Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 07/08/2023)

അതിഥി തൊഴിലാളി രജിസ്ട്രേഷന്‍
ജില്ലയില്‍ താമസിച്ച് ജോലി ചെയ്യുന്ന അതിഥിതൊഴിലാളികളുടെ വിവരങ്ങള്‍ അതിഥി പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തണം.  അതിഥി തൊഴിലാളികളെ തൊഴില്‍ ചെയ്യിക്കുന്ന തൊഴില്‍ ഉടമകള്‍, കരാറുകാര്‍ സ്ഥാപനങ്ങള്‍, തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ athidhi.lc.keralagov.in  എന്ന പോര്‍ട്ടലിലൂടെ അതിഥി തൊഴിലാളി രജിസ്ട്രേഷന്‍ നടത്തണം.

ജില്ലയല്‍ പത്തനംതിട്ട (0468 2223074 / 8547655373) തിരുവല്ല (0469 2700035 /8547655375), അടൂര്‍ (04734 225854 / 8547655377) റാന്നി (04735 223141 / 8547655374), മല്ലപ്പള്ളി (0469 2847910 / 8547655376) എന്നീ അസിസ്റ്റന്റ്  ലേബര്‍ ഓഫീസുകളിലും, ജില്ലാ ലേബര്‍ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അതിഥിതൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ (0468 2993411 / 9779516073) എന്നിവിടങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468 2222234.

റവന്യൂ റിക്കവറി അദാലത്ത്
പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ നിന്നും  വിവിധയിനം വായ്പകള്‍ എടുത്ത് കുടിശികയാവുകയും റവന്യൂ റിക്കവറി നടപടികളായതുമായ ഗുണഭോക്താക്കള്‍ക്ക് കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് പലിശയിളവോടുകൂടി ഒറ്റതവണ തീര്‍പ്പാക്കല്‍ നടത്തുന്നു. നാല് ശതമാനം റവന്യൂ കളക്ഷന്‍ ചാര്‍ജും ഇളവ് ചെയ്യും. അടൂര്‍ താലൂക്ക് കാര്യാലയത്തില്‍ ആഗസ്റ്റ് 16 ന് രാവിലെ 11 ന് റവന്യൂ റിക്കവറി അദാലത്ത് നടത്തും.  ഫോണ്‍: 04734 253381, 9400068503, 9847035868.


ആരോഗ്യ നിയമ ബോധവല്‍ക്കരണ സെമിനാറും പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു

ജില്ലാതല ഐ സി ഡി എസ്  സെല്‍ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണവുമായി ബന്ധപ്പെട്ട്  മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി
ആരോഗ്യ നിയമ ബോധവല്‍ക്കരണ സെമിനാറും പോഷകാഹാര പ്രദര്‍ശനവും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ വച്ച്  സംഘടിപ്പിച്ചു.

ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സൂസന്‍ മാത്യു പെരിനേറ്റല്‍ സംബന്ധിച്ച്  ക്ലാസ് നയിച്ചു. പീഡിയാട്രിക് വിഭാഗം സീനിയര്‍ റെസിഡന്റ്‌സ് ഡോ. ജുവല്‍ മരിയ ജോര്‍ജ് മുലയൂട്ടലിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ജൂനിയര്‍ റെസിഡന്റ്‌സ് ഡോ. പ്രീത ജാക്‌സണ്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആയുള്ള വിവിധ പദ്ധതികളെ കുറിച്ചും ജില്ല പ്രോഗ്രാം ഓഫീസര്‍ അനിത ദീപ്തി മറ്റേണിറ്റി ബെനഫിറ്റ് ആക്ട് എന്നിവയെ പറ്റിയും വിശദീകരിച്ചു.

അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന അമൃതം അംഗന പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന പോഷക സമൃദ്ധമായ ഭക്ഷണ പ്രദര്‍ശനവും നടത്തി.
പത്തനംതിട്ട ജില്ല ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ അനിത ദീപ്തി, പുളിക്കീഴ് ഐസിഡിഎസിലെ സിഡിപിഒ ഡോ. പ്രീതാകുമാരി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ഡോ. സിനു ഐ പോള്‍,  സന്ധ്യ, ഡോ.എം.യു രഞ്ജിനി, സിന്ധു ജിങ്ക ചാക്കോ,  സ്വപ്ന ചന്ദ്രന്‍, എസ് ബി ചിത്ര, സ്‌കൂള്‍ കൗണ്‍സിലര്‍മാരായ രമ്യ കെ പിള്ള, അഡ്വ. തെരേസ തോമസ്,  ഡാലിയ റോബിന്‍,  വീണ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംരംഭകത്വ അവബോധ ക്ലാസ്

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ കുളനട പഞ്ചായത്ത് പരിധിയിലുള്ള സംരംഭകര്‍ക്കും, പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഓഗസ്റ്റ് 11ന് രാവിലെ 10 ന് കുളനട ഗ്രാമപഞ്ചായത്ത് ഹാളില്‍  സംരംഭകത്വ അവബോധ ക്ലാസ് നടത്തുന്നു. പ്രവാസികള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍, യുവാക്കള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം.ബാങ്ക് വായ്പ ലഭിക്കാനുള്ള നടപടികള്‍, ഉദ്യം രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ സബ്‌സിഡിക്കുള്ള മാര്‍ഗങ്ങള്‍, ലൈസന്‍സ്, എന്‍. ഓ. സി. കിട്ടുന്നതിനുള്ള നടപടി എന്നിവ വിശദീകരിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉദ്യം രജിസ്‌ട്രേഷന്‍ സൗജന്യമായി എടുത്തു നല്‍കും.ഫോണ്‍:9207873619

ജാഗ്രത സമിതി പരിശീലനം
ജില്ലാ പഞ്ചായത്ത്, വനിതാ ശിശു വികസന ആഫീസ് ,കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്, കോയിപ്രം ഐ സിഡിഎസ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ജാഗ്രത പരിശീലനം,പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി ചെയര്‍മാന്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. കോയിപ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുജാത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുള്‍ബാരി പദ്ധതി വിശദീകരണം നടത്തി.

 

ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം  രമാദേവി, ജില്ലാ ട്രാന്‍ഡ് ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളും ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകളുമായ നക്ഷത്ര.വി.കുറുപ്പ്, നിരുപമ നിരഞ്ജന്‍ എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ നയിച്ചു. ജില്ലാ ജാഗ്രത സമിതി ചെയര്‍പേഴ്‌സണ്‍ സാറാ തോമസ്,സിഡിപിഓ  ടി. ആര്‍ ലത കുമാരി ടി എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി. പി.എബ്രഹാം, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ്.ബിനോയ്  പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാര്‍,കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെനി രാജു പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി,എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്  കമ്മറ്റി ചെയര്‍മാന്‍ സാജന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ആഗസ്റ്റ് 10 ന് ഉച്ചക്ക് ശേഷം 2.30 ന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

 

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കണം ; താലൂക്ക് വികസന സമിതി
അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിലെ മണ്ണ് നീക്കം ചെയ്യുക, പത്തനംതിട്ട വില്ലേജിലെ റീസര്‍വെയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുക, പത്തനംതിട്ട ടൗണില്‍ ഫുട്പാത്തിലേക്ക് ഇറക്കി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യുക, 2018 ലെ പ്രളയത്തില്‍ ആറന്മുളയില്‍ നിന്നും ലഭ്യമായ പുരാവസ്തുക്കള്‍ മ്യൂസിയം നിര്‍മിച്ച് സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളില്‍ നടപടി എടുക്കണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
പത്തനംതിട്ട മുന്‍സിഫ് ഹാളില്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ജയ്ദീപ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജെ.അജിത്ത് കുമാര്‍, ബി.സുധ, ആന്റോ ആന്റണി എം.പി യുടെ പ്രതിനിധി അജിത്ത് മണ്ണില്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയിഫിലിപ്പ്, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുമാര്‍,  കേരള കോണ്‍ഗ്രസ് പ്രതിനിധി ജോണ്‍പോള്‍, യുഡിഎഫ് ആറന്മുള മണ്ഡലം പ്രസിഡന്റ് ജോണ്‍സണ്‍ കൂടപ്പുരയില്‍,  എന്‍സിപി പ്രതിനിധി മുഹമ്മദ് സാലി,  കേരള കോണ്‍ഗ്രസ് എം പ്രതിനിധി മാത്യൂ മരോട്ടിമൂട്ടില്‍,  കോണ്‍ഗ്രസ് എസ് പ്രതിനിധി മാത്യു ജി ഡാനിയേല്‍,  വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കേന്ദ്ര  സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ്  ഡിവിഷന്‍ ഈ മാസം (ആഗസ്റ്റ്) ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/ എസ്എസ്എല്‍സി  യോഗ്യതയുള്ള വനിതകളില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

ശാരീരിക പുനരളവെടുപ്പ്
പത്തനംതിട്ട ജില്ലയിലെ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നം. 405/2021) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാതെ അപ്പീല്‍ നല്‍കി പ്രായോഗിക പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി ശാരീരിക പുനരളവെടുപ്പ് തിരുവനന്തപുരത്ത് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ ഈ മാസം (ആഗസ്റ്റ്) 10 ന് നടത്തും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍. 0468 2222665.

അനുമോദിച്ചു
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പെട്ട പഞ്ചായത്തുകളില്‍ ഡിഗ്രി മുതല്‍ പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ വിവിധ സര്‍വകലാശാലകളില്‍നിന്നു ഉന്നതവിജയം നേടിയ റാങ്ക് ജേതാക്കളെയും കീഴ്‌വായ്പൂര് പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്ന് പഠിച്ച് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിമി ലിറ്റി കൈപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സിന്ധു സുബാഷ്, ബാബു കൂടത്തില്‍, ലൈല അലക്‌സാണ്ടര്‍, ആനി രാജു, അമ്പിളി പ്രസാദ്, ജ്ഞാനമണി മോഹന്‍, ജോസഫ് ജോണ്‍, സെക്രട്ടറി ലക്ഷ്മി ദാസ്, പ്രീതി നമ്പ്യാര്‍, ഡോ. സൂര്യ സുജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും
പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ജില്ലാ ജാഗ്രതാ സമിതി തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്ലോക്ക്തല പരിശീലന പരിപാടി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും നടത്തുമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.ജില്ലാ ജാഗ്രതാസമിതിയില്‍  അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്ത് ജാഗ്രതാസമിതിയിലേയും,വാര്‍ഡ് ജാഗ്രതാസമിതിയിലേയും അംഗങ്ങള്‍ ജാഗ്രതാ സമിതികളുടെ ശാക്തീകരണം ഉറപ്പ് വരുത്തുക എന്നതാണ് ബ്ലോക്ക് തല പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം.

പഞ്ചായത്ത് തല ജാഗ്രതാസമിതി അംഗങ്ങള്‍, വാര്‍ഡ്തല ജാഗ്രതാ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം. വാര്‍ഡ് മെമ്പര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, എ ഡി എസ് ചെയര്‍പേര്‍സണ്‍മാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍, സി ഡി എസ് ചെയര്‍പേര്‍സണ്‍മാര്‍, ജന പ്രതിനിധികള്‍ , മറ്റു ജാഗ്രതാസമിതി അംഗങ്ങള്‍ എന്നിവര്‍ക്ക് ജാഗ്രതാസമിതിയുടെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ സമഗ്രമായ അവബോധം നല്കുക എന്നതാണ് ഈ ഏകദിന പരിശീലന പരിപാടിയുടെ മുഖ്യ ലക്ഷ്യം.

ജില്ലാ ജാഗ്രതാസമിതി  അംഗവും, കിലയുടെ റിസോഴ്സ്  പേര്‍സണുമായ രമാദേവി ജാഗ്രതാ സമിതിയിലെ ജെന്‍ഡര്‍ ഇടപെടലുകള്‍ എന്ന വിഷയത്തിലും,ജില്ലാ സാമൂഹ്യ നീതി ബോര്‍ഡ് മെമ്പര്‍മാരും, ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളുമായിട്ടുള്ള  നിരുപമ നിരഞ്ജന്‍ ,നക്ഷത്ര എന്നിവര്‍ ജാഗ്രതാസമിതിയും ട്രാന്‍സ് സ്ത്രീകളും എന്ന വിഷയത്തിലും ക്ലാസുകള്‍ നയിക്കും.

error: Content is protected !!