മിഷന്‍ ഇന്ദ്രധനുഷ് കാമ്പയിന്‍ വിജയകരമാക്കണം: ജില്ലാ കളക്ടര്‍

 

കുട്ടികള്‍ക്ക് ആരോഗ്യപൂര്‍വമായ ബാല്യകാലം ലഭിക്കുന്നതിന് മിഷന്‍ ഇന്ദ്രധനുഷ് കാമ്പയിന്‍ വിജയകരമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

അഞ്ചു വയസുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ദൗത്യത്തിന് സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണ്. കുട്ടികള്‍ക്ക് പ്രതിരോധകുത്തിവയ്പ്പുകള്‍ നല്‍കേണ്ട പ്രായത്തിലും കൃത്യസമയത്തും എടുക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു. മിഷന്‍ ഇന്ദ്രധനുഷ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൃത്യമായ അവബോധം നല്‍കുന്നതിനും ജില്ലയില്‍ മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കുന്നതിനും എല്ലാ വകുപ്പുകളും കൃത്യമായ ഇടപെടല്‍ നടത്തണമെന്ന് ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദേശിച്ചു.

അഞ്ചു വയസുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും രോഗ പ്രതിരോധ പ്രവര്‍ത്തനം ശാക്തീകരിക്കുന്നതിനാണ് മിഷന്‍ ഇന്ദ്രധനുഷ് ആരംഭിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന കാമ്പയിനിലൂടെ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാം. ആദ്യഘട്ടം ഓഗസ്റ്റ് ഏഴു മുതല്‍ 12 വരെയും രണ്ടാംഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്‍പതു മുതല്‍ 14 വരെയും നടക്കും.

മുന്‍കാലങ്ങളില്‍ ഭാഗികമായി കുത്തിവയ്പ്പ് എടുത്തവര്‍ക്കും ഇതുവരെയും എടുക്കാന്‍ കഴിയാത്തവര്‍ക്കും ഈ മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രായനുസൃതമായി പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളെയും എം ആര്‍ 1, 2 (മീസില്‍സ്, റുബെല്ലാ ) വാക്സിന്‍ ഡോസുകള്‍, ഡിപിറ്റി, ഒപിറ്റി ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തിട്ടില്ലാത്ത രണ്ട് മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്കും വാക്സിന്‍ സ്വീകരിച്ചിട്ടില്ലാത്തതോ ഭാഗികമായി സ്വീകരിച്ചിട്ടുള്ള ഗര്‍ഭിണികള്‍, 2018 ഓഗസ്റ്റ് ആറിനോ അതിന് ശേഷമോ ജനിച്ചിട്ടുള്ള ഒന്നോ അതിലധികമോ പ്രതിരോധകുത്തിവയ്പ് സ്വീകരിച്ചിട്ടില്ലാത്ത കുട്ടികളെയും ഉദ്ദേശിച്ചാണ് കാമ്പയിന്‍ നടത്തുന്നത്. വിവരശേഖരണം, ബോധവത്കരണം, ആശാപ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തിയുള്ള സര്‍വെ, പ്രതിരോധ കുത്തിവയ്പിന് ശേഷം യുവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയവയിലൂടെയാണ് കുട്ടികളുടെ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാകുന്നത്.

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍ അനിതകുമാരി, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.കെ. ശ്യാം കുമാര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!