Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 22/06/2023)

പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷനുകള്‍ ഈ മാസം
അവസാനം മുതല്‍ നല്‍കാനാകും: അഡ്വ. പ്രമോദ്  നാരായണ്‍ എംഎല്‍എ

കേരള വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയുടെ പരിധിയില്‍ വരുന്ന വെച്ചൂച്ചിറ പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷനുകള്‍ ഈ മാസം അവസാനം മുതല്‍ നല്‍കാനാകുമെന്ന് അഡ്വ. പ്രമോദ്  നാരായണ്‍ എംഎല്‍എ അറിയിച്ചു. വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി എന്നീ മൂന്ന് പഞ്ചായത്തുകളില്‍ ഭാഗികമായി ജലവിതരണം സാധ്യമാക്കുന്ന പദ്ധതിക്കായി  63.6188 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 33.77 കോടി രൂപയുടെ ടെന്‍ഡര്‍ ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

വെച്ചൂച്ചിറ 1600, നാറാണംമൂഴി 350, റാന്നി പഴവങ്ങാടി 2000 എന്നിങ്ങനെയാണ് ഈ പദ്ധതി വഴി ഹൗസ് കണ്‍വെന്‍ഷനുകള്‍ കൊടുക്കുന്നത്. ആകെ 3950 ഹൗസ് കണക്ഷനുകള്‍ ആണ് ഉള്ളത്. കൂടാതെ 138.20 കി.മീ ദൂരം വിതരണ പൈപ്പുകളും സ്ഥാപിക്കും. നവോദയ (2), കുന്നം, ആനമാടം, അച്ചടിപ്പാറ, ചെമ്പനോലി, ആശ്രമം എന്നിവിടങ്ങളിലായി ആറ് ടാങ്കുകളും നിര്‍മിച്ചാണ് ജലവിതരണം സുഗമമാക്കുന്നത്. 25206 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം പ്രത്യക്ഷത്തില്‍ ലഭിക്കുന്നത്.

വെച്ചൂച്ചിറ പഞ്ചായത്തിലെ മണ്ണടിശാല, കൂത്താട്ടുകുളം, വാകമുക്ക്, കുന്നം, അച്ചടിപ്പാറ, വെച്ചൂച്ചിറ ടൗണ്‍ മേഖലകളിലാണ് പദ്ധതി വഴി ജലം എത്തിക്കുന്നത്. പഴവങ്ങാടി പഞ്ചായത്തിന്റെ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളോട്  ചേരുന്ന ഭാഗങ്ങളില്‍  ഉള്‍പ്പെടെ വെച്ചുച്ചിറ – മന്ദമരുതി റോഡിന്റെ ഭാഗങ്ങളായ ഇടമണ്‍, ചേത്തക്കല്‍, കണ്ണങ്കര വരേയും നാറാണംമൂഴി പഞ്ചായത്തിന്റെ ഇടമുറി, തോമ്പിക്കണ്ടം, വലിയപതാല്‍ ഭാഗത്തും ഇവിടെ നിന്നാണ് വെള്ളം എത്തുന്നത്.

വെച്ചൂച്ചിറ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൊല്ലമുള പദ്ധതി വഴിയാണ് ജലവിതരണം നടത്തുക. അടൂര്‍ പ്രോജക്ട് ഡിവിഷന്റെ കീഴിലാണ് ഈ പദ്ധതി. അടൂര്‍ പ്രോജക്റ്റിന്റെ തന്നെ കീഴിലുള്ള പെരുനാട് – അത്തിക്കയം കുടിവെള്ള പദ്ധതി വഴിയാണ് നാറാണംമൂഴി പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ വെള്ളം എത്തിക്കുന്നത്. കൂടാതെ അടിച്ചിപ്പുഴ പദ്ധതിയില്‍ നിന്നും നാറാണംമൂഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തുന്നുണ്ട്. റാന്നി മേജര്‍ കുടിവെള്ള പദ്ധതി, അടിച്ചിപ്പുഴ കുടിവെള്ള പദ്ധതി, ഐത്തല പദ്ധതി എന്നിവിടങ്ങളില്‍ നിന്നും പഴവങ്ങാടിയുടെ മറ്റ് ഭാഗങ്ങളില്‍ കുടിവെള്ളം എത്തുന്നുണ്ട്.
റാന്നിയില്‍ കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന പഞ്ചായത്ത് ആണ് കിഴക്കന്‍ മേഖലയായ വെച്ചുച്ചിറ പഞ്ചായത്ത്. നാറാണംമൂഴിയും ഇതേ അവസ്ഥയാണ്. ഡിസംബര്‍ അവസാനത്തോടെ ഈ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളും ജലസ്രോതസുകളും എല്ലാം വറ്റി വരളും. പിന്നെ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ ശൃംഖല മാത്രമാണ് നാട്ടുകാരുടെ ഏക ആശ്രയം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.

കാവുംമുണ്ടകത്തില്‍ പടി – കോയിക്കല്‍ പടി റോഡ് നിര്‍മാണത്തിനായി
എംഎല്‍എ ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ അനുവദിച്ചു

അങ്ങാടി പഞ്ചായത്തിലെ കാവുംമുണ്ടകത്തില്‍ പടി -കോയിക്കല്‍ പടി റോഡ് നിര്‍മാണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.  അങ്ങാടി പഞ്ചായത്തിലെ 7, 8, 13 വാര്‍ഡുകള്‍ക്ക് പ്രയോജനം ചെയ്യുന്ന റോഡാണ്. റോഡിന്റെ ഇരുഭാഗവും ഉള്ള വസ്തുക്കള്‍ മണ്ണിട്ട് ഉയര്‍ത്തിയതിനെ തുടര്‍ന്ന് പേട്ട-വലിയകാവ് റോഡിലേക്ക് കയറുന്ന ഭാഗം വര്‍ഷങ്ങളായി വെള്ളക്കെട്ടായി. ഒരടിയോളം വെള്ളം ഇവിടെ കെട്ടിനിന്നതിനെ തുടര്‍ന്ന് വാഹനങ്ങളോ കാല്‍നടക്കാരോ പോലും ഇതിലെ യാത്ര ചെയ്യാതായി.

 

മൂന്നു വാര്‍ഡിലെ താമസക്കാര്‍ക്ക് ഇട്ടിയപ്പാറ ടൗണിലേക്ക്  പോകാനുള്ള ഏറ്റവും എളുപ്പവഴിയായിരുന്നു ഇത്. വെള്ളക്കെട്ടായതിനെ തുടര്‍ന്ന്  കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചായിരുന്നു ഇവര്‍ പോകുന്നത്. പഞ്ചായത്ത് ഇടപെട്ട് കുറച്ച് ഭാഗം നവീകരിച്ചെങ്കിലും ഇതുകൊണ്ട് ഒന്നുമായില്ല.  വെള്ളക്കെട്ട് ഉള്ള ഭാഗം റോഡ് മണ്ണിട്ട് ഉയര്‍ത്തി പുനരുദ്ധരിച്ചാല്‍ മാത്രമേ പൂര്‍ണമായും സഞ്ചാരയോഗ്യമാക്കാന്‍ കഴിയൂ. ഇതിനാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജിയാണ് റോഡിന്റെ ശോച്യാവസ്ഥ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

 

ജില്ലാ തല യോഗാദിനാചരണം സംഘടിപ്പിച്ചു

ഗ്രാമ പഞ്ചായത്തിന്റെയും ആയുഷ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാഘോഷ പരിപാടി കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം സി. കെ ലതാ കുമാരി ഉദ്ഘാടനം ചെയ്തു.

 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോണ്‍ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീകുമാരി രാധാകൃഷണന്‍, പ്രവീണ്‍ ഗോപി , സിന്ധു ആര്‍.സി നായര്‍, അനിതാ സജി,കെ.ആര്‍ രാജശ്രീ, ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീതരവി , അസി.സെക്രട്ടറി അനീഷ് കുമാര്‍ , ഡോ.ജീഷ കൃഷ്ണന്‍, ജിഷ്ണു പി. നായര്‍ , മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കവിയൂര്‍ ആയൂര്‍വേദ ആശുപത്രിയിലെ യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. നിധിയ ബാലന്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി.

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തിവരുന്ന കോഴ്സുകളില്‍ ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്പോണ്ടന്‍സ്‌കോഴ്സ് എന്നിവയുടെ  പുതിയ ബാച്ചിലേക്ക് അഡ്മിഷനുകള്‍ ആരംഭിച്ചു. അപേക്ഷകള്‍ നല്‍കേണ്ട അവസാനതീയതി ജൂലൈ 10. കോഴ്സുകളുടെ വിശദാംശങ്ങള്‍ ചുവടെ

ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്‌കോഴ്സ് ദൈര്‍ഘ്യം –  2 വര്‍ഷം,സീറ്റുകളുടെ എണ്ണം – 25,കോഴ്സ് ഫീസ് –  40000 + ജി.എസ്.ടി (ഒരു വര്‍ഷം- 20000+ ജി.എസ്.ടി),പ്രായപരിധി ഇല്ല,യോഗ്യത – എസ്.എസ്.എല്‍.സി.പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്പോണ്ടന്‍സി കോഴ്സ്-കോഴ്സ് ദൈര്‍ഘ്യം-ഒരു വര്‍ഷം,സീറ്റുകളുടെ എണ്ണം -300,കോഴ്സ് ഫീസ്  –   20000+18ശതമാനം ജി.എസ്.ടി,പ്രായപരിധി ഇല്ല,യോഗ്യത -അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമ
അപേക്ഷകള്‍  എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള,689533 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായും  ലഭിക്കും.ഫോണ്‍:04682319740,9847053294,9847053293,9947739442,വെബ്സൈറ്റ്- www.vasthuvidyagurukulam.com

യോഗ ദിനാചരണവും യോഗ പരിശീലനവും നടത്തി
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പരിശീലനവും നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വനിതകള്‍ക്ക് യോഗപരിശീലനം പ്രോജക്ടിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി നിര്‍വഹിച്ചു. യോഗ ഇന്‍സ്ട്രക്ടര്‍ ആര്‍. പ്രകാശ് യോഗ ദിനചര്യയാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ക്ലാസ് എടുക്കുകയും യോഗ പരിശീലനം നല്‍കുകയും ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.വി അന്നമ്മ  അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ലാലു പുന്നയ്ക്കാട്,മല്ലപ്പുഴശ്ശേരി ഡിവിഷന്‍ മെമ്പര്‍ ജിജി ചെറിയാന്‍ മാത്യു. കോഴഞ്ചേരി ഡിവിഷന്‍ മെമ്പര്‍ സാറാമ്മ ഷാജന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി രാജേഷ് കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി ടീച്ചേഴ്സ് എന്നിവര്‍ പങ്കെടുത്തു.

 

ടെന്‍ഡര്‍ ക്ഷണിച്ചു
കോയിപ്രം ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്കു പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു .അവസാന തീയതി ജൂലൈ 10. ഫോണ്‍ 0469 2997331 .

 

സ്‌കോള്‍ കേരള ഡിസിഎ പൊതുപരീക്ഷാ തീയതികളില്‍ മാറ്റം
സ്‌കോള്‍ കേരള ജൂണ്‍ 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ച് തിയറി പരീക്ഷ മാറ്റി. പുതുക്കിയ ടൈംടോബിള്‍ അനുസരിച്ച് ജൂണ്‍ 25 ന് രാവിലെ 10 മുതല്‍ 12.30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിസി-01 ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പരീക്ഷ ജൂലൈ 23 ന് രാവിലെ 10 മുതല്‍ 12.30 വരെ നടത്തും. ജൂലൈ 22,23,29,30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷകള്‍ ജൂലൈ 29,30, ആഗസ്റ്റ്  അഞ്ച്, ആറ് എന്നീ തീയതികളിലേക്ക് മാറ്റി. മറ്റ് പരീക്ഷാ തീയതികളില്‍ മാറ്റം ഇല്ല. വിദ്യാര്‍ഥികള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ജൂലൈ മൂന്നു മുതല്‍ ഹാള്‍ ടിക്കറ്റ് കൈപ്പറ്റണം. വെബ് സൈറ്റ് : www.scolekerala.org ഫോണ്‍ : 0471 2342950.

ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ  സര്‍ക്കാര്‍  പോളിടെക്നിക്  കോളജില്‍ നിലവില്‍ ഒഴിവുളള  രണ്ട്  തസ്തികകളിലേക്ക്  ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഡെമോണ്‍സ്ട്രേറ്റര്‍ (കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്) – ബന്ധപ്പെട്ട വിഷയത്തിലുളള ഡിപ്ലോമയാണ് യോഗ്യത.ട്രേഡ്സ്മാന്‍ (ഇലക്ട്രോണിക്സ്, ബയോമെഡിക്കല്‍) – ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ/ടിഎച്ച്എസ്എല്‍സിയുമാണ് യോഗ്യത.
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഡിപ്ലോമ,  ഐ.റ്റി.ഐ/ ടിഎച്ച്എസ്എല്‍സി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍  30 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടത്തപ്പെടുന്ന  ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എച്ച്എംസി മുഖേന  ആശുപത്രി വളപ്പില്‍ കോഫി വെന്റിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 28  രാവിലെ 11.30. ഫോണ്‍ : 9497713258.

സൊസൈറ്റി ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി
1955 ലെ തിരു കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ  വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായുളള ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി  2024 മാര്‍ച്ച് 31 വരെ നീട്ടി. ഈ പദ്ധതി പ്രകാരം സംഘവും ഭരണ സമിതിയിലെ ഓരോ അംഗവും പരമാവധി 600 രൂപ തോതില്‍ പിഴ അടച്ച് സംഘങ്ങള്‍ക്ക് മുടക്കം വന്ന വര്‍ഷങ്ങളിലെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) എം ഹക്കിം അറിയിച്ചു.ഫോണ്‍: 0468 2223105.

 അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള അരുവാപ്പുലം  ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ സ്ഥിരം വര്‍ക്കര്‍മാരെയും  ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നതിനായി 18 നും 46 നും  ഇടയില്‍  പ്രായമുളള അരുവാപ്പുലം   ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ  വനിതകളായ ഉദ്യോഗാര്‍ഥികളില്‍  നിന്നും  അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും,  അരുവാപ്പുലം  ഗ്രാമപഞ്ചായത്ത് ഓഫീസിലും അരുവാപ്പുലം  ഗ്രാമപഞ്ചായത്തിലെ  അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കോന്നി ശിശുവികസന പദ്ധതി ഓഫീസില്‍ നേരിട്ടോ/തപാല്‍ മാര്‍ഗമോ ശിശു വികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി  ഓഫീസ് കോന്നി, കോന്നി ബ്ലോക്ക്  പഞ്ചായത്ത്  കോമ്പൗണ്ട്, ഇളകൊളളൂര്‍ പി.ഒ.  കോന്നി, 689691. എന്ന  വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ന് വൈകുന്നേരം അഞ്ചു വരെ.   ഫോണ്‍: 9446220488, 9447331685.

എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് -പരിശോധന
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി  രൂപീകരിച്ച എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള 40  വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ നിയമലംഘനം കണ്ടെത്തിയ 12 വ്യാപാര സ്ഥാപനങ്ങളുടെ  മഹസര്‍, റിപ്പോര്‍ട്ട് എന്നിവയെ അടിസ്ഥാനമാക്കി പിടിച്ചെടുത്ത 78.735 കിലോ നിരോധിത ഉല്‍പന്നങ്ങള്‍ തുടര്‍നടപടികള്‍ക്കായി പളളിക്കല്‍ ഗ്രാമപഞ്ചായത്ത്  സെക്രട്ടറിക്ക് കൈമാറിയിട്ടുളളതായി  പത്തനംതിട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി അറിയിച്ചു.

 

ഉദ്ഘാടനം ജൂണ്‍ 26 ന്
മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം ജൂണ്‍ 26 ന് രാവിലെ 10.30 ന് മല്ലപ്പള്ളി ഈസ്റ്റ് ഹോളി ഇമ്മാനുവേല്‍ സി.എസ്.ഐ ചര്‍ച്ച് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യ അതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.  രാജന്‍ എന്‍ ഖോബ്രഗഡെ, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.മല്ലപ്പള്ളി സബ് ഡിവിഷന്‍ ഓഫീസ് പരിധിയിലുള്ള 45000 ത്തില്‍പരം ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമാണ് ഇതിലൂടെ ഗുണം ലഭിക്കുന്നത്.
യോഗ ക്ലബ് ആരംഭിച്ചു
ജീവിത ശൈലി രോഗ പ്രതിരോധത്തിന് യോഗ എന്ന ലക്ഷ്യത്തോടെ ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആദ്യ യോഗ ക്ലബ് രൂപീകരിച്ചു. നാലാം വാര്‍ഡില്‍ ആരംഭിച്ച യോഗ ക്ലബിന്റെ ഉദ്ഘാടനം ഇരവിപേരൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍  പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. ശശിധരന്‍ പിള്ള നിര്‍വഹിച്ചു.നാഷണല്‍ആയുഷ് മിഷന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ്  ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍  സംസ്ഥാനത്തുടനീളം യോഗ ക്ലബുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് യോഗക്ലബ് ആരംഭിച്ചത്. പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലും  യോഗ ക്ലബ്ബുകള്‍ രൂപീകരിക്കും.
ജീവിതശൈലിയിലുണ്ടാകുന്ന വ്യതിയാനം മൂലം വര്‍ധിക്കുന്ന പ്രമേഹം, രക്തസമ്മര്‍ദം, സ്‌ട്രോക്ക് മുതലായവയെപ്പറ്റി കൃത്യമായ അവബോധം നല്‍കല്‍, അവയെ പ്രതിരോധിക്കുന്നതിന് ഉതകുന്ന യോഗ പരിശീലനത്തോടുകൂടിയ ജീവിതശൈലി പ്രചരിപ്പിക്കുന്നതിനും ആയുഷ് യോഗ ക്ലബുകള്‍ സഹായിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍ ജയശ്രീ,  പഞ്ചായത്ത് അംഗങ്ങളായ ത്രേസ്യാമ്മ കുരുവിള, എം.എസ് മോഹന്‍, അനില്‍ബാബു, മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം)ഡോ.എസ് അഖില, മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ.രാഖി പ്രസാദ്  തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി  വിവരശേഖരണം നടത്തി ഡേറ്റ എന്‍ട്രി ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ് ), ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ഐടിഐ (സര്‍വേയര്‍) യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.  ജൂലൈ അഞ്ചിന് രാവിലെ 10.30 നാണ് അഭിമുഖം. ബന്ധപ്പെട്ട രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം.


മോണിട്ടറിംഗ് ആന്‍ഡ് ഇവാലുവേഷന്‍ ഓഫീസര്‍ നിയമനം

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പന്തളത്തെ സാന്ത്വനം സുരക്ഷാ പദ്ധതിയിലേക്ക് മോണിട്ടറിംഗ് ആന്‍ഡ് ഇവാലുവേഷന്‍ ഓഫീസറെ ആവശ്യമുണ്ട്.
യോഗ്യത – കണക്ക്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ് ഇവയില്‍ ഏതെങ്കിലും ബിരുദം. കംമ്പ്യൂട്ടര്‍ പരിജ്ഞാനം. ഫോണ്‍: 8547125390,7510100322.

യോഗാദിനാചരണവും യോഗ പരിശീലന ഉദ്ഘാടനവും
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടില്‍ ജൂണ്‍ 21 യോഗാദിനാചരണവും യോഗ പരിശീലനത്തിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജിജി സജി നിര്‍വഹിച്ചു.  പരിപാടിയില്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍  താര, കോന്നി ആയുര്‍വേദ ഹോസ്പിറ്റല്‍ ഡോക്ടര്‍  അര്‍ച്ചന , യോഗ ഇന്‍സ്ട്രക്ടര്‍   അശ്വതി , ശിശുവികസന പദ്ധതി ഓഫീസര്‍  രത്ന ബിന്ദു, കോന്നി സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഒരു മാസത്തില്‍ ഒരു ദിവസം ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആഴ്ചയില്‍ ഒരു ദിവസം യോഗ പരിശീലനവും സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അറിയിച്ചു.

ശാസ്ത്രീയ താറാവ് വളര്‍ത്തല്‍ പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  ജൂണ്‍ 27 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവര്‍ ജൂണ്‍ 24 ന് മൂന്നിന് മുമ്പായി  8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

ജില്ലാ ആസൂത്രണ സമിതി യോഗം 26 ന്
തദ്ദേശ സ്ഥാപനങ്ങളുടെ  2023-24 വാര്‍ഷിക പദ്ധതി ഭേദഗതി അംഗീകരിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ 26 ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 മെഗാ തൊഴില്‍ മേള
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പത്തനംതിട്ട  കാതോലിക്കേറ്റ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേള ജൂലൈ എട്ടിന്   കാതോലിക്കേറ്റ് കോളജില്‍  നടക്കും. 50 ലധികം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മേളയില്‍ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. തൊഴില്‍മേളയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും  ഇല്ലാത്തവര്‍ക്കും ഒരുപോലെ  പരിഗണന ലഭിക്കുംവിധം എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ/ഐടിസി മുതല്‍ ഡിപ്ലോമ, ബി ടെക് ബിരുദം , ബിരുദാനന്തര ബിരുദം, പാരാ മെഡിക്കല്‍, ബാങ്കിംഗ് മേഖല, ഇ-കൊമേഴ്സ് മേഖല , മാനേജ്മെന്റ് മേഖല, ഐ.റ്റി മേഖല തുടങ്ങിയവയില്‍ യോഗ്യതകളും പ്രാവീണ്യവും ഉള്ളവര്‍ക്ക് ഈ മേളയില്‍ പങ്കെടുക്കാം.തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും  ഉദ്യോഗാര്‍ഥികളും www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷന്‍ ചെയ്യണം. ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ മേളക്ക് ഹാജരാകുമ്പോള്‍ അഞ്ച്  സെറ്റ് കരിക്കുലം വിറ്റേ കരുതണം.
ഫോണ്‍ : പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്-04682222745.ടൗണ്‍ എംപ്ലോയ്മെന്റ്  എക്സ്ചേഞ്ച്, റാന്നി     -04735224388.ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, അടൂര്‍     -04734224810.ടൗണ്‍ എംപ്ലോയ്മെന്റ് ് എക്സ്ചേഞ്ച് ,തിരുവല്ല  -04692600843. ടൗണ്‍ എംപ്ലോയ്മെന്റ്  എക്സ്ചേഞ്ച്, മല്ലപ്പള്ളി -04692785434