പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പ് സമഗ്രമായ ഇടപെടൽ നടത്തുന്നു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന ‘അരിവണ്ടി’ സംസ്ഥാനത്തൊട്ടാകെ 500 കേന്ദ്രങ്ങളിൽ സബ്സിഡി നിരക്കിൽ അരിവിതരണം നടത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.
ജയ അരി കിലോഗ്രാമിന് 25 രൂപ, കുറുവ അരി 25 രൂപ, മട്ട അരി 24 രൂപ എന്നി ചേർത്ത് റേഷൻ കാർഡൊന്നിന് 10 കിലോ ലഭിക്കും. സപ്ലൈകൊ മാവേലിസ്റ്റോർ, സൂപ്പർ മാർക്കറ്റ് എന്നിവ ഇല്ലാത്ത താലൂക്ക്/ പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരിവണ്ടി എത്തുക. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും അതത് സ്ഥലത്തെ ജനപ്രതിനിധികൾ അരിവണ്ടിയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അരിവണ്ടി എത്തും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ വരും ദിവസങ്ങളിൽ വിതരണം നടക്കും. അരി വാങ്ങുന്നതിന് റേഷൻ കാർഡ് ഹാജരാക്കണമെന്ന് മന്ത്രി അറിയിച്ചു. ഒരു ജില്ലയിൽ ഒരു താലൂക്കിലെ പ്രധാന കേന്ദ്രങ്ങളിൽ രണ്ട് ദിവസങ്ങളിലായി അരിവതരണം നടത്തും.