Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 29/11/2023)

നവകേരളസദസ് :ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി യോഗം ചേര്‍ന്നു

ഡിസംബര്‍ 16 , 17 തീയതികളില്‍ നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ടുള്ള ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫരന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. നവകേരളസദസുമായി ബന്ധപ്പെട്ടു നടത്തുന്ന എല്ലാ ഒരുക്കങ്ങളും എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഭക്ഷണസുരക്ഷിതത്വവും ഇ-ടോയ്ലെറ്റ് സൗകര്യവും ഉറപ്പ് വരുത്തും. ഉദ്യോഗസ്ഥരെല്ലാവരും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും സദസിനു മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനപരിപാടി നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
ഓരോ മണ്ഡലത്തിലെ കണ്‍വീനര്‍മാര്‍ ഒരുക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കളക്ടര്‍ നല്‍കി.

അഞ്ചു മണ്ഡലങ്ങളിലേയും സംഘാടകസമിതികള്‍ ചേര്‍ന്നു. വാര്‍ഡുതല സംഘാടകസമിതികളും വീട്ടുമുറ്റസദസുകളും നടന്നുവരികയാണ്. നവകേരളസദസുമായി ബന്ധപ്പെട്ട് അടൂര്‍, കോന്നി, റാന്നി താലൂക്കുകളിലെ പട്ടയവിതരണം ഊര്‍ജ്ജിതമായി നടക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലും എംഎല്‍എമാര്‍ നേരിട്ടെത്തി ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കി വരികയാണെന്നും യോഗം വിലയിരുത്തി.

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന്‍, ഡി വൈ എസ് പി  നന്ദകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധവകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമ:  ജില്ലാ കളക്ടര്‍

ജനാധിപത്യസംവിധാനത്തില്‍ വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമയാണെന്ന്  ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മലയാലപ്പുഴ മുസലിയാര്‍ കോളജില്‍ നടന്ന വോട്ടര്‍ രജിസ്ട്രേഷന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. മൗലികാവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണ് വോട്ടവകാശം. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് വോട്ടര്‍മാരാണ്. വിദ്യാര്‍ഥികള്‍ തെരഞ്ഞെടപ്പ് പ്രക്രിയയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം വോട്ടിംഗിലും പങ്കാളികളാകണം. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വോട്ടു ചെയ്യുന്നതിന്റെ ആവശ്യകതയും സംബന്ധിച്ചു വിദ്യാര്‍ഥികളോട് കളക്ടര്‍ സംവദിച്ചു.

സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍  (സ്വീപ്പ് 2023) ന്റെ ഭാഗമായി ഇലക്ടറല്‍ ലിറ്ററസി ക്ലബും ജില്ലാ ഇലക്ഷന്‍ വിഭാഗവും ചേര്‍ന്നാണ് വോട്ടേഴ്സ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ 18,19 വയസുള്ള വിദ്യാര്‍ഥികളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

മുസലിയാര്‍ എഡ്യുക്കേഷന്‍ ട്രെസ്റ്റ് ചെയര്‍മാന്‍ പി ഐ ഷരീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇലക്ഷന്‍വിഭാഗം ഉദ്യോഗസ്ഥന്‍ അന്‍വര്‍ സാദത്ത് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളകടര്‍ ആര്‍ രാജലക്ഷ്മി, സ്വീപ്പ് നോഡല്‍ ഓഫീസര്‍ റ്റി ബിനുരാജ്, കോളജ് പ്രിന്‍സിപ്പല്‍ എ എസ് അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഭിന്നശേഷിദിനാഘോഷം- കലാകായികമേള ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍

konnivartha.com: ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി കലാകായികമേള ‘ഉണര്‍വ് 2023’ സംഘടിപ്പിക്കും. കായികമേള ഡിസംബര്‍ ഒന്നിനും കലാമേള മൂന്നിനും രാവിലെ ഒന്‍പതു മുതല്‍ ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നടത്തും. ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലേയും കുട്ടികളും മുതിര്‍ന്നവരും പരിപാടികളില്‍ പങ്കാളികളാകും. രാവിലെ 8:30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. കായികമേള ഡിസംബര്‍ ഒന്നിനു രാവിലെ ഒന്‍പതിനു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ ഷിബു പതാക ഉയര്‍ത്തും. ജില്ലാ പഞ്ചായത്തു ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിക്കും.

ഡിസംബര്‍ മൂന്നിനു വൈകിട്ട് നാലിനു ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. കളക്ടര്‍ എ ഷിബു ദിനാചരണസന്ദേശം നല്‍കും. ജില്ലാ പഞ്ചായത്തു ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിക്കും. ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഭിന്നശേഷി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തീയതി നീട്ടി

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കു നിബന്ധനകള്‍ക്ക് വിധേയമായി (ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ) കുടിശിക ഒടുക്കുന്നതിനുളള സമയം ഡിസംബര്‍ 31 വരെ നീട്ടി. കുടിശിക ഒടുക്കാനുളള തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320158.

ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ഡിസംബര്‍ 10 വരെ രണ്ടാഴ്ച നീണ്ടുനില്ക്കുന്ന ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ വിപുലമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, വനിതാ-ശിശു വികസനവകുപ്പു നടപ്പാക്കുന്ന പദ്ധതികളെകുറിച്ച് ജില്ലാ വനിതാ ശിശു-വികസന ഓഫീസര്‍ യു അബ്ദുള്‍ ബാരിയും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 എന്ന വിഷയത്തില്‍ അഡ്വ. അശ്വതി ദാസും ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്തു കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

 

ഇ-ലേലം

konnivartha.com: പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, കൂടല്‍, റാന്നി, കോയിപ്രം പോലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 17 ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 55 വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ 11 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ- ലേലം നടത്തും. ഫോണ്‍ : 0468 2222630

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്സ്

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വാസ്തുശാസ്ത്രത്തില്‍  നാലുമാസഹ്രസ്വകാലസര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിച്ചു. യോഗ്യത : ഐടിഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍ക്കിടെക്ച്വറല്‍ അസിസ്റ്റന്‍സ്ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ച്വര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ്. ആകെസീറ്റ് – 30, പ്രായപരിധിയില്ല.

അപേക്ഷ ഫീസ് – 200രൂപ. അപേക്ഷകള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം ,ആറന്മുള, പത്തനംതിട്ട ജില്ല – 689533 എന്ന മേല്‍ വിലാസത്തില്‍ ഡിസംബര്‍ 23 നു മുന്‍പായി ലഭിക്കണം. www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും അപേക്ഷകള്‍ നല്‍കാം. ഫോണ്‍ : 0468 2319740 , 9947739442.

തടി മേഖലയിലെ ചുമട്ടു കൂലി പുതുക്കി നിശ്ചയിച്ചു

konnivartha.com: പത്തനംതിട്ട ജില്ലയിലെ ടിംബര്‍ മേഖലയിലെ ചുമട്ടു തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ തടി, വിറക് മുതലായവയുടെ (ഫോറസ്റ്റ് മേഖലയും കോല്‍ത്തടിയും ഒഴിച്ച്) കയറ്റിറക്ക് കൂലിയാണ് ജില്ലാ ലേബര്‍ ഓഫീസര്‍ സനല്‍ എ. സലാമിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ പുതുക്കി നിശ്ചയിച്ചത്. തൊഴിലുമട പ്രതിനിധികള്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

konnivartha.com: പുതിയ നിരക്ക് ചുവടെ ( ഒരു ടണ്ണിന്റ് നിരക്ക്, കെട്ടുകാശ് എന്ന ക്രമത്തില്‍)
റബ്ബര്‍ സെലക്ഷന്‍ 905 രൂപ, 25 രൂപ.
റബ്ബര്‍ വിറക് 550 രൂപ, 20 രൂപ.
ലോക്കല്‍ 750 രൂപ, 20 രൂപ.
കട്ടന്‍സ് നീളം 4 1/4 വരെ 900 രൂപ, 50 രൂപ.
പാഴ് വിറക് / പുളി വിറക് 500 രൂപ, 25 രൂപ.
അല്ബീസിയ (ക്യുബിക് അടി)40 രൂപ, കെട്ടുകാശ് 5 രൂപ.
മൂന്നു മീറ്ററില്‍ താഴെയുളള കട്ടിത്തടി (തേക്ക്, ഈട്ടി, ആഞ്ഞിലി, പ്ലാവ്, മരുതി, മഹാഗണി) (ക്യുബിക്ക് അടി) 60 രൂപ, കെട്ടുകാശ് 5 രൂപ.
01/12/2023 തീയതി മുതല്‍ 30/11/2025 തീയതി വരെ പുതിയ നിരക്കിന് പ്രാബല്യം ഉണ്ടാകും.

 

പരിശീലനം സംഘടിപ്പിച്ചു

ഏകാരോഗ്യപദ്ധതിയുടെ പരിശീലകര്‍ക്കായുള്ള പരിശീലനപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി നിര്‍വഹിച്ചു. ജില്ലയില്‍ 52521 ആരോഗ്യവാളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തിന് മുന്നോടിയായിട്ടാണ് പരിശീലകര്‍ക്കായുള്ള പരിശീലനം നടത്തിയത്.

ജില്ലാ സര്‍വെയിലന്‍സ് ഓഫീസര്‍ ഡോ. സി എസ് നന്ദിനി, ലോകബാങ്ക് പ്രതിനിധി സതീഷ്, കില ഫാക്കല്‍റ്റി അംഗങ്ങളായ സി പി സുരേഷ് കുമാര്‍, ദിനേശ്, സിബി അഗസ്റ്റിന്‍, ആര്‍ദ്രം നോഡല്‍ ആഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊതുജനാരോഗ്യവിഭാഗം ജീവനക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പിആര്‍ഒമാര്‍, ഏകാരോഗ്യം പദ്ധതിയുടെ ജില്ലാതല മെന്റര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പുതിയ കാലത്തെ ആരോഗ്യ- ആരോഗ്യഅനുബന്ധ വിഷയങ്ങള്‍ കേവലം മനുഷ്യരുടെ ആരോഗ്യവിഷയങ്ങളെ പരിഹരിച്ചുകൊണ്ടു മാത്രം മുന്നോട്ടു പോകാന്‍ സാധിക്കുകയില്ലെന്നും മനുഷ്യന്‍, പക്ഷിമൃഗാദികള്‍, പരിസ്ഥിതി എന്നിവയുടെ ആരോഗ്യവും, ആരോഗ്യാനുബന്ധവിഷയങ്ങളും പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും മനസിലാക്കി ഏകാരോഗപദ്ധതിയില്‍ ഒരു ബഹുജനമുന്നേറ്റം നടത്തുന്നതിനായയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

മത്സ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ് തദേശീയ ഇനം അലങ്കാരമത്സ്യകുഞ്ഞുങ്ങളെ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ വിതരണം ചെയ്യും. മത്സ്യകുഞ്ഞുങ്ങള്‍ക്കു സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 9847485030, 0468 2214589.

ക്ഷേമനിധിഅംഗത്വത്തിന് അപേക്ഷിക്കാം

മദ്രസാധ്യാപകക്ഷേമനിധി ബോര്‍ഡ് ഓണ്‍ലൈന്‍ അംഗത്വക്യാമ്പയിനില്‍ 18 നും 55 നും ഇടയില്‍ പ്രായമുളള മദ്രസാധ്യാപകര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വത്തിന് അപേക്ഷിക്കാം. പ്രതിമാസം 100 രൂപ കൃത്യമായി അംശദായം അടച്ച് അംഗത്വത്തില്‍ തുടരുന്ന അധ്യാപകര്‍ക്കു വിവിധ ക്ഷേമനിധി ആനുകൂല്യങ്ങളും 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ അംഗത്വകാലാവധിക്കനുസരിച്ച് പ്രതിമാസപെന്‍ഷനും ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷക്കായി www.kmtboard.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0495 2966577.

യോഗം ചേരും

മാലിന്യമുക്തം നവകേരളം ജില്ലാഏകോപനസമിതി ക്യാമ്പയിന്‍ സെക്രട്ടറിയേറ്റന്റെയും ഏകോപനസമിതിയുടേയും സംയുക്തയോഗം ഡിസംബര്‍ ഒന്നിന് രാവിലെ 10.30 നു തദ്ദേശസ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ചേരും. ഫോണ്‍ : 0468 2222561.