konnivartha.com: ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തുടക്കമായി. 72 ദിവസം നീണ്ടുനില്‍ക്കുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങള്‍ പങ്കെടുത്തു. വഞ്ചിപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ക്ഷേത്രവും പരിസരവും മുഴങ്ങി നിന്നപ്പോള്‍ എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ഭദ്രദീപം തെളിയിച്ച് വള്ളസദ്യ ഉദ്ഘാടനം നിര്‍വഹിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ദഗോപന്‍, അന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പി എസ് സി മെമ്പര്‍ അഡ്വ. ജയചന്ദ്രന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ്് ഉഷാകുമാരി, പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനില, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിജി ചെറിയാന്‍, മല്ലപ്പുഴശേരി പഞ്ചായത്ത് മെമ്പര്‍മാര്‍, ആറന്മുള പഞ്ചായത്ത് മെമ്പര്‍മാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ എംഎല്‍എ മാലേത്ത് സരളാ ദേവി, ഡിവൈഎസ്പി നന്ദകുമാര്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ്് കെ. എസ്. രാജന്‍, സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍ പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് വെണ്‍പാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, വള്ളസദ്യ നിര്‍വഹണ സമിതി അംഗങ്ങളായ അഡ്വ. കെ. ഹരിദാസ്, കെ. ബി. സുധീര്‍, ആറന്മുള വിഭാക് സംഘചാലക് സി.പി. മോഹനചന്ദ്രന്‍, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. പ്രകാശ്, ക്ഷേത്രം എഒ വി. ജയകുമാര്‍, വള്ളസദ്യ കണ്‍വീനര്‍ വി.കെ. ചന്ദ്രന്‍, അഷ്ടമിരോഹിണി വള്ളസദ്യ കണ്‍വീനര്‍ കെ.ജി. കര്‍ത്ത, പള്ളിയോട സേവാ സംഘം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ വള്ളസദ്യയില്‍ പങ്കെടുത്തു.
അമ്പത്തിരണ്ടു പള്ളിയോടങ്ങളിലെ തുഴച്ചില്‍കാര്‍ക്കും പള്ളിയോട പ്രതിനിധികള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ കെ.എസ്. സുനോജില്‍ നിന്നും പള്ളിയോട സേവാസംഘം പ്രസിഡന്റ്് കെ.എസ്. രാജന്‍, സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍ പിള്ള എന്നിവര്‍ ഏറ്റുവാങ്ങി. അസിസ്റ്റന്റ് മാനേജര്‍ ഡി.എല്‍. ധന്യ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രസന്നകുമാരി, ഡോ. ബി. സന്തോഷ്, അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ആറന്‍മുള ക്ഷേത്രത്തിലെ വള്ള സദ്യ
രുചിയുടെ പെരുമ കൊണ്ടും പങ്കെടുക്കുന്ന ഭക്തരുടെ ബാഹുല്യം കൊണ്ടും ഒരു പക്ഷെ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന ഭക്ഷണ മാമാങ്കമാകാം ആറന്‍മുള ക്ഷേത്രത്തിലെ വള്ള സദ്യ. വിഭവങ്ങളുടെ രുചി വൈവിധ്യം നുണയാനും ദര്‍ശനത്തിനുമായി രണ്ടു ലക്ഷത്തോളം പേര്‍, ഓണക്കാലം ഉള്‍പ്പെടുന്ന കുറഞ്ഞ കാലയളവില്‍ ആറന്‍മുള ക്ഷേത്രത്തിലെത്തുന്നു എന്നാണ് കരുതുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന നൂറ്റാണ്ടുകളായുള്ള ആചാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമാണ് ആറന്‍മുള വള്ളസദ്യ.
തിരുവോണത്തോണിയ്ക്ക് അകമ്പടിയായെത്തുന്ന പള്ളിയോടക്കാര്‍ക്കായി വഴിപാടെന്ന രീതിയിലാണ് ഓരോ ദിനവും വള്ളസദ്യ നടത്തുന്നത്. മധ്യ തിരുവിതാംകൂറിന്റെ രുചിയുടെ ഉത്സവം കൂടിയാണത്. വഴിപാട് സമര്‍പ്പിച്ചാല്‍ പള്ളിയോട കരയില്‍ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങുക. വള്ള സദ്യ വഴിപാട് നടത്തുന്ന ഭക്തന്‍ അന്നേ ദിവസം രാവിലെ ആറന്‍മുള ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതോടെ വള്ള സദ്യ ചടങ്ങുകള്‍ തുടങ്ങും. ഒരു പറ ദേവനും ഒരു പറ പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ശ്രീ കോവിലില്‍ നിന്നും പൂജിച്ച് നല്കുന്ന മാലയും വെറ്റിലയും പാക്കുമായി അതത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ ക്ഷേത്രത്തിലേക്ക് യാത്രയാക്കണം. വഞ്ചിപ്പാട്ടുകള്‍ പാടി ക്ഷേത്രത്തിലെത്തുന്ന ഈ പള്ളിയോടത്തെ അഷ്ടമംഗല്യം, താലപ്പൊലി, മുത്തുക്കുട വാദ്യമേളത്തോടെ സ്വീകരിക്കും. തുടര്‍ന്ന് വള്ളക്കാര്‍ വഞ്ചിപ്പാട്ടോടെ കൊടിമരച്ചുവട്ടില്‍ പറയിട്ട സ്ഥലത്ത് എത്തും. തുടര്‍ന്ന് മുത്തുക്കുടയും തുഴയും ദേവന് നടയ്ക്കല്‍ വയ്ക്കും. ഇതിനു ശേഷമാണ് വള്ളക്കാര്‍ക്ക് ഊട്ടുപുരയില്‍ വള്ള സദ്യ.
തുഴക്കാര്‍ വള്ളപ്പാട്ടിലൂടെ ആയിരിക്കും സദ്യയുടെ വിഭവങ്ങള്‍ വിളമ്പാന്‍ ആവശ്യപ്പെടുക. ചോദിക്കുന്ന വിഭവങ്ങളെല്ലാം, ഇല്ലായെന്ന് പറയാതെ വിളമ്പണം എന്നാണ് ചടങ്ങ്. 63 ഇനം കറികള്‍ ഉള്‍പ്പെടുന്ന വിഭവസമൃദ്ധമായ സദ്യയാണ് ആറന്‍മുള വള്ള സദ്യയില്‍ വിളമ്പുക വള്ള സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും ക്രമവും ചിട്ടകളുമുണ്ട്. തൊട്ടുകൂട്ടുന്ന കറികള്‍, കൂട്ടുകറികള്‍, ചാറുകറികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് വള്ളസദ്യയുടെ കറികള്‍, സാമ്പാറൊഴിച്ചു കഴിഞ്ഞാല്‍ പായസം വിളമ്പുന്ന രീതി ആറന്‍മുള വള്ള സദ്യയില്‍ മാത്രം ഉള്ള പതിവാണ്. പരിപ്പ്, പുളിശ്ശേരി, കാളന്‍, അവിയല്‍, ഓലന്‍, എരിശ്ശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, ഒട്ടേറെ മെഴുക്കു പുരട്ടികള്‍, തോരനുകള്‍, അച്ചാറുകള്‍ തുടങ്ങിയവയെല്ലാം 70-ഓളം വിഭവങ്ങള്‍ അടങ്ങുന്ന ഈ വള്ള സദ്യയില്‍ ഉണ്ടാകും. സദ്യയ്ക്കു ശേഷം കൊടിമരച്ചുവട്ടില്‍ പറ തളിച്ച് കരക്കാര്‍ അനുഗ്രഹിക്കുന്നതോടെ വള്ള സദ്യ ചടങ്ങുകള്‍ അവസാനിക്കും.