Trending Now

വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കല്‍:  താലൂക്ക് ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് തുടങ്ങി      

konnivartha.com : വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം ജില്ല കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ  ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. കളക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും രണ്ടു ദിവസത്തിനുള്ളില്‍ വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ ആസ്ഥാനം കൂടാതെ തിരുവല്ല, കോഴഞ്ചേരി, കോന്നി, അടൂര്‍, റാന്നി താലൂക്ക് ഓഫീസുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് ഐഡി കാര്‍ഡ് നമ്പറും, ആധാര്‍ നമ്പറും നല്‍കി ലിങ്ക് ചെയ്യാം. ഹെല്‍പ് ഡെസ്‌കിന്റെ സേവനം ഓഫീസ് സമയങ്ങളില്‍ ലഭ്യമാകും.
ആധാര്‍ ബന്ധിപ്പിക്കുന്നതിനായി www.voterportal.eci.gov.in,     www.nvsp.in എന്നീ വെബ് സൈറ്റുകള്‍, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഉദ്ഘാടന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ജില്ലാ ലോ ഓഫീസര്‍ കെ.എസ്. ശ്രീകേഷ് എന്നിവര്‍ പങ്കെടുത്തു.