മകരവിളക്ക്: എല്ലാ മുന്നൊരുക്കങ്ങളും കൃത്യമായി ക്രമീകരിക്കും-ജില്ലാ കളക്ടര്‍

ശബരിമല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും കൃത്യമായി ക്രമീകരിക്കുമെന്നും വാഹനപാര്‍ക്കിംഗിന് കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തുമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. നിലയ്ക്കല്‍, ഇടത്താവളങ്ങള്‍ എന്നിവയ്‌ക്കൊപ്പം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും അധികപാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കും. അധിക പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്ന് തീര്‍ഥാടകരെ കൊണ്ടുപോകുന്നതിന് കെഎസ്ആര്‍ടിസി ബസുകള്‍ സജ്ജമാക്കും.

സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം അനുസരിച്ച് ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് എടുത്തിട്ടുള്ള തീരുമാനങ്ങളെല്ലാം ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കും. മകരജ്യോതി ദര്‍ശിക്കുന്നതിനുള്ള ഇടങ്ങള്‍ നേരില്‍ സന്ദര്‍ശിച്ച് ജനുവരി ഏഴിന് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുമെന്നും കളക്ടര്‍ പറഞ്ഞു. മകരജ്യോതി ദര്‍ശനത്തിന് തിരഞ്ഞെടുത്തിരുക്കുന്ന വ്യൂപോയിന്റുകളിലെ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഫെന്‍സിംഗ്, അടിസ്ഥാനസൗകര്യങ്ങള്‍, വാഹന പാര്‍ക്കിംഗ്, വ്യൂപോയിന്റിലേക്കുള്ള റോഡ് സൗകര്യം, സുരക്ഷിതവും ബലവുമുള്ള ബാരിക്കേഡുകള്‍, കുടിവെള്ളം എന്നിവ ഉറപ്പാക്കണമെന്ന് കളക്ടര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

മകരവിളക്കിന് വലിയ തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ക്രമീകരണങ്ങള്‍ വകുപ്പുകള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ സുഗമമായ ദര്‍ശനം സാധ്യമാക്കണം. കുടിവെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കണം.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ നടന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക ശ്രദ്ധ നല്‍കി സംയുക്ത പരിശോധന നടത്തണം.  മകരജ്യോതി ദര്‍ശിക്കുന്നതിന് മറ്റ് ഇടങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് കെഎസ്ആര്‍ടിസിയുടെ അധികബസ് സൗകര്യം, ആരോഗ്യവകുപ്പിന്റെ കൂടുതല്‍ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കതിന അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിമരുന്നുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടത്താന്‍ ഫയര്‍ഫോഴ്‌സിന് നിര്‍ദേശം നല്‍കി. മകരവിളക്കുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും ഏഴാം തീയതിയോടുകൂടി സജ്ജമാക്കണമെന്നും വകുപ്പുകള്‍ പ്രത്യേക കര്‍മ്മ പദ്ധതി തയാറാക്കി സമര്‍പ്പിക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

നിലവില്‍ ജില്ലയില്‍ 11 പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മോധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. നിലവില്‍ 10000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലേക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വകുപ്പുകള്‍ ഒരുക്കി നല്‍കണം. ഹില്‍ ടോപ്പ് ഉള്‍പ്പെടെ ജില്ലയില്‍ ഏഴ് വ്യൂപോയിന്റ് ഉണ്ട്.

പമ്പ ഹില്‍ ടോപ്പിലെ സുരക്ഷാക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലും പഞ്ഞിപ്പാറ, നെല്ലിമല, അയ്യന്‍മല, ഇലവുങ്കല്‍, അട്ടത്തോട് പടിഞ്ഞാറേ കോളനി, അട്ടത്തോട് എന്നീ ആറ് വ്യൂപോയിന്റുകളുടെ ബാരിക്കേഡ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും നിര്‍വഹിക്കും. വ്യൂപോയിന്റുകളിലെ അപകടകരമായ മരചില്ലകള്‍ മുറിച്ചുമാറ്റണമെന്നും നിര്‍ദേശം നല്‍കി. മകരവിളക്കിന് ശേഷം തീര്‍ഥാടകരുടെ വാഹനത്തിരക്ക് കൂടുന്നതിനാല്‍ റോഡുകളില്‍ ബ്ലിങ്കര്‍ ലൈറ്റ് സ്ഥാപിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സുരക്ഷകണക്കിലെടുത്ത് തീര്‍ഥാടകര്‍ ക്യാമ്പ് ചെയ്ത് ഭക്ഷണം പാകം ചെയ്യുന്നത് നിരോധിക്കുമെന്നും വലിയ പാത്രങ്ങള്‍ കൊണ്ടുവരുന്നത് പമ്പയില്‍ തടയുമെന്നും ശബരിമല എഡിഎം പി. വിഷ്ണുരാജ് പറഞ്ഞു.

 

തിരുവാഭരണ പാതയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും കൊല്ലമൂഴി, ഇരട്ടപെട്ടിയിലെയും പാലം 10ന് ശേഷം തയാറാക്കുമെന്നും വനംവകുപ്പ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു.

തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നതിന് ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ ടീമിനെയും ളാഹയില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ക്രമീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പ്രതിനിധി അറിയിച്ചു.

 

വ്യൂപോയിന്റുകളില്‍ മൂന്ന് ചെറിയ ആംബുലന്‍സും 10 സ്ഥലങ്ങളില്‍ വലിയ ആബുലന്‍സും ക്രമീകരിക്കും. നിലവിലുള്ള 25 ആംബുലന്‍സിനൊപ്പം മകരവിളക്ക് ദിവസം 12 എണ്ണം കൂടി ക്രമീകരിക്കും. മകരവിളക്ക് ദിവസം പമ്പയിലും സന്നിധാനത്തും രണ്ട് ഡോക്ടര്‍മാരെ കൂടുതല്‍ നിയോഗിക്കുമെന്നും ആരോഗ്യവകുപ്പ് പ്രതിനിധി അറിയിച്ചു.

 

600 സ്‌ട്രെച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അയ്യപ്പസേവാസംഘം പ്രതിനിധി പറഞ്ഞു. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ കൂടുതല്‍ ലൈറ്റ് സ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!