പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 05/08/2023)

മുലയൂട്ടല്‍ വാരാചരണ ബോധവല്‍ക്കരണവും  പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഐസിഡിഎസ്  സെല്ലിന്റെ നേതൃത്വത്തില്‍ പുളിക്കീഴ് ഐസിഡിഎസിന്റെ മുലയൂട്ടല്‍ വാരാചരണ ബോധവല്‍ക്കരണവും പോഷകാഹാര പ്രദര്‍ശനവും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നടന്നു. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഡയറ്റീഷ്യന്‍  സിജു സിനു മുലയൂട്ടലിന്റെ പ്രാധാന്യം, പോഷകാഹാരം എന്നിവയെ കുറിച്ച് വിശദീകരിച്ചു. അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന അമൃതം അംഗന പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന പോഷക സമൃദ്ധമായ ഭക്ഷണ പ്രദര്‍ശനവും നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ  സന്ധ്യ, ഡോ.എം.യു രഞ്ജിനി, സ്വപ്ന ചന്ദ്രന്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാരായ രമ്യ കെ പിള്ള, അഡ്വ. തെരേസ തോമസ്, ഡാലിയ റോബിന്‍, വീണ വിജയന്‍, റോണി  രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

പാറ ലേലം
റാന്നി താലൂക്കില്‍ ചെറുകോല്‍ വില്ലേജില്‍ ബ്ലോക്ക് നാലില്‍ സര്‍വേ നം. 211/3 ല്‍പെട്ട 8 ആര്‍ സ്ഥലത്ത് പുതിയ വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നതിനായി  സ്ഥലത്ത് പൊട്ടിച്ച് സൂക്ഷിച്ചിരിക്കുന്ന 117 ക്യുബിക് മീറ്റര്‍ (292.5 മെട്രിക് ടണ്‍) പാറ ലേലം ചെയ്ത് വില്‍ക്കും. ആഗസ്റ്റ് 10 ന് രാവിലെ 11 ന് റാന്നി തഹസില്‍ദാരോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ചെറുകോല്‍ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും.

തൊഴിലുറപ്പ് പദ്ധതിയിലൂടെ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം: ആന്റോ ആന്റണി എംപി
തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വികസന പദ്ധതികള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി (ദിഷാ) യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംപി.

സാധാരണക്കാരെ കൂടുതലായി പങ്കെടുപ്പിക്കുന്ന തരത്തില്‍ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണം. തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ആസ്തി നിര്‍മാണത്തിനും വികസനത്തിനും ഉതകുന്ന തരത്തില്‍ തൊഴിലവസരങ്ങള്‍ വൈവിധ്യവത്കരിച്ച് നടപ്പാക്കണം. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ അതത് പഞ്ചായത്തുകളില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. വിനോദസഞ്ചാരികളും തീര്‍ഥാടകരും ഏറെ എത്തുന്ന ജില്ലയില്‍, ടേക് എ ബ്രേക്ക് സംരംഭങ്ങള്‍ പരാമവധി സ്ഥലങ്ങളില്‍ സജ്ജമാക്കേണ്ടത് അനിവാര്യമാണെന്നും എംപി പറഞ്ഞു. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമസ്വരാജില്‍ അധിഷ്ഠിതമായ മാതൃകാ ഗ്രാമപഞ്ചായത്തുകളായി മാറ്റുന്നതിന് കോന്നി, നിരണം ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്തു.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷനുമായി ചേര്‍ന്ന് കമ്മ്യുണിറ്റി കമ്പോസ്റ്റ് പിറ്റ് നിര്‍മാണം പോലെയുള്ള പ്രവര്‍ത്തികള്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി ചെയ്യണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അത് ഉറപ്പു വരുത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു.യോഗത്തില്‍ തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദീന്‍, പത്തനംതിട്ട ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ കെ.ജി ബാബു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു
സര്‍ക്കാര്‍ ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളുടെ  റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് ഐ.ടി.ഐ നോട്ടീസ് ബോര്‍ഡിലും ജാലകം പോര്‍ട്ടലിലും ലഭിക്കും. ഒന്നു മുതല്‍ 64 വരെയുളള  അപേക്ഷകര്‍ ആഗസ്റ്റ് ഏഴിന്  രാവിലെ 10 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്,ടി.സി, രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ഫീസ് കൂടാതെ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ആയത് തെളിയിക്കുന്നതിന്റെ രേഖകള്‍  എന്നിവയുമായി  രക്ഷകര്‍ത്താവിനോടൊപ്പം ഇലവുംതിട്ട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന  സര്‍ക്കാര്‍ വനിത ഐടിഐ യില്‍ എത്തിച്ചേരണം.
ഫോണ്‍ : 0468-2259952, 8281217506, 9995686848.

മസ്റ്ററിംഗ്
2022 ഡിസംബര്‍ 31 വരെ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്ററിംഗിനായി അനുവദിച്ച സമയം ആഗസ്റ്റ് 31 വരെ നീട്ടി. പെന്‍ഷന്‍ ലഭിക്കുന്നതിനായി മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ ആഗസ്റ്റ് 31 ന് അകം  തന്നെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കി ആയതിന്റെ പകര്‍പ്പ് ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468-2320158


റീല്‍സ് മത്സരം

യൂത്ത്ഫെസ്റ്റ് 2023 – കോളേജ് വിദ്യാര്‍ഥികള്‍ക്കായി റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ എയ്ഡ്സ് / എച്ച്.ഐ.വി ബോധവല്‍ക്കരണത്തിനായി കേരളസ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. 17 മുതല്‍ 25 വയസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഐടിഐ, പോളിടെക്നിക്, ആര്‍ട്സ്, സയന്‍സ്, നഴ്സിംഗ് പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ കോളേജുകള്‍ക്കും റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാം.റീല്‍സ് മത്സരവിജയികള്‍ക്ക് 1000, 750, 500 രൂപ വീതം ക്യാഷ് പ്രൈസ് നല്‍കും. റീല്‍സ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വീഡിയോകള്‍ 9496109189 എന്ന വാട്സാപ്പ് നമ്പറിലേക്ക് ആഗസ്റ്റ് 10നു മുമ്പായി അയക്കണം.
ഫോണ്‍ : 9496109189, 9497709645

ഗതാഗത നിയന്ത്രണം
അത്തിക്കയം -കക്കുടുമണ്‍-മന്ദമരുതി റോഡിലെ കലുങ്കിന്റെ നിര്‍മാണം ആഗസ്റ്റ് ഏഴ് മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ ഭാഗത്ത് പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതത്തിന് ഭാഗികമായി  നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം റാന്നി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മിഷന്‍ ഇന്ദ്രധനുഷിന് തുടക്കമായി
അഞ്ച്  വയസുവരെ പ്രായമുളള കുഞ്ഞുങ്ങള്‍ക്ക് ഏതെങ്കിലും പ്രതിരോധ കുത്തിവെയ്പ് യഥാസമയം ലഭിച്ചിട്ടില്ലങ്കില്‍ അത് ലഭ്യമാക്കുന്ന പ്രത്യേക വാക്സിനേഷന്‍ പരിപാടിയായ മിഷന്‍ ഇന്ദ്രധനുഷ് ആഗസ്റ്റ് ഏഴിന് ജില്ലയില്‍ ആരംഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ എല്‍ അനിതകുമാരി അറിയിച്ചു. ജില്ലയില്‍ അഞ്ച് വയസില്‍ താഴെപ്രായമുളള 1175 കുട്ടികള്‍ക്ക് സമ്പൂര്‍ണ വാക്സിനേഷന്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യകാരണങ്ങളാല്‍ യഥാസമയം പ്രതിരോധ വാക്സിനേഷനുകള്‍ സ്വീകരിക്കാന്‍ സാധിക്കാത്തവരാണ് ഇവര്‍. മൂന്ന് ഘട്ടങ്ങളായിട്ടാണ് മിഷന്‍ ഇന്ദ്രധനുഷ് നടപ്പാക്കുന്നത്. ആഗസ്റ്റ് 7 മുതല്‍ 12 വരെയാണ് ആദ്യഘട്ടം. ഈ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് വാക്സിനേഷന്‍ നടത്തും. രണ്ടാംഘട്ടം സെപ്തംബര്‍ 11 മുതല്‍ 16 വരേയും, മൂന്നാംഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും ആണ് ഉണ്ടാകുക. ഗര്‍ഭമുണ്ടെന്ന് അറിഞ്ഞയുടനും ഒരു മാസത്തിനു ശേഷവും ഗര്‍ഭിണികള്‍ക്ക് ടൈറ്റനസ് ഡിഫ്തീരിയ വാക്സിന്‍ എടുക്കേണ്ടതാണ്. ഈ വാക്സിന്‍ യഥാസമയം എടുക്കാത്ത ഗര്‍ഭിണികളേയും മിഷന്‍ ഇന്ദ്രധനുഷില്‍ ഉള്‍പ്പെടുത്തി വാക്സിന്‍ നല്‍കും.