Trending Now

പകര്‍ച്ചവ്യാധിക്കെതിരെ ജാഗ്രത : ജില്ലാ കളക്ടര്‍

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി

പകര്‍ച്ചവ്യാധിക്കെതിരെ ഏറ്റവും നല്ല പ്രതിരോധം ജാഗ്രതയാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണങ്ങളുടെ ഏകോപനത്തിനായി വിവിധ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പനിയോ അനുബന്ധ രോഗലക്ഷണങ്ങളോ ഉള്ളവര്‍ സ്വയം ചികിത്സ തേടാതെ കൃത്യമായി ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ തേടണം.

ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ കൂടുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും നടപടികളെ കുറിച്ചും വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തണ്ണിത്തോട്, കൊക്കാത്തോട്, ആനിക്കാട്, സീതത്തോട് പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കും. കൂത്താടി ഉറവിട നശീകരണം നടത്തണം. തൊഴിലുറപ്പ് തൊഴിലാളികള്‍ ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം.

കൈയ്യുറകള്‍, ഗംബൂട്ടുകള്‍ എന്നിവ വിതരണം ചെയ്യുകയും അവ ഉപയോഗിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തുകയും ചെയ്യണം. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചയും വിദ്യാലയങ്ങളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈഡേ ആചരിക്കണം.

എസ്പിസി കേഡറ്റുകള്‍ക്ക് സ്‌കൂളുകളിലും വീടുകളിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ചുമതല നല്‍കണം. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും തൊഴില്‍ മേഖലകളിലും രോഗനിരീക്ഷണവും ശുചീകരണപ്രവര്‍ത്തനങ്ങളും നടത്തണം. മീന്‍ചന്തകളില്‍ കൃത്യമായ പരിശോധനകള്‍ നടത്തുകയും വെള്ളം കെട്ടികിടക്കുന്ന പ്രദേശങ്ങളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. പ്ലാന്റേഷനുകളിലെ ചിരട്ടകളിലും ലാറ്റക്‌സ് കപ്പുകളിലും കൊതുക് വളരാതിരിക്കാനുള്ള നടപടികള്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിക്കണം.

ഓടകളിലും കെട്ടിടനിര്‍മാണം നടക്കുന്നയിടങ്ങളിലും ജലം കെട്ടിനില്‍ക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. എല്‍ അനിതകുമാരി, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ് നന്ദിനി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.