കേരളം നിര്‍ണായകമായ ഒരു മാറ്റത്തിന് ഡിജിറ്റല്‍ സര്‍വേയിലൂടെ ചുവട് വയ്ക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേ കരാര്‍ സര്‍വേയര്‍മാരുടെ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഓരോ ഭൂവുടമയുടേയും ജീവിതത്തിന് മാറ്റം വരുത്തുന്ന ഒരു മഹത്തായ ഉദ്യമമാണ് ഇത്. ഏറെ പരാതികളും അവ്യക്തതയും നിലനില്‍ക്കുന്ന മേഖലയായതുകൊണ്ട് തന്നെ കൃത്യതയോടെയും ഉത്തരവാദിത്വത്തോടെയും ഈ പ്രവര്‍ത്തി പൂര്‍ത്തിയാക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും അധികം തുക ഒരു പദ്ധതിക്കായി വിനിയോഗിക്കുകയാണ്. അത് സാമൂഹിക നീതി ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ്.
കേരളചരിത്രത്തില്‍ ഭൂപരിഷ്‌ക്കരണ നിയമങ്ങള്‍ എന്നത് പ്രസക്തമായ ഒരു ചുവട് വയ്പാണ്. അങ്ങനെ നോക്കുമ്പോള്‍ ഡിജിറ്റല്‍ സര്‍വേയെ ജനഹിതം അറിഞ്ഞുകൊണ്ടുള്ള ഒരു പദ്ധതിയെന്ന് വിശേഷിപ്പിക്കാം.
സര്‍വേ, റവന്യു, രജിസ്‌ട്രേഷന്‍ എന്നീ മൂന്ന് വകുപ്പുകളുടെ പ്രവര്‍ത്തികള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു പോര്‍ട്ടല്‍ ഉടന്‍ നിലവില്‍ വരും. പ്രയാസം കൂടാതെ ജനങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള സേവനങ്ങളും ഇതിലൂടെ നല്‍കുകയാണ് ലക്ഷ്യം. പത്തനംതിട്ട ഒരു മലയോര മേഖലയായതുകൊണ്ട് തന്നെ ഭൂപ്രകൃതിക്കും സവിശേഷതകളുണ്ട്. ഹരിത കവചം അധികമുള്ള ജില്ലയാണ് ഇത്. പ്രകൃതിയെ ഹനിക്കാതെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം.
ഓരോ ഘട്ടത്തിലും പൊതുജനപങ്കാളിത്തവും ജനപ്രതിനിധികളുടെ പങ്കാളിത്തവും ഉറപ്പാക്കി ഏറ്റവും സുതാര്യമായ രീതിയിലായിരിക്കണം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ജനങ്ങള്‍ക്ക് എന്തെങ്കിലും പരാതികളുണ്ടായാല്‍ അത് പരിഹരിച്ച് ജനകീയമായ പ്രക്രിയയാക്കണം. മാത്രമല്ല, ആളില്ലാതെ കിടക്കുന്ന വീടുകളും വയോജനങ്ങള്‍ മാത്രമുള്ള വീടുകളും ജില്ലയിലുണ്ട്. അത്തരം വീടുകളുടെ രേഖകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടും. അത്തരം കാര്യങ്ങളെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ച് സമയബന്ധിതമായി പരിഹാരം കണ്ടെത്തണം. കാര്യക്ഷമമായി ജോലി ചെയ്യണമെന്നും പരസ്പരം അനുഭവങ്ങള്‍ പങ്ക് വയ്ക്കണമെന്നും കളക്ടര്‍ പറഞ്ഞു.
കാര്യക്ഷമമായ റവന്യു ഭരണത്തിന് കൃത്യമായ സര്‍വേ റെക്കോര്‍ഡുകള്‍ അനിവാര്യമാണെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച എഡിഎം ബി. രാധാകൃഷ്ണന്‍ പറഞ്ഞു. റെക്കോര്‍ഡുകളുടെ അപര്യാപ്തത പലപ്പോഴും വെല്ലുവിളിയായിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തിയതിന് ശേഷമാണ് ഡിജിറ്റല്‍ സര്‍വേയുമായി മുന്നോട്ട് വന്നത്.
അര്‍ഹരായവര്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ എത്തിക്കുകയെന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വിവിധ ഓഫീസുകള്‍ കയറി ഇറങ്ങാതെ സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ധയാഗ പ്രസാദിന്‍ പ്രഭാമണി, സര്‍വേ സൂപ്രണ്ടുമാരായ ടി.ഡി. സുദര്‍ശന്‍, കെ.കെ. അനില്‍കുമാര്‍, ചെറുപുഷ്പം, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ.കെ. പുഷ്പലത തുടങ്ങിയവര്‍ പങ്കെടുത്തു.