Trending Now

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 15/09/2022)

സ്വയം തൊഴില്‍ വായ്പാ പദ്ധതി
ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പരമാവധി ഒരുലക്ഷം രൂപവരെ അനുവദിക്കുന്ന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പദ്ധതിലേക്ക് അപേക്ഷിക്കാം. പച്ചക്കറി കൃഷി, മത്സ്യകൃഷി, കച്ചവടം, ഭക്ഷ്യസംസ്‌ക്കരണം, കാറ്ററിംഗ്, പെട്ടിക്കട, തട്ടുകട, പപ്പട നിര്‍മ്മാണം,മെഴുകുതിരി നിര്‍മ്മാണം, നോട്ട്ബുക്ക് ബൈന്‍ഡിംഗ്, കരകൗശല നിര്‍മ്മാണം, ടെയ്ലറിംഗ് തുടങ്ങി ചെറിയ മൂലധനത്തില്‍ തുടങ്ങാവുന്ന നാമമാത്ര /ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാം. നിലവില്‍ സംരംഭങ്ങള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. നിലവില്‍ ബാങ്കുകള്‍/ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് അവ വികസിപ്പിക്കുന്നതിനും വായ്പാ തുക ഉപയോഗിക്കാം.
1,20,000 രൂപയില്‍ അധികരിക്കാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 25-55 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്ക് മുന്‍ഗണന നല്‍കും. അഞ്ച് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ബാക്ക് എന്‍ഡ് സബ്സിഡിയായി വായ്പാതുകയുടെ 50 ശതമാനം(പരമാവധി 25,000 രൂപ) അനുവദിക്കും.

ക്വട്ടേഷന്‍
സാമൂഹ്യനീതി വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഡിസ്പ്ലേ ബോര്‍ഡ് നിര്‍മിക്കുന്നതിന് തയ്യാറുളള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 ന്  പകല്‍ രണ്ടു വരെ. ഫോണ്‍ : 0468-2325242.

വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷ ബാധ: കുത്തിവെയ്പ് 20 വരെ
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പേവിഷബാധയക്ക് എതിരെയുള്ള വാര്‍ഡുതല പ്രതിരോധ കുത്തിവെയ്പ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് തെരുവു നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വീട്ടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് നിര്‍ബന്ധമായും എടുക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. ഈ മാസം 20 വരെ ക്യാമ്പുകള്‍ നടത്തും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പറുമാരായ മിനി മനോഹരന്‍, സതീഷ് കുമാര്‍, വെറ്ററിനറി സര്‍ജന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ പങ്കെടുത്തു.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ 17 മുതല്‍ 19 വരെ
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഗ്രാമസഭ സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ നടത്തും.
വാര്‍ഡ്, ഗ്രാമസഭ യോഗങ്ങളുടെ തീയതി,സമയം, സ്ഥലം എന്ന ക്രമത്തില്‍
വാര്‍ഡ് ഒന്ന് ചീക്കനാല്‍ -18 ന് ഉച്ചയ്ക്ക് രണ്ടിന് ഗവ.എല്‍.പി.എസ് ചീക്കനാല്‍, വാര്‍ഡ് രണ്ട് ഐമാലി വെസ്റ്റ് -18 ന് രാവിലെ 11 ന് എന്‍എസ്എസ് കരയോഗ മന്ദിരം ഐമാലി വെസ്റ്റ്, വാര്‍ഡ് മൂന്ന് ഐമാലി ഈസ്റ്റ് 17 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് എന്‍ എസ് എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അമ്പല ജംഗ്ഷന്‍ ഓമല്ലൂര്‍, വാര്‍ഡ് നാല്  പറയനാലി – 18 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കമ്മ്യൂണിറ്റി സെന്റര്‍ പറയനാലി, വാര്‍ഡ് അഞ്ച് മണ്ണാറമല- 17 ന് ഉച്ചയ്ക്ക് രണ്ടിന് എം എസ് സി എല്‍ പി എസ് പുത്തന്‍പീടിക, വാര്‍ഡ് ആറ് പുത്തന്‍പീടിക- 17 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓമല്ലൂര്‍,  വാര്‍ഡ് ഏഴ് പൈവളളി ഭാഗം -17 ന് ഉച്ചയ്ക്ക രണ്ടിന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓമല്ലൂര്‍,  വാര്‍ഡ് എട്ട് വാഴമുട്ടം നോര്‍ത്ത് – 17 ന്  രാവിലെ 11 ന് എന്‍എസ്എസ് കരയോഗ മന്ദിരം വാഴമുട്ടം,  വാര്‍ഡ് ഒന്‍പത് വാഴമുട്ടം – 19 ന് ഉച്ചയ്ക്ക് രണ്ടിന് പ്രകൃതി ക്ഷോഭ പുനരധിവാസ ഷെല്‍ട്ടര്‍ വാഴമുട്ടം, വാര്‍ഡ് 10 മുളളനിക്കാട്- 17 ന് രാവിലെ 10 ന് സെന്റ്മേരീസ് ചര്‍ച്ച് പാരിഷ് ഹാള്‍ മുളളനിക്കാട്, വാര്‍ഡ് 11 പന്ന്യാലി – 17 ന് രാവിലെ 11.30 ന് ഗവ.യുപിഎസ് പന്ന്യാലി, വാര്‍ഡ് 12 ആറ്റരികം – 17 ന് ഉച്ചയ്ക്ക് 2.30 ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍, വാര്‍ഡ് 13 ഓമല്ലൂര്‍ ടൗണ്‍ – 19 ന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറുയം ഓമല്ലൂര്‍, വാര്‍ഡ് 14 മഞ്ഞിനിക്കര 18 ന് ഉച്ചയ്ക്ക് 2.30 ന് ഗവ.എല്‍പിഎസ് മഞ്ഞിനിക്കര.

അധ്യാപക ഒഴിവ്
തുമ്പമണ്‍ നോര്‍ത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ് വിഷയത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ജൂനിയര്‍ അധ്യാപക ഒഴിവുണ്ട്. താത്പര്യമുളളവര്‍ കൂടിക്കാഴ്ചയ്ക്കായി ഈ മാസം 19 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9947 202 326.


ജൈവ വൈവിധ്യ ബോര്‍ഡ് കുട്ടികള്‍ക്ക് മത്സരങ്ങള്‍ നടത്തും

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് 15 ാം മത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാ / സംസ്ഥാന തലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഫോട്ടോഗ്രാഫിക്, ഉപന്യാസം, പ്രോജക്ട് അവതരണം, പെയിന്റിംഗ്,  പെന്‍സില്‍ ഡ്രോയിംഗ് തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പൂരിപ്പിച്ച അപേക്ഷ അതത് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഇ-മെയില്‍ വിലാസത്തിലേക്ക് നവംബര്‍ 10ന് മുന്‍പായി അയക്കണം. വെബ് സൈറ്റ് : www.keralabiodiversity.org.

എന്‍ട്രന്‍സ് പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ ലക്ഷ്യ 2022-23 പദ്ധതി പ്രകാരം  പ്ലസ് ടു  പഠനത്തിനുശേഷം മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നടത്തുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.  2022ലെ പ്ലസ് ടു പരീക്ഷയില്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് ബി പ്ലസ്  ല്‍ കുറയാത്ത ഗ്രേഡ് വാങ്ങി  പ്ലസ് ടു പാസായവരും ജില്ലാ കളക്ടറും, ജില്ലാ പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ചേര്‍ന്നു പഠിക്കുന്ന ആറ് ലക്ഷം രൂപയില്‍ കവിയാത്ത കുടുംബവാര്‍ഷിക വരുമാനമുളളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷ കുട്ടിയുടെ ജാതി, രക്ഷാകര്‍ത്താവിന്റെ  കുടുംബവാര്‍ഷിക വരുമാനം, എസ് എസ് എല്‍സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , പ്ലസ് ടുമാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 30 നകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി  വികസന ഓഫീസില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാം.ഉയര്‍ന്ന മാര്‍ക്കും കുറഞ്ഞ വരുമാനവുമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍  – 0468 2322712

സര്‍വെയര്‍ എഴുത്ത് പരീക്ഷ 18ന്
സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയിമെന്റില്‍ നിന്നും ലഭ്യമായ സര്‍വെയര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം 18ന് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖാന്തിരം എല്ലാ ജില്ലകളിലും എഴുത്ത് പരീക്ഷ നടത്തും. ഹാള്‍ ടിക്കറ്റുകള്‍ പോസ്റ്റല്‍ ആയും എന്റെ ഭൂമി പോര്‍ട്ടലില്‍ നിന്നും ( entebhoomi.kerala.gov.in) ഡൗണ്‍ലോഡ് ചെയ്യാം.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ 20000-45800 രൂപ ശമ്പള നിരക്കിലെ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ – 501/2017)  തസ്തികയുടെ 30.04.2021 തീയതിയില്‍ നിലവില്‍ വന്ന 171/2021/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 29/04/2022 അര്‍ദ്ധരാത്രി നിശ്ചിത കാലാവധി പൂര്‍ത്തിയായതിനാല്‍ 30/04/2022 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0468 2 222 665.

പപ്പായ തൈ വിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ 300 ഹൈബ്രിഡ് പപ്പായ തൈകള്‍ സൗജന്യ വിതരണം നടത്തുന്നു. ആവശ്യമുളള കര്‍ഷകര്‍  (സെപ്റ്റംബര്‍ 16 ന്)കൃഷി ഭവനില്‍ എത്തി കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.