Trending Now

തിരുവനന്തപുരം, ആലപ്പുഴ നഴ്സിംഗ് കോളേജുകളിൽ പുതിയ പിജി നഴ്സിംഗ് കോഴ്സിന് അനുമതി

 

2023-24 അധ്യയന വർഷം മുതൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സർക്കാർ നഴ്സിംഗ് കോളേജുകളിൽ പുതിയ പിജി കോഴ്സുകൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്സിംഗ് കോഴ്സ് ആരംഭിക്കാനാണ് അനുമതി നൽകിയത്. ഓരോ നഴ്സിംഗ് കോളേജിനും 8 വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്സിംഗ് കോഴ്സ്. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് രണ്ട് നഴ്സിംഗ് കോളേജുകളിൽ ഈ കോഴ്സ് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 9 സർക്കാർ നഴ്സിങ് കോളേജുകളിൽ കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ മൂന്ന് കോളേജുകളിൽ മാത്രമാണ് എം.എസ്.സി മെന്റൽ ഹെൽത്ത് നഴ്സിംഗ് കോഴ്സ് നടത്തപ്പെടുന്നത്. ഈ മൂന്ന് കോളേജുകളിലുമായി മൊത്തം 15 വിദ്യാർഥികളുടെ വാർഷിക പ്രവേശന ശേഷി മാത്രമാണുള്ളത്. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് അനുയോജ്യമായ മാനസികാരോഗ്യ പരിപാലന സേവനങ്ങൾ നൽകുന്നതിന് കൂടുതൽ മാനസികാരോഗ്യ സംരക്ഷണ വിദഗ്ധരെ സൃഷ്ടിക്കേണ്ടതുണ്ട്. അതിനാൽ ഈ മേഖലയിൽ പുതിയ കോഴ്സുകൾ തുടങ്ങേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം, ആലപ്പുഴ നഴ്സിംഗ് കോളേജുകളിൽ കൂടി ഈ കോഴ്സ് ആരംഭിക്കുന്നത്.

നഴ്സിംഗ് മേഖലയുടെ പുരോഗതിയ്ക്കായി ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇവിടേയും വിദേശത്തും ഒരുപോലെ തൊഴിലവസരം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളിൽ കേരളത്തിലെ നഴ്സുമാർക്ക് വലിയ അവസരമാണ് ഒരുങ്ങുന്നത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ള സംഘം വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തി ചർച്ചകൾ നടത്തിയിരുന്നു. ആവശ്യകത മുന്നിൽ കണ്ട് വിദേശത്തും സംസ്ഥാനത്തുമായി ആശുപത്രികളിലായി കൂടുതൽ നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം മാത്രം സർക്കാർ മേഖലയിൽ 212 നഴ്സിംഗ് സീറ്റുകളാണ് വർധിപ്പിച്ചത്. ഈ വർഷവും പരമാവധി സീറ്റ് വർധിപ്പിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമെടുത്തിട്ടുണ്ട്.

സർക്കാർ തലത്തിലും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റിന് കീഴിലും കൂടുതൽ നഴ്സിംഗ് കോളേജുകൾ പുതുതായി ആരംഭിക്കാൻ തത്വത്തിൽ അംഗീകാരം നൽകി. ഇതോടൊപ്പം നിലവിലെ നഴ്സിംഗ് സ്‌കൂളുകളിലും കോളേജുകളിലും സൗകര്യമൊരുക്കി സീറ്റ് വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.