സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഭാഗ്യമുദ്രയും ലോഗോയും പരസ്യചിത്രങ്ങളും ധനമന്ത്രി കെ. എൻ. ബാലഗോപാൽ പ്രകാശനം ചെയ്തു. കേരള ലോട്ടറി തന്നെ നല്ലയൊരു ഭാഗ്യമുദ്രയാണെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലധികം ഭാഗ്യക്കുറി വിൽപനക്കാരുണ്ട്.
ഒരു വർഷം 7,000 കോടി രൂപ സമ്മാനമായി വിതരണം ചെയ്യുന്നു. 3,000 കോടി മുതൽ 3,500 കോടി രൂപ വരെ കമ്മീഷനായി ലഭിക്കുന്നുണ്ട്. ലോട്ടറിയുടെ മുഖവിലയ്ക്ക് ടാക്സ് എന്ന സംസ്ഥാനത്തിന്റെ ആവശ്യം ജി. എസ്. ടി കൗൺസിൽ അംഗീകരിച്ചത് നേട്ടമാണ്. കേരളം ശക്തമായ നിലപാട് എടുത്തതുകൊണ്ടാണ് അത് സാധ്യമായത്. കേരളത്തിന്റെ ലോട്ടറിയെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകാൻ സംസ്ഥാനത്തിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
കാരിക്കേച്ചറിസ്റ്റും ചിത്രകാരനുമായ രതീഷ് രവിയാണ് ഭാഗ്യമുദ്ര രൂപകൽപന ചെയ്തത്. സത്യപാൽ ശ്രീധറാണ് ലോഗോ രൂപകൽപന ചെയ്തത്. മാസ്‌ക്കറ്റിന്റെ ടർബോ രൂപം ശിൽപി ജിനനും ടുഡി അനിമേഷൻ സി ഡിറ്റിലെ സുധീർ പി. യൂസഫുമാണ് തയ്യാറാക്കിയത്. ലോട്ടറി വകുപ്പിനായി രണ്ടു പരസ്യ ചിത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ സുബൈർ, ജോയിന്റ് ഡയറക്ടർമാരായ മനോജ്, മായാപിള്ള, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.