൽ പോലീസ് ഓഫീസർ വിശദീകരിച്ചു തുടർന്ന് ഡി ഐ ജിയും എസ് ഒയും സോപാനം മുതൽ മരക്കൂട്ടം വരെ വിവിധ സെക്ടറുകൾ സന്ദർശിച്ച് ചുമതലയുള്ള പൊലീസഉദ്യോഗസ്ഥരുമായി സംസാരിച്ചു
1800 പോലീസുകാരെ സന്നിധാനത്ത് നിയോഗിച്ചു
മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുന്നതിനോട് അനുബന്ധിച്ച് സന്നിധാനത്ത് പോലീസ അഞ്ചാം ഫേസ് ആണ് ചുമതലയേറ്റത്. 1800 ൽ പരം പോലീസുകാരെയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നതെന്ന് സ്പെഷ്യൽ ഓഫീസർ ആർ. ആനന്ദ് പറഞ്ഞു എസ് ഒ , എ എസ് ഒ, 10- ഡി വൈഎസ് പി, 33 ഇൻസ്പെക്ടർമാർ, 96 എസ് ഐ എ എസ് ഐമാർ, 1424 സിവിൽ പോലീസ് ഓഫീസർ, ബി ഡി ഡി എസ് ടീംസ്, സ്പെഷ്യൽ ടെലിവിങ് ഇതിന് പുറമെ എൻ ഡി ആർ എഫ്, ആർ എ എഫ്, തുടങ്ങിയവർ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കുന്നതാണെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിയും സന്നിധാനം എസ് ഓയുമായ ആർ ആനന്ദ് അറിയിച്ചു.
ഓരോ സെക്ടറിലും എന്ത് ജോലിയാണ് ചെയ്യേണ്ടതെന്നും, എങ്ങനെ തിരക്ക് നിയന്ത്രിക്കേണ്ടതെന്നും എല്ലാ ഉദ്യോഗസ്ഥർക്കും അവരവർക്ക് നിർദ്ദേശിച്ചിട്ടുള്ള ഇടങ്ങളിൽ ഡ്യൂട്ടി എങ്ങനെ ചെയ്യണമെന്നും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഭക്തർക്ക് നല്ല രീതിയിൽ ദർശനം നടത്തുവാനുള്ള സജ്ജീകരണങ്ങൾ ഉണ്ടാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സന്നിധാനത്ത് ഭക്തർക്ക് വേണ്ടി എല്ലാവിധ ക്രൗഡ് മാനേജ്മെന്റ് സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ഉള്ള എല്ലാ സംവിധാനങ്ങളും സന്നിധാനത്ത് തയ്യാറായിരിക്കുന്നു.
ക്യു കോംപ്ലക്സിൽ നിന്നും തിരക്കിനനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തും. സാധാരണ തിരക്കാണെങ്കിൽ നേരിട്ട് കയറ്റി വിടുകയും ക്യൂ കോംപ്ലക്സിന്റെ പുറകുവശത്തൂടെ കേറ്റി വിടാതെ ഇടതുഭാഗത്ത് സ്വാഭാവിക വരികളിലൂടെ ഭക്തരെ കയറ്റി വിടുന്നതുമണ്. ആവശ്യമെങ്കിൽ ഭക്തർക്ക് ക്യൂ കോംപ്ലക്സ് വിശ്രമിക്കുകയും അവിടുന്ന് സന്നിധാനത്തേക്ക് വരുകയും ചെയ്യാം.
ഓരോ സെക്ടറുകളിലും തിരക്കിനനുസരിച്ച് ഭക്തരെ ആവശ്യമെങ്കിൽ നിയന്ത്രിച്ച് വിടുന്നതാണ്. പരമാവധി നല്ല ഏകീകരണത്തോടെ ഭക്തരെ തടയാതെ സുഗമമായ യാത്ര ഒരുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.