ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( സെപ്റ്റംബര്‍ 2) അവധി
പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( സെപ്റ്റംബര്‍ 2) ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.
ആറന്മുള മണ്ഡലത്തിൽ 1.88 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് അനുമതി : മന്ത്രി വീണാ ജോർജ്
ആറന്മുള നിയോജക മണ്ഡലത്തിൽ 1.88 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ.എയുമായ വീണാ ജോർജ് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ തകർന്ന റോഡുകളുടെ കലുങ്കുകളുടെയും, സംരക്ഷണ ഭിത്തികളുടെ നിർമ്മാണം, ഡ്രെയിനേജ് സംവിധാനം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
അനുമതി ലഭിച്ച പ്രവൃത്തികൾ
1. കരീലമുക്ക് -ഓതറ റോഡ് കലുങ്ക് പുനർനിർമ്മാണം – 12 ലക്ഷം
2. ആത്മാവ് -കുരിശുകവല കലുങ്ക് പുനർനിർമ്മാണം – 12 ലക്ഷം
3. ചിറക്കാല -ഇലന്തൂർ റോഡ് കലുങ്ക് പുനർനിർമ്മാണം – 10 ലക്ഷം
4. ഊന്നുകൽ -മുറിപ്പാറ റോഡ് കലുങ്കിന്റെയും , സംരക്ഷണഭിത്തിയുടെയും നിർമ്മാണം. – 20 ലക്ഷം
5. വട്ടക്കാവ് -നെല്ലിക്കാല റോഡ് കലുങ്ക് നിർമ്മാണം – 22 ലക്ഷം
6. മഠത്തുംപടി – കണമുക്ക് റോഡ് കലുങ്ക് നിർമ്മാണം – 20 ലക്ഷം
7. തിരുവല്ല – കുമ്പഴ റോഡ് കലുങ്ക് നിർമ്മാണം – 12 ലക്ഷം
8. ഊന്നുകൽ – കാരാച്ചേരി – വെട്ടത്തേത്തു പടി – എൻ.എസ്.എസ് കരയോഗം റോഡ് സംരക്ഷണ ഭിത്തി നിർമ്മാണം – 25 ലക്ഷം
9. റിംഗ് റോഡ് ഡ്രെയിനേജ് നിർമ്മാണം – 20 ലക്ഷം
10. തിരുവല്ല – കുമ്പഴ റോഡ് ഡ്രെയിനേജ് നിർമ്മാണം – 25 ലക്ഷം
11. പന്തളം – ആറന്മുള റോഡ് പുതിയ ഡ്രെയിനേജ് നിർമ്മാണം – 10 ലക്ഷം
മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി;ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി
സംസ്ഥാന സര്‍ക്കാരും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സര്‍ക്കാര്‍ നടപ്പാക്കിയ മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. എഫ്.എച്ച്.പി.എല്‍ സംസ്ഥാന മേധാവി സുവൈദ് യഹിയ, ഡോ.തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മെഡിസിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ആശുപത്രി ജീവനക്കാര്‍ക്കുള്ള സംശയ നിവാരണവും നടത്തി.
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം
2022 മാര്‍ച്ചിലെ പൊതു പരീക്ഷയില്‍ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിച്ച് വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2023 മെഡിക്കല്‍-എഞ്ചിനീയറിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി പരിശീലനം നടത്തുന്നു.
പ്ലസ് ടു കോഴ്‌സുകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെയും 2022 ല്‍ നീറ്റ്/ കെഇഎഎം സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം. താമസ, ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനങ്ങളില്‍ ഒരു വര്‍ഷ കാലയളവിലാണ് നടത്തപ്പെടുന്നത്. താല്‍പര്യമുള്ള മിടുക്കരായ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ പേര്, ജനനത്തീയതി, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് സമ്മതമാണെന്നുള്ള രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, 2022 ലെ പ്രവേശന പരീക്ഷ (നീറ്റ്/ കെഇഎഎം) എഴുതിയിട്ടുണ്ടെങ്കില്‍ ആയതിന് ലഭിച്ച സ്‌കോര്‍ വ്യക്തമാക്കുന്ന രേഖകള്‍, ജാതി -വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, മെഡിക്കല്‍ -എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്കുള്ള പ്രത്യേകമായ അപേക്ഷ (താത്പര്യാര്‍ത്ഥം) എന്നിവ സഹിതം സമര്‍പ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍ വകുപ്പ് മുഖേന നടപ്പിലാക്കിയ പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ ആ വിവരം കൂടി രേഖപ്പെടുത്തേണ്ടതാണ്. റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്/റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, തോട്ടമണ്‍, റാന്നി പി .ഒ -689672 എന്ന മേല്‍വിലാസത്തില്‍ സെപ്റ്റംബര്‍ 14ന് മുന്‍പായി ഹാജരാക്കണമെന്ന് ട്രൈബല്‍ ഡെവല്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0473 5 227 703 .
ഓംബുഡ്‌സ്മാന്‍ ഹിയറിംഗ് (സെപ്റ്റംബര്‍ 02)
മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ (സെപ്റ്റംബര്‍ 02) രാവിലെ 11 മുതല്‍ നടക്കുന്ന ഹിയറിംഗില്‍ പരാതികള്‍ സ്വീകരിക്കുമെന്ന് മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ അറിയിച്ചു.
ജനറല്‍ ബോഡി: യോഗ സ്ഥലം മാറ്റി
സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2020-21, 2021-22 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ നടത്താനിരുന്ന യോഗം ചില സാങ്കേതിക കാരണങ്ങളാല്‍ അതേ തീയതിയില്‍ പി.ഡബ്ല്യൂ റസ്റ്റ് ഹൗസിലേക്ക് മാറ്റിയതായി പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 9495 204 988, 9446 425 520.
കമ്മ്യൂണല്‍ ഹാര്‍മണി യോഗം 13ന്
ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണഇ യോഗം സെപ്റ്റംബര്‍ 13ന് രാവിലെ 10.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മൂന്നിന്
സെപ്റ്റംബര്‍ മാസത്തെ കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11ന് തൈക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യോഗത്തില്‍ നിയമസഭ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും പഞ്ചായത്ത് അധ്യക്ഷന്മാരും താലൂക്ക തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.
അടൂര്‍ താലൂക്ക് വികസന സമിതി യോഗം മൂന്നിന്
അടൂര്‍ താലൂക്ക് വികസന സമിതിയുടെ യോഗം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10.30ന് അടൂര്‍ താലൂക്ക് ഓഫീസില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരും. നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍, എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ഹാജരാകണമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനറായ അടൂര്‍ തഹസീല്‍ദാര്‍ അറിയിച്ചു.
കോന്നി താലൂക്ക് വികസന സമിതി യോഗം മൂന്നിന്
സെപ്റ്റംബര്‍ മാസത്തെ കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11ന് താലൂക്ക് ഓഫീസില്‍ നടക്കും. യോഗത്തില്‍ നിയമസഭ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും പഞ്ചായത്ത് അധ്യക്ഷന്മാരും താലൂക്ക തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.
വനിതാരത്ന പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു
വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്നും 2022 വര്‍ഷത്തെ വനിതാരത്ന പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷക ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത തുടങ്ങിയ ഏതെങ്കിലും മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം.
ഓരോ പുരസ്‌കാര ജേതാവിനും അവാര്‍ഡ് തുകയായി ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തി പത്രവും നല്‍കും. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജ്ജിച്ച വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ (പുസ്തകം, സി.ഡി കള്‍, ഫോട്ടോകള്‍, പത്രക്കുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷ/നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 25. സമയപരിധിക്ക് ശേഷവും നിശ്ചിത മാതൃകയിലല്ലാത്ത അപേക്ഷകളും പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക്
www.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ : 0468 2 966 649.
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന ഓണ വിപണികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഏകോപന യോഗം എ.ഡി.എം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ കണ്‍വീനര്‍ കൂടിയായ ജില്ല കൃഷി ഓഫീസര്‍ എ. ഡി ഷീല വിപണി നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു. ജില്ലയില്‍ ആകെ 113 വിപണികളില്‍ 77 എണ്ണം കൃഷി വകുപ്പ് നേരിട്ടും കൃഷി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എക്കോഷോപ്പുകള്‍, ക്ലസ്റ്റര്‍, വിപണികള്‍, ആഴ്ച ചന്തകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കും.
കൂടാതെ, വിഎഫ്പിസികെയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ വിപണികള്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം ഹോര്‍ട്ടിക്കോര്‍പ്പിന്റെ നേതൃത്വത്തിലും 20 വിപണികള്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈ മാസം നാല് മുതല്‍ ഏഴ് വരെ പ്രര്‍ത്തിക്കുന്ന വിപണികളില്‍ പ്രാദേശിക വിലയേക്കാള്‍ 10 ശതമാനം കൂടുതല്‍ വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന ഉല്‍പന്നങ്ങള്‍ 30ശതമാനം വിലകുറച്ച് വില്‍ക്കും. ഇത് ഓണകാലത്തെ പച്ചക്കറി വില നിയന്ത്രിക്കുന്നതിന് സഹായകരമാകും.
ദുരിതാശ്വാസ ക്യാമ്പില്‍ 90 പേര്‍
ജില്ലയിലെ കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളില്‍ ഒരോന്ന് വീതവും തിരുവല്ല താലൂക്കില്‍ അഞ്ചും അടക്കം ആകെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 29 കുടുംബങ്ങളിലെ 90 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ 22 പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും 11 പേര്‍ കുട്ടികളുമാണ്. കോഴഞ്ചേരി താലൂക്കിലെ ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങളിലെ 34 പേരും മല്ലപ്പള്ളി താലൂക്കിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലുപേരുമാണുള്ളത്. കൂടുതല്‍ കുടുംബങ്ങള്‍ കഴിയുന്ന തിരുവല്ലയിലെ ക്യാമ്പുകളില്‍ 52 പേരാണ് ഉള്ളത്.