
ശബരിമലയുടെയും പൂങ്കാവനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കണം: മേല്‍ശാന്തി
ശബരിമലയും പരിസരവും പരിപാവനമായി കാത്തുസൂക്ഷിക്കണമെന്ന് ശബരിമല മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി അയ്യപ്പഭക്തരോട് അഭ്യര്‍ത്ഥിച്ചു. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ആശ്രയവും അഭയവുമായിട്ടുള്ള ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്റെ വിഗ്രഹം എത്രതന്നെ പവിത്രമാണോ അത്രതന്നെ പവിത്രമാണ് ഈ സന്നിധാനവും കലിയുഗവരദനായ ശ്രീ ധര്‍മ്മശാസ്താവിന്റെ പൂങ്കാവനമെന്ന് അറിയപ്പെടുന്ന ഈ വനമേടും.
ഇതിന്റെ പവിത്രത, ഇവിടെത്തെ ഓരോ തരി മണ്ണുപോലും നമുക്ക് ചന്ദനദിവ്യമാണ്. അത് സംരക്ഷിക്കണം. അതിനായി ഇവിടെ എത്തുന്ന ഓരോ ഭക്തരും പ്ലാസ്റ്റിക് പോലുള്ളതൊന്നും കൊണ്ടുവരാതിരിക്കുക. അതുപോലെതന്നെ കെട്ട് നിറയ്ക്കുന്നതും. സാധാരണ നിലയില്‍ പൂജാദ്രവ്യങ്ങള്‍ എല്ലാംതന്നെ കെട്ടിനുള്ളില്‍ നിറയ്ക്കണമെന്ന് പറയാറുണ്ടെങ്കിലും ശബരിമലയില്‍ എത്തിയിട്ട് ഇവിടെ ഉപേക്ഷിക്കാന്‍ സാധ്യതയുള്ള ഒന്നുംതന്നെ കൊണ്ടുവരാതിരിക്കാന്‍ ശ്രമിക്കണം.
പാപനാശിനിയായ പമ്പാനദി നമുക്ക് പവിത്രമാണ്. അവിടെ വസ്ത്രങ്ങളും മാലയുമൊന്നും ഉപേക്ഷിക്കരുത്. പമ്പാജലവും പവിത്രമായി സൂക്ഷിക്കണം. എല്ലാത്തിനുമുപരിയായി അയ്യപ്പനെ സേവിക്കാനായി ആരോഗ്യം, പരിസരം വൃത്തിയാക്കല്‍, ജനങ്ങളെ സേവിക്കല്‍.. അങ്ങനെ എല്ലാ മേഖലയിലും മാനവസേവ മാധവസേവയാണെന്ന ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരുണ്ട്. അവരൊക്കെ പറയുന്നത് കേട്ട്, അവരുമായി സഹകരിച്ച് എല്ലാ ഭക്തന്‍മാരും ഈ സന്നിധാനവും ക്ഷേത്രവും രാജ്യത്തെ ഏറ്റവും ശ്രേഷ്ഠമായ തീര്‍ത്ഥാടന കേന്ദ്രമായി മാറ്റണമെന്നും മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി അഭ്യര്‍ത്ഥിച്ചു.
ദര്‍ശനസമയം വര്‍ധിപ്പിച്ചു
ശബരിമല അയ്യപ്പ ദര്‍ശനത്തിനുള്ള സമയം വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് (22) മുതല്‍ ഉച്ചപൂജയ്ക്കു ശേഷം വൈകിട്ട് മൂന്നിന് തിരുനട തുറക്കും. മുമ്പ് ഇത് വൈകിട്ട് നാലിനായിരുന്നു.
നേരത്തേ രാവിലത്തെ അയ്യപ്പ ദര്‍ശനത്തിന്റെ സമയവും രണ്ട് മണിക്കൂര്‍ വര്‍ധിപ്പിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയെന്നത് പുലര്‍ച്ചെ മൂന്ന് മണിയാക്കി മാറ്റുകയായിരുന്നു. ക്യൂ നിയന്ത്രണത്തിനും ഭക്തരുടെ സമയ നഷ്ടം ഒഴിവാക്കുന്നതിനും ഫലപ്രദമായ നടപടിയായി ഈ തീരുമാനം മാറി.
ഭക്തജന തിരക്ക് വീണ്ടും വര്‍ധിച്ച സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷവും ഒരു മണിക്കൂര്‍ കൂടുതല്‍ സമയം അയ്യപ്പദര്‍ശനത്തിനായി മാറ്റി വച്ചത്. നിലവില്‍ പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ രാത്രി 11 വരെയും ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് അവസരമുണ്ട്.
പമ്പയില്‍ കരിക്കിന് 40 രൂപ
പമ്പയില്‍ വില്‍ക്കുന്ന കരിക്കിന് വില പുനര്‍നിര്‍ണയിച്ചു. പൊതുവിപണി വിലയും മറ്റ് ഘടകങ്ങളും പരിശോധിച്ചാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വില 40 രൂപയായി പുനര്‍നിര്‍ണയിച്ച് ഉത്തരവിറക്കിയത്. കരിക്ക് വില്‍പന നടത്തുന്ന വ്യാപാരികള്‍ ഈ വിലയും പ്രദര്‍ശിപ്പിക്കേണ്ടതാണ്. മറ്റ് നിര്‍ദേശങ്ങളും പാലിക്കേണ്ടതാണെന്നും ഉത്തരവില്‍ കളക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു
നിയമസഭ പരിസ്ഥിതി സമിതി യോഗം നാളെ (23) പമ്പയില്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം നാളെ (23) പമ്പയില്‍ നടക്കും. ഉച്ചയ്ക്ക് 12ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം നടത്തുകയും പരാതിയും നിവേദനങ്ങളും സ്വീകരിക്കുകയും ചെയും. തുടര്‍ന്ന് അംഗങ്ങള്‍ ശബരിമല സന്നിധാനം സന്ദര്‍ശിക്കും.
അയ്യപ്പ ഭക്തര്‍ക്ക് ആരോഗ്യ സേവനമൊരുക്കി ഹോമിയോ ആശുപത്രി
മലകയറിയെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സൗജന്യ ആരോഗ്യ സേവനമൊരുക്കി സന്നിധാനത്തെ ഹോമിയോ ആശുപത്രി്. പനി, ജലദോഷം, ശരീര വേദന, മുട്ടുവേദന തുടങ്ങിയ രോഗങ്ങള്‍ക്കാണ് പ്രധാനമായും ഹോമിയോ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത്. ചിക്കന്‍ പോക്സ്, ചെങ്കണ്ണ്, വയറിളക്കം തുടങ്ങി പകര്‍ച്ച വ്യാധികള്‍ക്കുള്ള പ്രതിരോധ മരുന്നുകളും സന്നിധാനത്തെ ഹോമിയോ ആശുപത്രിയില്‍ ലഭ്യമാക്കിടയിട്ടുണ്ട്. ഏതെങ്കിലും പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആവശ്യാനുസരണം പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യാന്‍ ഹോമിയോ വകുപ്പ് സജ്ജമാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എന്‍ ഹരിലാല്‍ പറഞ്ഞു. സന്നിധാനത്തെ ഹോമിയോ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാര്‍ അടക്കം ഏഴ് പേരാണ് സേവനം അനുഷ്ഠിക്കുന്നത്. മലകയറിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറും ഹോമിയോ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്താം.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എന്‍ ഹരിലാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി ഉമാനാഥ് പൈ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് ഫാര്‍മസിസ്റ്റ്, രണ്ട് അറ്റന്‍ഡര്‍, ഒരു സ്വീപ്പര്‍ എന്നിവരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. പമ്പയിലെ ഹോമിയോ ആശുപത്രിയിലും 7 ജീവനക്കാരുണ്ട്. 10 ദിവസമാണ് ഓരോ ബാച്ചിന്റെയും പ്രവര്‍ത്തന കാലാവധി.
ആദ്യവാരത്തില്‍ അയ്യനെക്കണ്ടത് 3.5 ലക്ഷത്തിലധികം ഭക്തര്‍
മണ്ഡലമഹോത്സവത്തിനായി നടതുറന്ന് ആദ്യ ആഴ്ചയില്‍ അയ്യപ്പസ്വാമിയെ കണ്ട് ദര്‍ശനപുണ്യം നേടിയത് മൂന്നരലക്ഷത്തിലധികം ഭക്തര്‍. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ശരാശരി 60,000 ത്തോളം പേരാണ് തിരുസന്നിധിയില്‍ എത്തി അയ്യപ്പനെ വണങ്ങിയത്.
തിങ്കളാഴ്ചയായിരുന്നു ഏറ്റവും കൂടുതല്‍ ബുക്കിംഗ് ഉണ്ടായിരുന്നത്. 71,000 പേര്‍ ബുക്ക് ചെയ്തതില്‍ 68,000 ലധികം പേര്‍ സന്നിധാനത്തെത്തി. ചൊവ്വാഴ്ച 54,000 മാണ് ബുക്കിംഗ്. ഉച്ചയ്ക്ക് 12ന് മുമ്പ് തന്നെ 20,000 പേര്‍ അയ്യപ്പദര്‍ശന പുണ്യം നേടിയിരുന്നു.