മണ്ഡലകാല ഉത്സവത്തിനു വേണ്ടി ശബരിമല തിരുനട തുറന്നു . ശബരിമലയില്‍ വന്‍ ഭക്ത ജനത്തിരക്കാണ് .
മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ശബരിമല ക്ഷേത്ര ശ്രീകോവില്‍ തുറക്കുന്നു
konnivartha.com: മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു. ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട വൈകിട്ട് അഞ്ചിന് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു.
കെ. ബിജു, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും.
ആദ്യ ദിനം മുതല്‍ ഭക്തരുടെ തിരക്ക്
പുലര്‍ച്ചെ 2.30 മണിക്ക് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.45 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
തുടര്‍ന്ന് …..കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മുതല്‍ പുഷ്പാഭിഷേകം
9മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.
മണ്ഡലകാല ഉത്സവത്തോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ആദ്യസംഘം ചുമതലയേറ്റു
വലിയ നടപ്പന്തല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററും ശബരിമലയുടെ ചുമതലയുമുള്ള എഡിജിപി എം.ആര്‍. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍ സന്നിഹിതനായിരുന്നു. ശബരിമല പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ ആദ്യ ബാച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി. സ്വാമിമാര്‍ക്ക് സുഗമമായ ദര്‍ശനവും, തൃപ്തിയോടെ തൊഴിത് ഇറങ്ങാനുള്ള സൗകര്യവും ഒരുക്കുകയാണ് സേനയുടെ ദൗത്യം. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനം ഈ ഉത്സവ കാലം വിജയകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്തും പരിസരത്തുമായി 1250 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ ആര്‍. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് പോലീസ് സേന സേവനം അനുഷ്ഠിക്കുക.
980 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്പിമാര്‍, 110 എസ്ഐ/എഎസ്ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ സുരക്ഷാ ചുമതലയേറ്റത്. ആദ്യസംഘത്തിന്റെ കാലാവധി 10 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും. കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്‌പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. തീര്‍ഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. ഇതിനെല്ലാം പുറമേ സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനം, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ താത്കാലിക പോലീസ് സ്റ്റേഷനും തുറന്നിട്ടുണ്ട്. കൂടാതെ നിലയ്ക്കല്‍, പമ്പ മേഖലകളുടെ മേല്‍നോട്ടത്തിന് എസ്പി റാങ്കുള്ള പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിച്ചു. നിലയ്ക്കല്‍ മേഖലുടെ പ്രത്യേക ചുമതല എം. ഹേമലതയ്ക്കും, പമ്പ മേഖലയുടെ ചുമതല എസ്. മധുസൂധനനുമാണ്.
നിയമസഭ പരിസ്ഥിതി സമിതി സന്ദര്‍ശനം 23ന്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച്
നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി നവംബര്‍ 23ന് ഉച്ചയ്ക്ക് 12ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം നടത്തുകയും ശബരിമല സന്നിധാനം സന്ദര്‍ശിക്കുകയും ചെയ്യും.
ശബരിമലയില്‍ നിന്നുള്ള ചിത്രങ്ങള്‍
ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തൽ ഫയർഫോഴ്സും വിശുദ്ധ കർമ്മ സേനയും ശുചികരിക്കുന്നു
സന്നിധാനത്ത് പുതുതായി എത്തിയ മേൽശാന്തിമാരെ സ്വീകരിച്ച് ആനയിക്കുന്നു
പതിനെട്ടാം പടി കയറുന്ന ഭക്തൻമാർ
ഇന്ന് വൈകിട്ടത്തെ നടപ്പന്തലിലെ തിരക്ക്