Trending Now

ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : ശബരിമലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ (15/11/2022)

 

തീര്‍ത്ഥാടകര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  ശബരിമല വാര്‍ഡ് സജ്ജം: മന്ത്രി വീണാ ജോര്‍ജ്

konnivartha.com : സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ത്ഥാടന കാലം ഒരുക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല വാര്‍ഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

എല്ലാ ബെഡുകളിലും ഓക്‌സിജന്‍ സപ്ലൈ, വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, ഓക്‌സിജന്‍ ബെഡ്, ഇസിജി, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, മള്‍ട്ടി പാരാ മോണിറ്റര്‍, ബൈപാസ് വെന്റിലേറ്റര്‍ തുടങ്ങി ഐ.സി.യു അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല വാര്‍ഡില്‍ 18 ഉം കാര്‍ഡിയോളജി വിഭാഗത്തില്‍ രണ്ടും അടക്കം ഇരുപത് ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ജീവന്‍രക്ഷാ മരുന്നുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലാബ് ടെസ്റ്റുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കും. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം ശബരിമല വാര്‍ഡിലേക്ക് മാത്രമായി ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍ അടക്കമുളള ടീമിന്റെ 24 മണിക്കൂര്‍ സേവനം ഒരുക്കിയിട്ടുണ്ട്.

 

കോന്നി മെഡിക്കല്‍ കോളേജിലും പ്രത്യേക വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്.
ഇത്തവണ പമ്പ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. തീര്‍ത്ഥാടന പാതയില്‍ ഏതെങ്കിലും തീര്‍ഥാടകന് നെഞ്ചുവേദനയോ ഹൃദയസ്തംഭനമോ ഉണ്ടായാല്‍ അവരുടെ അടുത്തേക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി വേണ്ട ശുശ്രൂഷ നല്‍കി പമ്പയില്‍ എത്തിച്ച് ഉടന്‍തന്നെ ജനറല്‍ ആശുപത്രിയിലെത്തിക്കുവാനുള്ള ക്രമീകരണവും ആവശ്യമെങ്കില്‍ കാത്തിരപ്പള്ളിയിലേക്ക് കൊണ്ടു പോകുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാത്ത് ലാബും, കാര്‍ഡിയോളജിസ്റ്റുകളെയും അധികമായി നിയോഗിച്ചിട്ടുണ്ട്.

പള്‍മനോളജിസ്റ്റുകളുടെയും സേവനം ഉറപ്പു വരുത്തി. ആയുഷ് മേഖലയുമായി ബസപ്പെട്ട് ആയുര്‍വേദം, ഹോമിയോ വകുപ്പുകളുമായി സഹകരിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നീലിമലയിലും അപ്പാച്ചിമേട്ടിലും കാര്‍ഡിയോളജി സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.

എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലേക്കുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പരിശീലനീ പൂര്‍ത്തിയാക്കി ചുമതലയേറ്റു. പമ്പയിലും നിലയ്ക്കലും ഉള്ള ആശുപത്രികളിലെ സംവിധാനം കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. കോവി ഡാനന്തര രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായി ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഈ വര്‍ഷം അധികമായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പേശിവേദന, മസില്‍ പിടുത്തും എന്നിവ ഉണ്ടാകുന്നവര്‍ക്ക് സ്റ്റീം ചേംബര്‍ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. മലകയറുന്ന പ്രായമുള്ളവര്‍ക്ക് നടക്കുമ്പോള്‍ ബുദ്ധിമുട്ടനുഭവപ്പെട്ടാല്‍ അവരെ സഹായിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ്, കെഎസ്ആര്‍ടിസി, പൊതുമരാമത്ത് തുടങ്ങി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുളളത്. കോവിഡിന്റെ രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞുള്ള തീര്‍ത്ഥാടന കാലമായതിനാല്‍ തിരക്ക് മുന്നില്‍ കണ്ട് തന്നെ ആരോഗ്യകരവും സുരക്ഷിതവുമായ തീര്‍ത്ഥാടന കാലം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ. എല്‍. അനിതകുമാരി, സൂപ്രണ്ട് ഡോ എ. അനിത, ആരോഗ്യ കേരളം ഡിപിഎം ഡോ. എസ്. ശ്രീകുമാര്‍, ആര്‍എംഒ ഡോ. ആശിഷ് മോഹന്‍ കുമാര്‍, എച്ച്എച്ച്‌സി അംഗങ്ങളായ പ്രൊഫ. റ്റി.കെ.ജി.നായര്‍, എം.ജെ.രവി, റെനീസ് മുഹമ്മദ്, ബി. ഷാഹുല്‍ ഹമീദ്, പി.കെ. ജയപ്രകാശ്, സാം മാത്യു, ബിജു മുസ്തഫ, അന്‍സാരി എസ്. അസീസ്, അഡ്വ. വര്‍ഗീസ് മുളയ്ക്കല്‍, സുമേഷ് ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു.

 

 

 

ശബരിമല: അടിയന്തിര സഹായം നല്‍കുന്നതിനൊപ്പം അപകടങ്ങള്‍ തടയുന്ന ഉത്തരവാദിത്തവും സേഫ്‌സോണിന് : ജില്ലാ കളക്ടര്‍

അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായ സഹായം ഒരുക്കുക മാത്രമല്ല തീര്‍ത്ഥാടന പാതയിലെ അപകടങ്ങള്‍ തടയുന്ന ഉത്തരവാദിത്തം കൂടി മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ്സോണ്‍ പദ്ധതിക്കുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല പാതകളില്‍ തീര്‍ത്ഥാടകര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി ഇലവുങ്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. കോവിഡിന് ശേഷമുള്ള തീര്‍ത്ഥാടനകാലമായതുകൊണ്ട് തന്നെ ഇക്കുറി നിരവധി ഭക്തര്‍ എത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ തീര്‍ത്ഥാടന പാതയിലുണ്ടാകുന്ന അപകടങ്ങള്‍ തടയുകയെന്ന വലിയ ഉത്തരവാദിത്തമാണ് മോട്ടോര്‍ വാഹന വകുപ്പിനുള്ളത്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ സേവനം സ്തുത്യര്‍ഹമായിരുന്നു. ഇത്തവണയും അത് ഏറ്റവും മികച്ചതാക്കണമെന്നും ഇവിടെ ഡ്യൂട്ടിക്കെത്തുന്ന ഓരോരുത്തര്‍ക്കും ജോലി എന്നതിലുപരി ഒരു പുണ്യപ്രവര്‍ത്തിയുടെ നിറവാണ് അനുഭവപ്പെടുകയെന്നും കളക്ടര്‍ പറഞ്ഞു.

 

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാനൂറോളം കിലോമീറ്റര്‍ റോഡ് സേഫ്‌സോണ്‍ പദ്ധതിയുടെ നിരീക്ഷണത്തിലാണ്. ഇലവുങ്കലില്‍ പ്രധാന കണ്‍ട്രോള്‍ റൂമും എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ സബ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര സാഹചര്യമുണ്ടാകുന്ന സ്ഥലത്ത് ഏഴു മിനിറ്റിനുള്ളില്‍ സേഫ്‌സോണ്‍ പ്രവര്‍ത്തകര്‍ എത്തും. മൂന്നു കണ്‍ട്രോള്‍ റൂമുകള്‍ക്കും കീഴിലായി സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.
അപകടങ്ങള്‍ ഒഴിവാക്കുക, രക്ഷാപ്രവര്‍ത്തനം നടത്തുക എന്നിവയാണ് പ്രധാന ചുമതല.

 

പട്രോളിംഗ് ടീമുകള്‍ 24 മണിക്കൂറും ശബരീ പാതയില്‍ ഉണ്ടാകും. ആംബുലന്‍സ്, ക്രെയിന്‍, റിക്കവറി സംവിധാനത്തോടു കൂടിയ ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, തീര്‍ഥാടകര്‍ക്ക് അടിയന്തിര സഹായം തേടുന്നതിന് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സജ്ജീകരിച്ചിട്ടുണ്ട്. സേഫ്‌സോണില്‍ സേവനം അനുഷ്ഠിക്കുന്ന വാഹനങ്ങള്‍ പൂര്‍ണമായും ജിപിഎസ് സംവിധാനം ഉള്ളവയായിരിക്കും. കണ്‍ട്രോണ്‍ റൂമുകളില്‍ നിന്നും ഇവയെ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. രാജ്യത്തെ 30 വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് തീര്‍ഥാടകരുടെ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് സേഫ്‌സോണ്‍ പദ്ധതിയില്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

 

സൗത്ത് സോണ്‍ ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. ജോഷി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വാര്‍ഡ് അംഗം മഞ്ജു പ്രമോദ്, സെന്‍ട്രല്‍ സോണ്‍ ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന്‍, പത്തനംതിട്ട ആര്‍ ടി ഒ എ.കെ. ദിലു, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എന്‍.സി. അജിത്കുമാര്‍, റോഡ് സുരക്ഷാ വിദഗ്ധന്‍ സുനില്‍ ബാബു , ഡിവൈഎസ്പിമാരായ ജി.സന്തോഷ് കുമാര്‍, എം.സി. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

തീര്‍ഥാടന പാതയിലെ അവസാനവട്ട ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തീര്‍ത്ഥാടനപാതയിലെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി തീര്‍ത്ഥാടനപാതയിലൂടെ യാത്ര നടത്തി ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍. പത്തനംതിട്ട മുതല്‍ പമ്പ വരെ തീര്‍ത്ഥാടകരെത്തുന്ന പ്രധാന പാതയിലെ സ്ഥലങ്ങളായ മണ്ണാറക്കുളഞ്ഞി റോഡ്, കാരയ്ക്കാട് അക്യുഡേറ്റ്, വടശേരിക്കര ഇടത്താവളം, ബംഗ്ലാംകടവ്, പ്രയാര്‍ മഹാവിഷ്ണുക്ഷേത്രം, മാടമണ്‍കടവ്, അമ്പലക്കടവ്, പൂവത്തുംമൂട്, പെരുനാട് ഇടത്താവളം, ളാഹ, പ്ലാപ്പള്ളി എന്നിവിടങ്ങളാണ് കളക്ടറും സംഘവും സന്ദര്‍ശിച്ചത്. ഇടത്താവളങ്ങളില്‍ കുടിവെള്ളം, കിടക്കാനുള്ള സൗകര്യങ്ങള്‍, ശുചിമുറി എന്നിവ ഉറപ്പാക്കി. കൂടാതെ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സ്ഥലങ്ങള്‍ പരിശോധിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഭക്തര്‍ കുളിക്കാന്‍ ഇറങ്ങാന്‍ സാധ്യതയുള്ള കടവുകളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

തിരക്കുണ്ടാകുന്ന സ്ഥലങ്ങള്‍, അഗ്‌നിബാധ, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, അപ്പം-അരവണ ലഭ്യമാകുന്ന സ്ഥലം, വെടിവഴിപാടിനുള്ള സ്ഥലം, ഗ്യാസ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നിങ്ങനെ എല്ലാ സ്ഥലങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയ ഭൂപടം ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്. മാത്രമല്ല, അപകടസാധ്യതയുള്ള അഞ്ച് സ്ഥലങ്ങള്‍ പ്രത്യേകമായി കണ്ടെത്തിയിട്ടുമുണ്ട്.

 

ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഡിവൈഎസ്പിമാരായ എസ്.നന്ദകുമാര്‍, ജി.സന്തോഷ് കുമാര്‍, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ഷഫീര്‍ഖാന്‍, ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കളക്ടറെ അനുഗമിച്ചു.

 

ശബരിമല തീര്‍ഥാടനം: ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ തീര്‍ഥാടന പാതകളില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍വര്‍ഷങ്ങളിലേക്കാള്‍ അധികം തീര്‍ഥാടകരെ ഈ വര്‍ഷം പ്രതീക്ഷിക്കുന്നതിനാല്‍ തദ്ദേശവാസികള്‍ക്കും തീര്‍ഥാടകര്‍ക്കും മാലിന്യ പ്രശ്്നം ഉണ്ടാകാതിരിക്കാന്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്കായി 25 തൊഴിലാളികളെ ഉപയോഗിച്ചാണ് ശുചീകരണം നടപ്പാക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ നിര്‍വഹിച്ചു.

 

ശബരിമല തീര്‍ഥാടനം; ആയുര്‍വേദ 

ഡിസ്പെന്‍സറികളില്‍ താത്കാലിക നിയമനം
ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 2023 ജനുവരി 20വരെ  ശബരിമല സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ആയുര്‍വേദ ഡിസ്പെന്‍സറികളിലേക്ക് ഭാരതീയ ചികിത്‌സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനുമായി ചേര്‍ന്ന് കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന താത്ക്കാലിക നിയമനത്തിനുളള അഭിമുഖം  മേലെവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 18ന് നടക്കും.
തസ്തിക, എണ്ണം, ദിവസ വേതനം,യോഗ്യത, ഇന്റര്‍വ്യൂ സമയം എന്നിവ ചുവടെ.1. പബ്ലിക് റിലേഷന്‍ ഓഫീസര്‍ (പുരുഷന്‍)- രണ്ട് ഒഴിവുകള്‍. ദിവസ വേതനം 500 (പ്രതിമാസം പരമാവധി 15,000) പബ്ലിക് റിലേഷന്‍, ജേര്‍ണലിസം ഇവയില്‍ ഒന്നില്‍ ബിരുദവും ബഹുഭാഷകളില്‍ ആശയ വിനിമയത്തിനുള്ള കഴിവ്, രാവിലെ 10.30 ന്.

2. തെറാപ്പിസ്റ്റ് (പുരുഷന്‍)- ആറ് ഒഴിവ്,  700 (പ്രതിമാസം പരമാവധി 20,000/), ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. രാവിലെ 10.30 ന്

3. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (പുരുഷന്‍)- ഒഴിവ് രണ്ട്. 500 രൂപ (പ്രതിമാസം പരമാവധി 15,00) ഡി.സി.എ (ഇംഗ്ലീഷ്/ മലയാളം ടൈപ്പിംങ്പരിജ്ഞാനം).മുന്‍ പരിചയം അഭിലഷണീയം. ഉച്ചയ്ക്ക് രണ്ടിന്.

4. ക്ലീനിംഗ് സ്റ്റാഫ് (പുരുഷന്‍)- മൂന്ന് ഒഴിവ്. 500 രൂപ (പ്രതിമാസം പരമാവധി 15,000 ഏഴാം ക്ലാസ്, ഉച്ചയ്ക്ക് രണ്ടിന് .

അപേക്ഷകര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍. 0468 2 324 337.

 

ശബരിമല തീർത്ഥാടനം ഇടത്താവളം നാളെ തുറന്നുകൊടുക്കും

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായ പത്തനംതിട്ട  നഗരത്തിലെ ശബരിമല ഇടത്താവളം ഈ മാസം 16ന് നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ തീർത്ഥാടകർക്കായി തുറന്നുകൊടുക്കും. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് ഇടത്താവളം ഭക്തർക്ക് തുറന്നുകൊടുക്കുന്നത്.

ഭക്തർക്ക് വിരി വയ്ക്കാനും ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനുമായി എല്ലാ സൗകര്യങ്ങളും ഇടത്താവളത്തിൽ തയ്യാറായിട്ടുണ്ട്. ഇതിനായി പ്രത്യേക ഡോർമെറ്ററികൾ, വിറകുപുര,ആൽത്തറ തുടങ്ങിയവ സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാന കൗണ്ടർ, ശൗചാലയങ്ങൾ,പോലീസ് എയിഡ് പോസ്റ്റ് അടക്കം വിപുലമായ സൗകര്യങ്ങളാണ് നഗരസഭ തീർത്ഥാടകർക്കായി ഇടത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ ഹോമിയോ, ആയുർവേദ, അലോപ്പതി ചികിത്സ കേന്ദ്രങ്ങളും തീർഥാടകർക്കായി ഒരുക്കിയിട്ടുണ്ട്. തീർത്ഥാടനകാലത്ത് ഇടത്താവളത്തിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി. കൂടാതെ അയ്യപ്പസേവാസമാജത്തിൻറെ സേവനവും തീർത്ഥാടകർക്കായി ഇടത്താവളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

error: Content is protected !!