
പുതുപ്പള്ളിക്കാരുടെ മനസ്സ് ആരുടെ ഒപ്പം എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം . ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം . സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മേഖലയുടെ വിധി എഴുത്ത് കൂടിയാണ് ഈ ഉപ തിരഞ്ഞെടുപ്പ് . വിജയപ്രതീക്ഷയിലാണ് മുന്നണികള്‍ .
രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. കോട്ടയം ബസേലിയസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും.അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന കിട്ടും.
14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ. തുടർന്ന് 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 13 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും.അവസാന കണക്കുകളനുസരിച്ച് 72.86 ശതമാനമാണ് മണ്ഡലത്തിലെ പോളിംഗ്. തപാൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. ഉപതെരഞ്ഞെടുപ്പിൽ 1,28,535 പേരാണ് വോട്ട് ചെയ്തത്. ഏഴു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മൻ, എൽഡിഎഫിന്റെ ജെയ്ക് സി തോമസ്, ബിജെപിയുടെ ലിജിൻ ലാൽ എന്നിവർ തമ്മിലാണ് പ്രധാന മത്സരം.