യുവജനങ്ങളുടെ നൈപുണ്യവികസനത്തിന് ഏറ്റവും മികച്ച പരിശീലകര്‍ ഉണ്ടാകണമെന്ന്
സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍ പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ (കെയ്സ്) നേതൃത്വത്തില്‍ നടക്കുന്ന നൈപുണ്യ പരിശീലകരുടെ വിവരശേഖരണത്തിന്റെ ജില്ലാതല രജിസ്ട്രേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സബ് കളക്ടര്‍.
വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള തൊഴില്‍ നൈപുണ്യം കരസ്ഥമാക്കാത്തത് ഉയര്‍ന്ന ജോലി ലഭിക്കുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും തടസമാകുന്നു. തൊഴില്‍ ശേഷി വര്‍ധിപ്പിക്കുന്നതില്‍ പരിശീലകരുടെയും ഇന്‍സ്റ്റിറ്റ്യൂട്ടുകളുടേയും കൃത്യമായ വിവരശേഖരണത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് ജില്ലയില്‍ പരിശീലകരുടെ ഡ്രൈവ് ആരംഭിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിന് യുവജനങ്ങള്‍ക്കിടയില്‍ നൈപുണ്യത്തിന്റെ ആവശ്യകത മനസിലാക്കിയാണ് ഐക്യരാഷ്ട്ര സഭ ലോകയുവജന നൈപുണ്യദിനം ആഘോഷിക്കുന്നതെന്നും സബ് കളക്ടര്‍ പറഞ്ഞു.
സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ (കെയ്സ് ) നേതൃത്വത്തിലാണ് നൈപുണ്യ പരിശീലകരുടെ വിവര ശേഖരണം നടക്കുന്നത്. വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ നിലയില്‍ ഹ്രസ്വ കാല നൈപുണ്യ പരിശീലനം നല്‍കുന്നതിന് യോഗ്യതയും പരിചയവുമുള്ള പ്രൊഫഷണലുകളുടെ അഭാവം പരിഹരിക്കുന്നതിനായാണ് ഡാറ്റാബേസ് തയാറാക്കുന്നത്.
നൈപുണ്യവും തൊഴില്‍ ശേഷിയും വര്‍ധിപ്പിക്കുന്നതിന് പ്രാപ്തമായ അധ്യാപകരെയും പരിശീലകരെയും കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ നൈപുണ്യ വികസന സമിതിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരിശീലകര്‍ക്ക് കെയ്സിന്റെ ടിഒടി അക്കാദമി വഴി പ്രത്യേക പരിശീലനം നല്‍കി അംഗീകൃത പരിശീലകര്‍ എന്ന നിലയില്‍ സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. വിവിധ മേഖലയില്‍ അംഗീകൃത പരിശീലകരുടെ ഡാറ്റാബേസ് തയ്യാറാക്കി അതില്‍ നിന്നും ഒരു ഡയറക്ടറി രൂപീകരിച്ച് സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന ഏജന്‍സികള്‍ക്ക് ലഭ്യമാക്കും. tthps://form.jotform.com/ harshakaset/ rainerregtsirationform, tthp://wwwts.atejobportal. kerala.gov.in/publicSiteJobs/ jobFairs ഉപയോഗിച്ച് പോര്‍ട്ടലിലേക്കുള്ള പ്രാഥമിക രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.
യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ അഭി ആര്‍ അരവിന്ദ് പദ്ധതി വിശദീകരിച്ചു. ചെന്നീര്‍ക്കര ഐടിഐ. പ്രിന്‍സിപ്പല്‍ ആര്‍. അജയകുമാര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ജെ.എഫ് സലിം തുടങ്ങിയവര്‍ പങ്കെടുത്തു.