Trending Now

വായ്പ തിരിച്ചടവ്: ബാങ്കുകള്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കണം

വായ്പ തിരിച്ചടവ്: ബാങ്കുകള്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കണം
പ്രളയം, കോവിഡ് സാഹചര്യങ്ങളില്‍ പെട്ട് വായ്പ തിരിച്ചടവ് മുടങ്ങിയവരോട് ബാങ്കുകള്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി.

 

ചെറിയ വായ്പകളിന്മേല്‍ തിരിച്ചടവ് സാധിക്കാത്ത സാഹചര്യത്തില്‍ ജപ്തി നടപടികളിലേക്ക് ബാങ്കുകള്‍ കടക്കരുത്.

മുന്‍പാദത്തെക്കാള്‍ മികച്ച പ്രവര്‍ത്തനം കൈവരിച്ച ബാങ്കുകളെ എംപി അനുമോദിച്ചു.
ഈ പാദത്തില്‍ വിദ്യാഭ്യാസ, കാര്‍ഷിക വായ്പകള്‍ ബാങ്കുകള്‍ കൂടുതല്‍ നല്‍കി. പരാതികള്‍ ലഭിക്കുന്നത് അനുസരിച്ചു ആവശ്യമുണ്ടെങ്കില്‍ മുന്‍വര്‍ഷത്തെ പോലെ അദാലത്ത് നടത്താമെന്നും എംപി പറഞ്ഞു.

 

ജില്ലയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം അവസാനിക്കുമ്പോള്‍ വിവിധ ബാങ്കുകള്‍ 5942  കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 2677 കോടി രൂപ കാര്‍ഷിക മേഖലയിലും 965 കോടി രൂപ സൂക്ഷ്മ- ചെറുകിട വ്യവസായ മേഖലയിലും 196 കോടി രൂപ വിദ്യഭ്യാസ, ഭവന വായ്പകള്‍ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണനാ മേഖലയിലും വിതരണം ചെയ്തു. വ്യക്തിഗത വായ്പ, വാഹന വായ്പ മുതലായവ ഉള്‍പ്പെടുന്ന മുന്‍ഗണന ഇതര വായ്പകളില്‍ 2104 കോടി രൂപ നല്‍കിയിട്ടുണ്ട്. ആകെ വായ്പകള്‍ വാര്‍ഷിക ലക്ഷ്യത്തിന്റെ 74 ശതമാനം വിതരണ ലക്ഷ്യം കൈവരിച്ചു.

 

ജില്ലയിലെ ആകെ വായ്പാ നീക്കിയിരുപ്പ് 1046 കോടി രൂപ വര്‍ധനയോടെ 16332 കോടി രൂപയായും നിക്ഷേപങ്ങള്‍ 873 കോടി രൂപയുടെ വര്‍ദ്ധനയോടെ 55485 കോടി രൂപയായും ഉയര്‍ന്നു. നിക്ഷേപ, വായ്പാ അനുപാതത്തില്‍ 1.06 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.
അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  ആര്‍ ബിഐ ലീഡ് ജില്ലാ ഓഫീസര്‍ എ.കെ. കാര്‍ത്തിക്ക്, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, എസ്ബിഐ ചീഫ് മാനേജര്‍ സാം ടി  ജേക്കബ്, വിവിധ ബാങ്ക് പ്രതിനിധികള്‍, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.