Trending Now

മണ്ണിന്‍റെ മണമുള്ള വാക്കുകൾ : കാർഷിക സമൃദ്ധിയുടെ വിളനിലത്തിലേക്ക് സ്വാഗതം

konnivartha.com : തറികളുടെയും തിറകളുടേയും കേളികേട്ട നാടായ കണ്ണൂർ ജില്ലയുടെ സാസ്‌കാരിക സവിഷേതകൾക്കൊപ്പം കാർഷിക സമൃദ്ധിയുടെ നിറവിലും മുൻനിരയിലെത്തി നിൽക്കുന്ന ഉൾനാടൻ ഗ്രാമപ്രദേശമാണ് തില്ലങ്കേരി .ജന്മി നാടുവാഴിത്തത്തിനെതിരെ കാർഷിക കമ്യുണിസ്റ് പോരാട്ടവീര്യ ചരിത്ര സ്‌മൃതികളിൽ ചോരവീണു ചുകന്ന മണ്ണുകൂടിയാണ് തില്ലങ്കേരി എന്ന കർഷക ഗ്രാമം .

 

തില്ലങ്കേരിയിലെ പുരളി മലയുടെ അടിവാരം  തേടി കാർഷിക ഗവേഷകർ ,വിദേശീയരും സ്വദേശീയരുമായ വിനോദസഞ്ചാരികൾ ,വിദ്യാർത്ഥികൾ ,മാധ്യമപ്രവർത്തകർ ,രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ തുടങ്ങി നാടിൻറെ നാനാഭാഗങ്ങളിൽ നിന്നുള്ള സന്ദർശനബാഹുല്യം കൊണ്ടും അനുഗ്രഹീതമാണ് ഇന്ന് തില്ലങ്കേരി എന്ന നാട്ടുമ്പുറം .

മണ്ണിൻറെ മനസ്സ് തൊട്ടറിഞ്ഞ കാർഷികപാരമ്പര്യ സമൃദ്ധിയിലൂടെ കടന്നുവന്ന ഷിംജിത്ത് തില്ലങ്കേരിയുടെ ജൈവവൈവിധ്യ കേന്ദ്രത്തിലേക്കുള്ള വഴി തിരക്കികൊണ്ടാണ് ആളുകളിൽ പലരുടെയും വരവ് .

സുരക്ഷിതം സുസ്ഥിരവരുമാനം എന്ന ലക്ഷ്യവുമായി കൃഷിയെ നെഞ്ചിലേറ്റിയ സംസ്ഥാനത്തെ അഞ്ചാമത്തെ സമ്പൂർണ്ണ തരിശ്രഹിത പഞ്ചായത്ത് എന്ന പെരുമയും തില്ലങ്കേരിക്ക് സ്വന്തം .
കൃഷിയും ഒപ്പം അനുബന്ധതൊഴിലുകളിൽ നിന്നും അകലം പാലിച്ചുനിൽക്കുന്ന ആധുനിക വൈറ്റ് കോളർ വിഭാഗത്തിന് കനത്ത മാതൃകയും വെല്ലുവിളിയുമായി കൃഷിയെ പ്രണയിക്കുന്ന ഒരു യുവാവുണ്ട് .
ഇവിടെ ഈ പഞ്ചായത്തിൽ !.

പരമ്പാരഗത കാർഷിക കുടുംബത്തിൽ ജനിച്ചുവളർന്നതുകൊണ്ടുതന്നെ മണ്ണിൻറെ മണവും മനസ്സുമറിഞ്ഞ കൃഷിയെ നെഞ്ചിലേറ്റിയ കാഞ്ഞിരാട്ട് ‘ജൈവക’ ത്തിലെ ഷിംജിത്ത് എന്ന യുവ കർഷകൻ .ഷിംജിത്ത് കാർഷിക പരിചരണമുറകളുടെ ഹരിശ്രീകുറിക്കുന്നതും പ്രായോഗികപരിശീലനം നേടുന്നതും തന്റെ അച്ഛൻ പോരുകണ്ടി ബാലനിൽനിന്ന് .അദ്ദേഹമിന്നില്ല .

കാഞ്ഞിരാട്ട് ബസ്സ് സ്റ്റോപ്പിലെത്തിയാൽ കാണാം ദിശാഫലകം പോലെ ‘ജൈവകം ‘ എന്ന ബോർഡ് .

ഞാൻ ഒരു കിളിയെ വളർത്തി
അതുപറന്നുപോയി
ഞാൻ ഒരു അണ്ണാനെ വളർത്തി
അത് ഓടിപ്പോയി
ഒടുവിൽ ഞാനൊരു മരം നട്ടു
അണ്ണാനും കിളിയും തിരികെ വന്നു .!

കേരളത്തിലെ മറ്റേതൊരു ഉൾനാടൻ ഗ്രാമങ്ങളിൽ ചെന്നാലും സന്ദർശകരുടെ കണ്ണുടക്കുന്നതരത്തിൽ ഇതുപോലൊരുവരികൾ എഴുതിയ ബോർഡ് കാണാനിടയാവില്ല.
ഇതും ഷിംജിത്ത് തില്ലങ്കേരിയുടെ മണ്ണിന്റെ മണമുള്ള വാക്കുകൾ !.

അവിടെ നിന്നും ഒരു വിളിപ്പാട് ദൂരം നടന്നാൽ പുരളി മലയുടെ താഴ്വാരത്തിലുള്ള ഇരുപതോളം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഷിംജിത്തിൻറെ ജൈവ വൈവിധ്യകേന്ദ്രത്തിലെത്താം ,ഒപ്പം ജൈവകം എന്ന അദ്ദേഹത്തിൻറെ പാർപ്പിടത്തിലേയ്ക്കും .

പരമ്പരാഗത കാർഷിക കുടുംബത്തിൽ ജനിച്ചു വളർന്നതുകൊണ്ട് തന്നെ കൃഷി എന്നത് ഉപജീവനത്തിനായുള്ള ഒരു തൊഴിൽ മാത്രമല്ല തലമുറകൾക്ക് കൈമാറേണ്ടുന്ന സംസ്ക്കാരവും അതിജീവനവുമാണെന്ന് അടിവരയിട്ട് പറയുന്ന വേറിട്ട മനസ്സുള്ള ഷിംജിത്ത് എന്ന ചെറുപ്പക്കാരനുമായി പങ്കിട്ട നിമിഷങ്ങൾ ഏറെ ധന്യം!.

ജൈവ വൈവിധ്യവും വിളവൈവിധ്യവും ഇഴചേർത്ത് നെയ്തെടുത്തപോലുള്ള ഹരിത വിസ്‌മയ കാഴ്ചകളാണ് അതിവിശാലമായ ഈ കൃഷിയിടത്തിലുടനീളം കാണാനായത്.
കളയോടൊപ്പം വളർന്നുയർന്ന വിളകൾക്ക് താരതമ്യേന കീടങ്ങളുടെ ആക്രമണത്തിൽ നിന്നും അയവുണ്ടാകുമെന്നാണ് കാർഷിക ഗവേഷണ മനോഭാവമുള്ള ഈ നാടൻ കർഷകന്റെ പ്രായോഗികതയിലൂന്നിയ കണ്ടെത്തൽ .തൊട്ടുപുറകിൽ ഉയരത്തിൽ കാണുന്ന മലമുകളിൽ നിന്നും പൊട്ടിയൊലിച്ചിറങ്ങുന്ന നീരുറവകളെ ഫലപ്രദമായ തോതിൽ ഗതിമാറ്റിയും ദിശമാറ്റിയും സ്പ്രിംഗ്ളർ ഉപയോഗിച്ചും ജലസമൃദ്ധിയിൽ കുളിരുമ്മ വെയ്ക്കുന്നപോലുള്ള ഒരിടമാക്കിയിരിക്കുന്നു ഷിംജിത്ത് ഈ കൃഷിയിടം .

കേന്ദ്രസർക്കാർ ‘ആര്യ ‘ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ കൃഷിയിടത്തിലെ ജൈവ വൈവിധ്യ സംരക്ഷണത്തിനും ഔഷധസസ്യ ശേഖരണത്തിനുമായി പ്രത്യേകം ധനസഹായം തന്നെ ഷിംജിത്തിനായി അനുവദിച്ചിട്ടുണ്ട്.സീറോ ബജറ്റ് കൃഷിരീതിക്ക് പുറമെ പുരാതന കൃഷി ശാസ്ത്രമായ വൃക്ഷായുർവ്വേദത്തിലെ ഗുണാത്മകമായ പലഘടകങ്ങളും കൃഷിയിൽ ഇദ്ദേഹം ഇവിടെ പരീക്ഷിച്ച് വിജയം കാണിച്ചുതരുന്നു .അശേഷം കീടനാശിനി പ്രയോഗങ്ങളില്ലാതെ പരന്നുകിടക്കുന്ന ഈ കൃഷിയിടത്തിൽ ചുറ്റിപ്പറക്കുന്ന തേനീച്ചകളും ചെറുതേനീച്ചകളും ശേഖരിക്കുന്ന വിഷലിപ്‌തമല്ലാത്ത തേനിനും ഇവിടെ ആവശ്യക്കാരേറെ .

ഉമിക്കരി മുതൽ ചാണകം വരെയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നീണ്ട നിരതന്നെയാണ് ഇവിടെ കാണാനാവുക .ചെറുതേൻ പെരുന്തേൻ നാടൻ പശുക്കളിൽനിന്നുള്ള ശുദ്ധവും ഔഷധ ഗുണമുള്ളതുമായ പശുവിൻ നെയ്യ്,ഇവിടെ വിളയിച്ചെടുത്ത എള്ളിൽനിന്നുള്ള എള്ളെണ്ണ അതുപോലെ വെളിച്ചെണ്ണതുടങ്ങി ശുദ്ധിയും മായരഹിതവുമായ പ്രകൃതി വിഭവങ്ങളുടെ ജൈവ കലവറ കൂടിയാണിവിടം .

കരിമഞ്ഞളിന്‍റെ  വകഭേധങ്ങളായി ഇരുപത്തിയഞ്ചോളം.ഒരു ചുവടിന് പതിനായിരം രൂപ വിലപേശാതെ ലഭിക്കുന്ന അത്യപൂർവ്വ ഇനം വാടാർ മഞ്ഞൾ ,കരിമഞ്ഞൾ അങ്ങിനെ എണ്ണിയാൽ തീരാത്ത കൃഷിയിനങ്ങൾ .അഗ്നിപത്രി ,ഗരുഡപ്പച്ച ,പാണ്ഡവർബട്ടി ,കൊതുകു വിരട്ടി ,രുദ്രാക്ഷം ,അണലിവേഗം, കുന്തിരിക്കം ,ആരോഗ്യപ്പച്ച തുടങ്ങിയ അപൂർവ്വ ഇനങ്ങളുടെ നീണ്ട നിര .

സുഗന്ധം പരത്തുന്ന 35 ലേറെ തുളസിയിനങ്ങൾ തുടങ്ങി അഞ്ഞൂറിലേറെ ഔഷധസസ്യങ്ങളുടെ നീണ്ട നിര ,കിലോവിന് ലക്ഷങ്ങൾ വിലമതിക്കുന്ന അപൂർവ്വ തരത്തിൽപെട്ട അമ്പതിലേറെ ഇനം മഞ്ഞൾ ,പലതരത്തിൽപെട്ട 210 ലേറെ നെൽവിത്തിനങ്ങൾ , ഉത്തരേന്ത്യൻ ഇനമായ നാസർബാത്ത്‌ എന്നവയലറ്റ് നിറത്തിലുള്ള നെല്ല് , ഗോവൻ കുള്ളൻ പശു ,യമു ,മുയൽ ,താറാവ് ,നാടൻ കോഴികൾ കൂട്ടത്തിൽ മീൻവളർത്തലും വളർത്തുമൃഗ സംരക്ഷണവും അലങ്കാര പക്ഷികളും

ഷിംജിത്ത്ഷിംജിത്ത് .കുറഞ്ഞചിലവിൽ കുറഞ്ഞസ്ഥലത്ത് കൂടുതൽ വിളവ് എന്നലക്ഷ്യവുമായി കേരള കാർഷിക സർവ്വകലാശാലയുടെ സാങ്കേതിക സഹായത്തോടെ സംയോജിത ലംബമാന കൃഷിരീതി .കാണാനും പറയാനുമേറെ .എണ്ണിയാൽ തീരാത്ത ജൈവസംസ്‌കൃതിയുടെ അതിവിപുലമായ കലവറയാണ് തില്ലങ്കേരിയിലെ ഷിംജിത്തിന്റെ ജൈവകം .

അഞ്ഞൂറിലേറെ നാടൻ വിത്തിനങ്ങളുടെ അപൂർവ്വ ശേഖരവുമായി തമിഴ്‌നാട്ടിലെ സാലൈ അരുൺ എന്ന കർഷകയുവാവ് മോട്ടോർ സൈക്കിളിൽ ഭാരതപര്യടനം തുടരുന്നതിനിടയിൽ ഈ അടുത്ത ദിവസം തില്ലങ്കേരിയിലുമെത്തി .

ഇന്ത്യയിലുടനീളമുള്ള ജൈവകർഷകരുമായി മുഖാമുഖം പരിപാടി നടത്തിക്കൊണ്ടുള്ള യാത്രക്കിടയിൽ ഷിംജിത്തിന്റെ ജൈവകത്തിലും അദ്ദേഹം അതിഥിയായെത്തി . .
വ്യത്യസ്ഥവും വേറിട്ടതുമായ കൃഷി രീതികളുലും നാട്ടറിവുകളും കേട്ടുംകണ്ടും പഠിക്കുന്നതോടൊപ്പം തൻറെ കൈവശമുള്ള നാടൻ വിത്തുകൾ ആവശ്യമുള്ളവർക്ക് സൗജന്യമായി കൈമാറുവാനും തൻറെ കൈവശമില്ലാത്ത അപൂർവ്വ ഇനം വിത്തുകൾ മറ്റുള്ളവരിൽനിന്നും സ്വന്തമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് തൃശ്ശിനാപ്പള്ളി സ്വദേശിയായ ഈ മുപ്പത് വയസ്സുള്ള അഭ്യസ്ഥ യുവാവ് ഭാരതത്തിലുടനീളം ദീർഘയാത്ര തുടരുന്നത് .

 

തിരുവനന്തപുരത്തിനടുത്തുള്ള നാഗർ കോവിലിൽ നിന്നും ഏതാനും ദിവസങ്ങൾക്ക് മുൻപ് യാത്രയാരംഭിച്ച സാലൈ അരുൺ കേരളത്തിലെ വിവിധ ജില്ലകളിലൂടെ വയനാട്ടിലുമെത്തി .
കൃഷിയോടുള്ള കടുത്ത പ്രണയം കൊണ്ടുതന്നെ അവിടുത്തെ ആദിവാസി ഗ്രാമങ്ങളിലൂടെ കാൽ നടയായി വരെ ബഹുദൂരം സഞ്ചരിക്കുകയും അവരിൽ നിന്നും തനിക്കാവശ്യമുള്ള വിത്തിനങ്ങൾ സ്വീകരിക്കുകയും പകരം തന്റെ കൈവശ മുള്ളത് അവരിൽ പലർക്കും കൈമാറിയുമാണ് കണ്ണൂരിലെത്തിയത്  .ഉത്തരകേരളത്തിലെ പ്രമുഖ ജൈവ കർഷകനും ഇതിനകം എണ്ണമറ്റ അവാർഡുകൾ കരസ്ഥമാക്കിയ തില്ലങ്കേരിയിലെ യുവകർഷകൻ ഷിംജിത്ത് തില്ലങ്കേരിയുടെ ജൈവകം എന്ന ഭവനത്തിൽ അതിഥിയായി കഴിയാനും സാലൈ അരുൺ സമയം കണ്ടെത്തി .

 

ഇരുപതിലേറെ ഏക്കറിൽ പരന്നുകിടക്കുന്ന ഷിംജിത്തിന്റെ കൃഷിഭൂമിയിലെ വിളവൈധ്യവും കൃഷിരീതികളും വിസ്‍മയക്കാഴ്ച്ചയായി തോന്നുന്നുവെന്നും സാലൈ അരുൺ പറഞ്ഞു .
”പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നുമെത്തും ”എന്നൊരു തമാശയും സംസാരത്തിനിടയിൽ ഷിംജിത്തിൻറെ വക .

മലയാളത്തിലെ പഴഞ്ചൊല്ല് തമിഴന് മനസ്സിലായോ എന്തോ ?.

ഒരു മാസം കൊണ്ട് വിളവെടുക്കാവുന്ന അന്നൂരി എന്ന നെല്ലിനം തുടങ്ങി എണ്ണമറ്റ നെൽവിത്തിനങ്ങൾ ഷിംജിത്തിന്റെ കൈവശമുണ്ടെന്നത് പരമാർത്ഥം .
യുവകർഷക അവാർഡ് , ജൈവകർഷകനുള്ള സംസ്ഥാന അവാർഡ് ജൈവ വൈവിധ്യ സംരക്ഷണ മികവിന് സംസ്ഥാനവനംവകുപ്പ് സമർപ്പിച്ച വനമിത്ര പുരസ്കാരം ഉൾപ്പെടെ എൺപതിലധികം പുരസ്‌ക്കാരങ്ങൾ ഷിംജിത്തിനെത്തേടിയെത്തിയിട്ടുണ്ട് .ഭാര്യ സുനിലയും മക്കൾ ആദികിരണും ആദിസുര്യയും ഒഴിവുനേരങ്ങളിൽ അച്ഛനോടൊപ്പം കൃഷിപ്പണിയിൽ .

 

കണ്ണൂര്‍ തില്ലങ്കേരി കാഞ്ഞിരാട് ഷര്‍ളി നിവാസില്‍ കാര്‍ഷികക്കാഴ്ചകള്‍ അനവധിയാണ്.

അവയില്‍ പ്രധാനപ്പെട്ടതാണ് ഗിഗ്ഗിന്‍സ് ഫാം വില്ല. കേരളത്തില്‍ ആദ്യമായി ഒരു കൃഷിയിടത്തില്‍ ഗിഗ്ഗിന്‍സ് ഫാം വില്ല സ്ഥാപിക്കുന്നത് കെ.എം. ഷിംജിത്തിന്റെ ഈ വീട്ടിലാണ്. പിരമിഡ് ആകൃതിയില്‍ ഒരുസെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന കൂടാരമാണിത്. നിരവധി വര്‍ഷങ്ങളുടെ പരീക്ഷണത്തിനൊടുവില്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. ഗിഗ്ഗിന്‍ ത്യാഗരാജ് തയാറാക്കിയ പദ്ധതിയാണിത്.

 

സ്ഥലമില്ലാത്തവര്‍ക്ക് ഒരു സെന്റില്‍ ആടും കോഴിയും മുയലും മീനും പച്ചക്കറികളും ഒരുമിച്ച് പരിപാലിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണിത്. പ്രതിമാസം 25,000 രൂപ കിട്ടുമെന്നാണ് കൃഷി വി ജ്ഞാന കേന്ദ്രം പറയുന്നത്. ഏഴു ലക്ഷം രൂപയുടെ പ്രോജക്റ്റില്‍ 25 ശതമാനം ഉടമ നല്‍കണം. ഗിഗ്ഗിന്‍സ് ഫാം വില്ലയുടെ നിര്‍മാണത്തിന് 3,85,000 രൂപയാണ് ചെലവ്. ഇതിന്റെ ഇരുപത്തഞ്ച് ശതമാനം ഷിംജിത്ത് നല്‍കിക്കഴിഞ്ഞു. ഇരുപത് ആട്, മുപ്പത് മുയല്‍, 500 കോഴി, നൂറിലേറെ മീനുകള്‍ എന്നിവ വളര്‍ത്താവുന്നതാണ് ഫാം വില്ല. ഇതിന്റെ രണ്ടു ചെരിവുകളിലെ തട്ടുകളിലും ഗ്രോബാഗില്‍ പച്ചക്കറികൃഷി നട ത്താം. ഇതെല്ലാം ഒരുക്കി മൂന്നു വര്‍ഷത്തെ ചെലവും വഹിക്കുമെന്ന ധാരണ നടപ്പായില്ല. വില്ലയുടെ പണി പൂര്‍ത്തിയായെങ്കിലും പ്രളയവും മറ്റും കാരണം അധികം മുന്നോട്ടു പോകാനായില്ല. എന്നാല്‍ ഇതില്‍ ആടുകളും ഗ്രോബാഗില്‍ പച്ചക്കറിയും വളരുന്നു. എഴുപത്തഞ്ചു ശതമാനം സബ്‌സിഡി ലഭിച്ചാല്‍ ഈ രീതി ലാഭകരമാണെന്ന് ഷിംജിത്ത് പറയുന്നു. കൃഷി മാത്രമുദ്ദേശിക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. നല്ല രീതിയില്‍ പരിചരിച്ചാല്‍ മാസം പതിനായിരം രൂപ നേടാന്‍ പ്രയാസമില്ലെന്നാണ് ഷിംജിത്തിന്റെ അഭിപ്രായം.

സമ്പൂര്‍ണ കര്‍ഷകനാണ് ഷിംജി ത്ത്. ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു തിരിഞ്ഞ ഇദ്ദേഹം ജൈവ കൃഷിയുടെ പ്രചാരകന്‍ കൂടിയാണ്. സ്‌കൂള്‍ പഠനകാലം മുതല്‍ പിതാവിനൊപ്പം കൃഷിയില്‍ സജീവമായിരുന്നു. രോഗപ്രതിരോധരംഗത്ത് പാരമ്പര്യരീതികള്‍ പിന്‍തുടരണമെന്ന പക്ഷക്കാരനാണ് ഷിംജിത്ത്. മാടാര്‍ മഞ്ഞളും കരിയിഞ്ചിയുമടക്കം ഇരുനൂറില്‍പരം ഔഷധച്ചെടികള്‍ തന്റെ കൃഷിയിടത്തില്‍ സംരക്ഷിക്കുന്നു. കൂടാതെ ഇന്ത്യയില്‍ തന്നെ അപൂര്‍വമായ പതിമൂന്നിനം നെല്ലും കൃഷി ചെയ്യുന്നു. 150 നെല്ലിനങ്ങളുടെ ശേഖരവും ഇദ്ദേഹത്തിനു സ്വന്തം. ഇവയുടെ ഗുണങ്ങളറിഞ്ഞ് അവ നമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കിയാല്‍പ്പി ന്നെ ആശുപത്രി കയറേണ്ടിവരില്ലെന്ന് ഷിംജിത്ത് പറയുന്നു. സമ്പൂര്‍ണ ആരോഗ്യം നേടാന്‍ സാധിക്കുന്ന ഒരു വൈദ്യശാലയാണ് ഷിംജിത്തിന്റെ ജൈവകൃഷിയിടം. ഇതുകാണാനും പഠിക്കാനും വിദേശങ്ങളില്‍ നിന്നു വരെ വിദ്യാര്‍ഥികളെത്തുന്നു. കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും ഷിംജിത്തിന്റെ വീട്ടിലെത്തി കൃഷിരീതികള്‍ മനസിലാക്കിയിരുന്നു.

 

ഷിംജിത്തിന്റെ കൃഷിയിടത്തില്‍ നെല്ലിനങ്ങളുടെ വ്യത്യസ്തകാണാം. രക്തശാലി, തുളസിബോഗ്, ജീരകശാല, ആസാംബ്ലാക്ക്, ചോമാല, കൊയ്യോള, റെഡ്ജാസ്മിന്‍ തുടങ്ങി പതിമൂന്നിനങ്ങള്‍ കൃഷിചെയ്യുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു പിടി നെല്ലുവീതം ശേഖരിച്ച് കൃഷിചെയ്ത് അതില്‍ നിന്നു വിത്തുകളുണ്ടാക്കുന്ന രീതിയാണ് അവലംബിക്കുന്നത്. കരയിലും വയലിലുമായി ഒന്നരയേക്കര്‍ സ്ഥലത്തെ പച്ചപുതപ്പിക്കുകയാണ് പരമ്പരാഗത നെല്ലിനങ്ങള്‍. ഭാരതത്തിലെ ഏറ്റവും ചെറിയ നെല്ലിനമായ തുളസിബോഗും മൂല്ലപ്പൂവിന്റെ മണമുള്ള ബ്ലാക്ക് ജാസ്മിനും കൃഷ്ണകൗമുദിയും ചെടിക്കും ഫലത്തിനും ചുവപ്പു കലര്‍ന്ന ബ്രൗണ്‍ നിറമുള്ള നസര്‍ ബാത്തും നമ്മുടെ പഴയ നാടന്‍ നെല്ലിനങ്ങളുമെല്ലാം ആരോഗ്യമേകുന്ന ഭക്ഷ്യവസ്തുക്കളാണ്. പരിമിതമായ സ്ഥലത്ത് ഓരോ ഇനവും ചെറിയ തോതില്‍ കൃഷിചെയ്യുന്നു. നെല്ലായിട്ട് വില്‍പ്പനയില്ല. അവ ഉത്പന്നങ്ങളാക്കി വില്പന നടത്തുന്നതിനാല്‍ കൂടുതല്‍ നേട്ടം ഉണ്ടാകുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ആയുര്‍വേദ വിധിപ്രകാരം പ്രത്യേക ഇനം അരികള്‍ തേടി എത്തുന്നവരുണ്ട്. അവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. കരി ബസ്മതിയുടെ അരിവില്‍ക്കുന്നത് കിലോ കിലോ  ആയിരം രൂപ നിരക്കിലാണ്.

 

തില്ലങ്കേരി മചൂര്‍മലയുടെ താഴ്‌വാരത്തുള്ള വിശാലമായ കൃഷിയിടം. ഇവിടത്തെ അഞ്ചേക്കറില്‍ സമ്മിശ്രക്കൃഷിയാണ്. ഇവയ്ക്കിടയില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ച് ഔഷധസസ്യങ്ങള്‍ നട്ടിരിക്കുന്നു. നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ കണ്ടുവരുന്നതും വംശനാശം നേരിടുന്നതുമായ നിരവധി ഇനങ്ങള്‍ ഇവിടെയുണ്ട്. വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നില്ല. ഓരോന്നിന്റെയും രണ്ടു മൂന്നു തൈകള്‍ നട്ടു പരിപാലിക്കുന്നു. തൈകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുമുണ്ട്.

രുദ്രാക്ഷം, അണലിവേഗം, കുന്തിരിക്കം, കമണ്ഡലു, ആരോഗ്യപച്ച, അഗ്നിപുത്ര, ഗരുഡപച്ച, കറ്റാര്‍വാഴയുടെ പതിനഞ്ചോളം ഇനങ്ങള്‍, വ്യത്യസ്ത ഇനം തുളസികള്‍ തുടങ്ങി നിരവധി അപൂര്‍വ ഇനങ്ങള്‍ ഇവിടെക്കാണാം. അഞ്ചു വര്‍ഷം മുമ്പാണ് ഔഷധകൃഷി ആരംഭിക്കുന്നത്. നാട്ടുവൈദ്യന്മാരില്‍ നിന്നും ഔഷധത്തോട്ടങ്ങളിലെത്തിയും മലയോരമേഖലകള്‍ സന്ദര്‍ശിച്ചും ശേഖരിച്ച തൈകള്‍ ഇന്നൊരു വരുമാനമാര്‍ഗം കൂടിയാണ്. കരിമഞ്ഞളിന്റെ ആറിനങ്ങളും കസ്തൂരിമഞ്ഞളിന്റെ മഞ്ഞ, ചുവപ്പ്, വെള്ള ഇനങ്ങളുമുണ്ട്. ഇവയുടെ തൈയും പൊടിയും അത്യാവശ്യക്കാര്‍ക്ക് നല്‍കുന്നു. അവയെല്ലാം തന്നെ പേരിനു മാത്രമാണ് കൃഷി. ഇതോടൊപ്പം ഇന്ത്യയില്‍ 35,000 രൂപ വരെ ഒരു തൈക്ക് വില വരുന്ന വാടാര്‍ മഞ്ഞളുമുണ്ട്. മഞ്ഞളിനോടൊപ്പം ചുവപ്പ്, മഞ്ഞ, നീല നിറത്തിലുള്ള ഇഞ്ചികളും കരിയിഞ്ചി, മലയിഞ്ചി എന്നിവയും കൃഷിയിടത്തില്‍ പരിപാലിക്കുന്നു. നാടന്‍ മഞ്ഞളും ഇഞ്ചിയും ഒരേക്കര്‍ പാട്ടഭൂമിയില്‍ കൃഷി ചെയ്യുന്നു.

സമ്മിശ്രക്കൃഷിയില്‍ പിതാവിന്റെ രീതികളും തന്റേതായ അറിവുകളും പ്രയോഗിക്കുന്നു. കുടുംബത്തിലെ 20 ഏക്കറിലെ കൃഷി സഹോദരങ്ങളും ചേര്‍ന്നാണ് നടത്തുന്നത്. മുഴുവന്‍ സമയവും കൃഷിയിടത്തിലുള്ളത് ഷിംജിത്താണ്. മറ്റുള്ളവര്‍ ഒഴിവുദിനങ്ങളിലെത്തും. തെങ്ങ്, കമുക്, കശുമാവ്, റബര്‍ തുടങ്ങിയവിളകളോടൊപ്പം ജാതിയും കൊക്കോയുമുണ്ട്. കൂടാതെ കപ്പ,വാഴ,പച്ചക്കറി എന്നിവയും സജീവമായി ചെയ്യുന്നു. നേന്ത്രന്‍, പൂവന്‍, നെയ്പൂവന്‍, റോബസ്റ്റ തുടങ്ങിയ പതിനഞ്ച് ഇനത്തില്‍പ്പെട്ടവാഴകള്‍, 1500 നേന്ത്രവാഴകള്‍, 1000 പൂവന്‍ വാഴകള്‍ എന്നിവ കൃഷിയിടത്തെ ആകര്‍ഷകമാക്കുന്നു.

പയര്‍, വെണ്ട, വെള്ളരി, വഴുതന, പാവല്‍, പച്ചമുളക്, ചീര തുടങ്ങിയവയും ജൈവരീതിയില്‍ വിളയിക്കുന്നു. ചാണകവും ആട്ടിന്‍കാഷ്ട വും പച്ചിലകളുമാണ് പ്രധാനവളം. ഇടയ്ക്ക് കോഴിക്കാഷ്ടവും നല്‍കും. കാസര്‍ഗോഡ് കുള്ളന്‍ പശുവിന്റെ ചാണകവും മൂത്രവുമാണ് പ്രധാനവളം. ഇത് വളമാക്കി വില്പന നടത്തുന്നുമുണ്ട്. അഞ്ചു പശുക്കളാണുള്ളത്. ലാഭം കുറഞ്ഞാലും നഷ്ടമുണ്ടായിട്ടില്ല. പീനട്ട് ബട്ടര്‍, വിവിധതരം നാരകം, ബട്ടര്‍ ഫ്രൂട്ട്, ചന്ദനം, പാഷന്‍ ഫ്രൂട്ട് തുടങ്ങിയവയെല്ലാം ഈ കൃഷിയിടത്തെ കൂടുതല്‍ ആകര്‍ഷമാക്കുന്നു.

 

സ്വന്തമായി രൂപകല്പന ചെയ്ത കൂടുകളില്‍ തേനീച്ചകളെയും വളര്‍ത്തുന്നു. വലിപ്പമുള്ള ചിരട്ടകള്‍ പരസ്പരം കോര്‍ത്ത് ഒരുക്കുന്ന കൂടാണിത്. മൂന്നു നാളികേരത്തിന്റെ ചിരട്ടകളാണ് ഒരു കൂടിനു വേണ്ടത്. ഉറിപോലെ ഒരുക്കുന്ന ചിരട്ടകളുടെ അടിയിലെ ചിരട്ടയാണ് പ്രവേശന കവാടം. ഈ ചിരട്ടയിലാണ് ചെറുതേനീച്ചകളെ നിക്ഷേപിക്കുന്നത്. മുകളിലെ ചിരട്ടകളിലേക്ക് പ്രവേശിക്കാന്‍ ചെറിയ ദ്വാരങ്ങളുണ്ട്. ഒരു തവണ ഉപയോഗിച്ച ചിരട്ടകള്‍ തേനെടുത്തശേഷം വീണ്ടും ഉപയോഗിക്കാം.

 

സ്വന്തം കൃഷിയിടത്തിലെ ജൈവ അവശിഷ്ടങ്ങളും മീന്‍ കുളത്തിലെ ജലവും ഉപയോഗിച്ച് ചെലവ് ചുരുക്കിയുള്ള കൃഷി. മണ്ണിരകമ്പോസ്റ്റ് യൂണിറ്റുമുണ്ട്. നാടന്‍ വളപ്രയോഗരീതിയില്‍ മികച്ചവിളവാണ് ലഭിക്കുന്നത്. വിളവെടുക്കുന്നവ ഇടനിലക്കാരില്ലാതെ മെച്ചപ്പെട്ട വിലയ്ക്ക് വില്‍ക്കുന്നു. കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി തുടങ്ങിയ മേഖലകളിലെ ജൈവപച്ചക്കറി വിപണന കേന്ദ്രങ്ങള്‍ വഴിയാണ് പ്രധാന വില്പന. ഗുണമേന്മ അറിഞ്ഞ് കൃഷിയിടത്തിലെത്തിയും സാധനങ്ങള്‍ വാങ്ങുന്നവരുണ്ട്. ഇതിനാല്‍ നഷ്ടം ഉണ്ടാകുന്നില്ല.

കാട്ടുപന്നി ആക്രമണമുണ്ടെങ്കിലും എല്ലാറ്റിനെയും തരണം ചെയ്ത് കൃഷിയില്‍ മുന്നേറുന്ന ഈ യുവകര്‍ഷകന് സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരവും മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ജൈവവൈവിധ്യബോര്‍ഡിന്റെതുള്‍പ്പെടെ 80 അംഗീകാരങ്ങളും ഷിംജിത്തിനെത്തേടിയെത്തിയിട്ടുണ്ട്. ഭാര്യ സുനിലയും മക്കളായ ആദികിരണും ആദിസൂര്യയും കൃഷിയില്‍ സഹായത്തിനുണ്ട്. തന്റേതായ കാര്‍ഷിക ആരോഗ്യഅറിവുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഇദ്ദേഹം എപ്പോഴും തയാറുമാണ്.

 

കൃഷിയിടത്തിലെ അരയേക്കര്‍ കരിങ്കല്‍ ക്വാറിയിലാണ് മത്സ്യംവളര്‍ത്തല്‍. നല്ല വേനല്‍ക്കാലത്തു പോലും ഇവിടെ പത്തടിവെള്ളമുണ്ടാകും. ഗൗര, രോഹു, കട്‌ല, കാര്‍പ്പ് മത്സ്യങ്ങളെയാണ് ഇട്ടിട്ടുള്ളത്. അഞ്ചു കിലോയ്ക്ക് മുകളിലുള്ള മീനുകള്‍ വരെ കുളത്തിലുണ്ട്. ഇടയ്ക്ക് മത്സ്യത്തീറ്റകള്‍ നല്‍കുന്നതാണ് ഇതില്‍ ചെലവു വരുന്നത്. മാംസത്തിനും മുട്ടയ്ക്കുമായി പതിനഞ്ച് താറാവുകളെയും ക്വാറിയിലെ ജലാശയത്തില്‍ വളര്‍ത്തുന്നു. ദിവസത്തില്‍ ഒരു പ്രാവശ്യം തീറ്റ. നാടന്‍ കോഴികളേയും ഈ കൃഷിയിടത്തില്‍ കാണാം.

കൂടുതൽ വിവരങ്ങൾക്ക് ഷിംജിത്ത്‌ 9447361535

—————————————————————————-

സ്പെഷ്യല്‍ ഫീച്ചര്‍  :ദിവാകരന്‍  ചോമ്പാല / മലബാര്‍ മേഖല   ചീഫ് റിപ്പോര്‍ട്ടര്‍ /കോന്നി വാര്‍ത്ത ഡോട്ട് കോം /ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്ക് 

error: Content is protected !!