Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/04/2023)

കുടുംബശ്രീ ലോഗോ, ടാഗ് ലൈന്‍ ഒരുക്കാന്‍ മത്സരം:10,000 രൂപ വീതം സമ്മാനം          

തിരുവനന്തപുരം: കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ്ലൈന്‍ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാം. ലോഗോയ്ക്കും ടാഗ്ലൈനും 10,000 രൂപ വീതമാണ് സമ്മാനം. മെയ് 17ന് കുടുംബശ്രീ ദിനാഘോഷത്തോടനുബന്ധിച്ച് വിജയികള്‍ക്ക് ഫലകമുള്‍പ്പെടെയുള്ള സമ്മാനം വിതരണം ചെയ്യും.ലോഗോയും ടാഗ്ലൈനും ഇംഗ്‌ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സുസ്ഥിര വികസനം സ്ത്രീ സമൂഹത്തിലൂടെ, നൂതന തൊഴില്‍ സാധ്യതകള്‍ എന്നിങ്ങനെ കുടുംബശ്രീയുടെ വളര്‍ച്ചയും വികാസവും പ്രാധാന്യവും വ്യക്തമാക്കുന്നതും ഭാവി വികസന കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്നതും ലളിതവും പ്രസക്തവുമാകണം സൃഷ്ടികള്‍.എന്‍ട്രികള്‍ ഏപ്രില്‍ 15നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്, മെഡിക്കല്‍ കോളേജ്.പി.ഓ, തിരുവനന്തപുരം 695 011 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.വിശദാംശങ്ങള്‍ക്ക് www.kudumbashree.org/logo

കുടുംബശ്രീ രജതജൂബിലി ‘മുദ്രഗീതം’ ഒരുക്കാന്‍  അയല്‍ക്കൂട്ട വനിതകള്‍ക്ക് രചനാ മത്സരം
തിരുവനന്തപുരം: രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബശ്രീ ‘മുദ്രഗീതം’-തീം സോങ്ങ് ഒരുക്കുന്നു. കുടുംബശ്രീ അംഗങ്ങളില്‍ നിന്നു തന്നെ തീം സോങ്ങ് കണ്ടെത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അയല്‍ക്കൂട്ട വനിതകള്‍ക്കായി ‘മുദ്രഗീതം’ തീം സോങ്ങ് രചനാ മത്സരം സംഘടിപ്പിക്കുന്നു. മികച്ച രചനയ്ക്ക് പതിനായിരം രൂപയും ഫലകവും സമ്മാനം ലഭിക്കും. വിദഗ്ധര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് മികച്ച രചന തിരഞ്ഞെടുക്കുക. മെയ് 17 ന് നടക്കുന്ന കുടുംബശ്രീ വാര്‍ഷിക ദിനാഘോഷ പരിപാടിയില്‍ സമ്മാനം വിതരണം ചെയ്യും.കാല്‍ നൂറ്റാണ്ടിനിടയില്‍ കുടുംബശ്രീയുടെ സമഗ്ര സംഭാവനകളുടെ സംക്ഷിപ്തമാണ് ഗാനത്തില്‍ പ്രതിഫലിക്കേണ്ടത്. ലിംഗാധിഷ്ഠിതമല്ലാത്ത പ്രമേയമായിരിക്കണം ഗാനത്തിന്റെ ഉള്ളടക്കം. കൂടാതെ മതനിരപേക്ഷ ജീവിത വീക്ഷണത്തിന് ഇണങ്ങി നില്‍ക്കുന്നതും ആത്മവിശ്വാസം, സ്‌നേഹം, സഹകരണ മനോഭാവം എന്നിവ ആര്‍ജിക്കാന്‍ പ്രചോദനം നല്‍കുന്നതുമായിരിക്കണം. പതിനാറ് വരിയില്‍ കൂടാന്‍ പാടില്ല. രചനകള്‍ മലയാളത്തിലായിരിക്കണം. തിരഞ്ഞെടുക്കുന്ന രചന സംഗീതം നല്‍കി കുടുംബശ്രീയുടെ തീം സോങ്ങായി ഉപയോഗിക്കും.രചനകള്‍ 2023 ഏപ്രില്‍ 15നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്. മെഡിക്കല്‍ കോളേജ്.പി.ഓ, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ലഭിക്കണം.

അഭിമുഖം മാറ്റി വെച്ചു
ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിലവില്‍ ഒഴിവുളള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക്  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസില്‍ നിന്നും അയച്ചു തന്ന ഉദ്യോഗാര്‍ഥികള്‍ക്കായി സ്ഥിരനിയമനത്തിനുളള അഭിമുഖം ഏപ്രില്‍ അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം റിവ്യൂ മീറ്റിംഗ് നടക്കുന്നതിനാല്‍ ഏപ്രില്‍ 11 ലേക്ക് മാറ്റിവെച്ചു.  അന്നേ ദിവസം രാവിലെ 11 ന് പത്തനംതിട്ട കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിത ശിശു വികസന ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പത്തനംതിട്ട ജില്ലാതല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിമാസം 2000 കിലോമീറ്റര്‍ ഓടുന്നതിന് ആവശ്യമായി നിരക്കാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. 2017 അല്ലെങ്കില്‍ അതിന് ശേഷമുള്ള മോഡലും ജി.പി.എസ് സംവിധാനമുള്ളതുമായ വാഹനമായിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 12 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍: 0468-2322014.

കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ രേഖകള്‍ ഹാജരാക്കണം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായി 60 വയസ് പൂര്‍ത്തീകരിച്ച് 2017 ഡിസംബര്‍ വരെ അധിവര്‍ഷാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ രേഖകള്‍ നല്‍കാത്തവര്‍ ആധാര്‍കാര്‍ഡ്, സീറോ ബാലന്‍സ് അല്ലാത്ത സിംഗിള്‍ അക്കൗണ്ടുളള ബാങ്ക് പാസുബുക്ക്, സാക്ഷ്യപത്രം എന്നിവയുടെ പകര്‍പ്പുകളും അംഗത്തിന്റെ ഫോണ്‍ നമ്പറും ഏപ്രില്‍ 10-ന് മുന്‍പ് ഹാജരാക്കണം. മരണമടഞ്ഞ അംഗങ്ങളുടെ അവകാശികള്‍ മരണസര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന മറ്റു രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും രണ്ടു രേഖകളുടെ പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. പേരിലോ വിലാസത്തിലോ വ്യത്യാസമുളളവര്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കണം.ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശിക പിഴ സഹിതം അടവാക്കുന്നതിനുളള സമയപരിധി മെയ് 31 വരെ നീട്ടിയിട്ടുളളതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

 

കംമ്പോസ്റ്റ് യുണിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു
ആറന്മുള ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2022-23 പ്രകാരം എറ്റെടുത്ത 200 കുടുംബങ്ങള്‍ക്കുള്ള റിംഗ് കംമ്പോസ്റ്റ് യുണിറ്റ് വിതരണ ഉദ്ഘാടനം ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി നിര്‍വഹിച്ചു.പഞ്ചായത്തും അക്രഡിറ്റഡ് എജന്‍സിയായ ഐആര്‍ടിസി പാലക്കാടുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു യുണിറ്റിന് 3300 രൂപ ചിലവില്‍ 10 ശതമാനം ഗുണഭോക്ത വിഹിതം ഉള്‍പ്പെടുത്തി ആണ് പദ്ധതി നടപ്പിലാക്കിയത്.ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്.കുമാര്‍, വികസന സമിതി അധ്യക്ഷ രമാദേവി, ക്ഷേമകാര്യ അധ്യക്ഷ ഉഷാ രാജേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ദീപ നായര്‍, വാര്‍ഡ് അംഗങ്ങളായ പി.എം.ശിവന്‍, ജോസ് തോമസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആര്‍.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു

 

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 19000-43600 രൂപ ശമ്പള നിരക്കില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (എസ് എസി /എസ് ടി വിഭാഗത്തില്‍ നിന്നും സ്പെഷ്യല്‍ റിക്രൂട്ട് മെന്റ് ) (കാറ്റഗറി നം. 311/2018) തസ്തികയിലേക്ക് 26/02/2020 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 104/2020/ഡിഒഎച്ച് ) 25/02/2023 തീയതി അര്‍ധരാത്രിയില്‍ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്  26/02/2023 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട ജില്ലാ പിഎസി ഓഫീസര്‍ അറിയിച്ചു.

ബയോമെട്രിക് മസ്റ്ററിംഗ്
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2022 ഡിസംബര്‍ 31 വരെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 2023 ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം.

 

2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28/29 നകം, തൊട്ടു മുന്‍പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ് .ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പു രേഗികള്‍, വൃദ്ധജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ ആ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കേണ്ടതും അതനുസരിച്ച് അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നതുമാണ്. ആധാര്‍ ഇല്ലാതെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുളളവര്‍ സ്ഥിരമായി രോഗശയ്യയിലുളളവര്‍, 05/01/2021 തീയതിയിലെ സ.ഉ(എം.എസ്) നം.02/2021/ധന, നമ്പര്‍ ഉത്തരവ് പ്രകാരം പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. നിശ്ചിത സമയപരിധിക്കുളളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ മസ്റ്ററിംഗിനുളള നിശ്ചിത കാലാവധിക്കു ശേഷം പെന്‍ഷന്‍ വിതരണം നടത്തുകയുളളു. നിശ്ചിത സമയപരിധിക്കുളളില്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിംഗ് നടത്താം. എന്നാല്‍ അവര്‍ക്ക് മസ്റ്ററിംഗ് നടത്തുന്ന മാസം മുതല്‍ക്കുളള പെന്‍ഷന്‍ മാത്രമേ ലഭിക്കൂ.  മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിനായി 50 രൂപയും മസ്റ്ററിംഗ് നടത്തുന്ന സമയത്ത് ഗുണഭോക്താക്കള്‍ തന്നെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കണം. ഫോണ്‍ : 0469-2603074.

സംസ്ഥാനത്തെ  മികച്ച  സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ക്കുള്ള അവാര്‍ഡ് പ്രിയ പി. നായര്‍ക്ക്
സംസ്ഥാനത്തെ  മികച്ച ഭിന്നശേഷി അധ്യാപികക്കുള്ള സമഗ്ര ശിക്ഷാ കേരളയുടെ  അവാര്‍ഡിന്  കോഴഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പ്രിയ പി നായര്‍ അര്‍ഹയായി.  കഴിഞ്ഞ 10 വര്‍ഷങ്ങളിലധികമായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രിയ ഭിന്നശേഷിക്കുട്ടികളുടെ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ്.  ഭിന്നശേഷിക്കുട്ടികളുടെ വീടുകളില്‍ നടപ്പാക്കിയ ജൈവ കൃഷി പദ്ധതി, പത്താം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കായ് തയ്യാറാക്കിയ അനുരൂപീകരണ പാഠ പുസ്തകം, പഠന സാമഗ്രികള്‍, കോവിഡ് കാലത്ത് സംസ്ഥാനതലത്തില്‍ തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ തുടങ്ങിയവ പ്രത്യേകം പരിഗണിച്ചു.
അയിരൂര്‍ കൃഷിഭവന്‍  മികച്ചയുവ കര്‍ഷക, വിദ്യാലയ കര്‍ഷകോത്തമ പുരസ്‌കാരം , അയിരൂര്‍ ഹിന്ദു മത പരിഷത് കര്‍ഷകോത്തമ പുരസ്‌കാരം, 2019-20 മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച അധ്യാപിക കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ്, മട്ടുപ്പാവ് കൃഷിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് എന്നിവ പ്രിയക്കു ലഭിച്ചിട്ടുണ്ട്.  തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍  വെച്ചു നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  അവാര്‍ഡ് സമ്മാനിക്കും.

അവധിക്കാല കംപ്യൂട്ടര്‍ കോഴ്സുകള്‍
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ജുനിയര്‍ പ്രോഗ്രാമര്‍ കോഴ്സ് യുസിഗ് പൈത്തണ്‍ എന്ന  അവധിക്കാല കംപ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയിച്ചവര്‍ മുതല്‍ അപേക്ഷിക്കാം. www.lbscentre.kerala.gov.in/services/courses  എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.  ഫോണ്‍: 9947123177

 

സീതത്തോട് മാര്‍ക്കറ്റ് ആധുനിക ഷോപ്പിംഗ് കോംപ്ലക്‌സ്  നിര്‍മ്മാണം ആരംഭിച്ചു
സീതത്തോട് മാര്‍ക്കറ്റില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ശിലസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് നിര്‍വഹിച്ചു. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡും ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് നിര്‍മാണം നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണ തുക 16.92കോടി രൂപയാണ്.

 

72 കടമുറികളും തിയേറ്റര്‍ അടക്കം ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. പഞ്ചായത്തിന്റെ തനത് വരുമാനം വര്‍ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുമെന്നും
പ്രസിഡന്റ് പറഞ്ഞു.കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോബി ടി ഈശോ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീലജ അനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്ത ആനന്ദന്‍, രാധാ ശശി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗ്രേസി ഫിലിപ്പ്, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നികുതി പിരിവില്‍ നൂറു ശതമാനം നേട്ടവുമായി ചെറുകോല്‍ ഗ്രാമ പഞ്ചായത്ത്
പത്തു വര്‍ഷത്തില്‍ ആദ്യമായി, നികുതി പിരിവില്‍ നൂറു ശതമാനം നേട്ടം കൈവരിച്ചു ചെറുകോല്‍ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ ഒരു വീട് ഒഴിച്ചുള്ള എല്ലാ വീടുകളില്‍ നിന്നും, മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും  വസ്തു കരം പിരിച്ചെടുത്തു. പഞ്ചായത്തിന് ലഭിക്കേണ്ട തൊഴില്‍ നികുതി, 2022-23 സാമ്പത്തിക വര്‍ഷത്തെ ലൈസന്‍സ് ഫീസ് എന്നിവയും  പൂര്‍ണമായും പിരിച്ചെടുത്തതായി  പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ് പറഞ്ഞു. നികുതി വരുമാനത്തില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ പഞ്ചായത്തിന് വര്‍ധനവ് ഉണ്ടായിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.

ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം
പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുളള കാലയളവിനുളളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

error: Content is protected !!