konnivartha.com : പത്തനംതിട്ട : ചിറ്റാർ സീതത്തോടുള്ള മാറമ്പുടത്തിൽ ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ, വ്യാജരേഖ ചമച്ച് പണയ ഉരുപ്പടികൾ മോഷ്ടിച്ച ജീവനക്കാരിൽ രണ്ടുപേരെചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു.
2016 ഏപ്രിൽ മുതൽ 2021 ഒക്ടോബർ 5 വരെയുള്ള കാലയളവിലാണ് സംഭവം. സ്ഥാപനത്തിൽ
മാനേജരായിരുന്ന സീതത്തോട് കൊച്ചുകോയിക്കൽ പുതുപ്പറമ്പിൽ മിഥുൻ ബാലന്റെ ഭാര്യ രമ്യരാജൻ (32), സീതത്തോട് കൊച്ചുകൊയിക്കൽ കല്ലോൺ വീട്ടിൽ പ്രകാശിന്റെ ഭാര്യ ഭൂവനമോൾ (34) എന്നിവരാണ് അറസ്റ്റ് നടപടികൾക്ക് വിധേയരായത്.
റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ സ്ഥാപന ഉടമയായ കോട്ടയം
വൈക്കം കോതനല്ലൂർ കരുമുള്ളൂർ മാറം പുത്തിൽ റോയ് മാത്യു സമർപ്പിച്ച ഹർജി ചിറ്റാർ പോലീസിന് അയച്ചുകിയിട്ടിയതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 23 ന് കേസ് എടുക്കുകയായിരുന്നു. പ്രതികൾ ചേർന്ന് ആകെ 45,42,386 രൂപയുടെ നഷ്ടം സംഭവിപ്പിച്ചു എന്നായിരുന്നു പരാതി.
പ്രതികളുടെ ബന്ധുക്കളായ മിഥുൻ ബാലൻ, തുളസി, രാജി,പ്രകാശ് എന്നിവരാണ് മൂന്നുമുതൽ ആറുവരെയുള്ള മറ്റ് പ്രതികൾ,ഇവർക്ക് ഉപാധികളോടെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവർ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ജൂൺ 30 ന് ഹാജരാവുകയും ജാമ്യത്തിൽ വിട്ടയക്കപ്പെടുകയും ചെയ്തു. ഒന്നും രണ്ടും പ്രതികളായ രമ്യയും ഭുവന മോളും ജൂൺ 30 ന് അന്വേഷണഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാകാൻ ഹൈകോടതി നിർദേശിച്ചുവെങ്കിലും
ഹാജരാകാഞ്ഞ വിവരത്തിന് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുപ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്തു ഹാജരാക്കുന്നതിന് ഹൈകോടതി നിർദേശം നൽകി. തുടർന്ന് ഒന്നാം പ്രതി 14 ന് റാന്നി കോടതിയിൽ കീഴടങ്ങുകയും, കോടതി റിമാൻഡ് ചെയ്ത് തിരുവനന്തപുരം വനിതാജയിലിൽ അയക്കുകയും ചെയ്തു.
പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു. സീതത്തോട്ടിലെത്തിച്ച് തെളിവെടുത്തു,, അവിടുത്തെ ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും 20 പവൻ സ്വർണ ഉരുപ്പടികൾ പോലീസ് കണ്ടെടുത്തു. രണ്ടാം പ്രതി വെള്ളിയാഴ്ച സ്റ്റേഷനിൽ ഹാജരായി, ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി, തുടർന്ന് കോടതിയിൽ ഹാജരാക്കി. ഉടമ കുറച്ചുകാലം വിദേശത്തായിരുന്നു. ഇക്കാലത്താണ് തീരുമറി നടന്നത്.
പണയ ഉരുപ്പടികൾ രേഖകളിൽ തിരിമറി നടത്തിയശേഷം, വേറെ ബാങ്കുകളിൽ കൊണ്ടുവച്ച് പണമെടുക്കുകയായിരുന്നു. തൂക്കത്തിലും വിലയിലും തട്ടിപ്പ് നടത്തുകയും ചെയ്തു. ഉടമ തിരിച്ചെത്തിക്കഴിഞ്ഞാണ് തട്ടിപ്പും മോഷണവും കണ്ടെത്തിയത്. തുടർന്ന് കോടതിയിൽ ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. ഒന്നും രണ്ടും പ്രതികൾ ബന്ധുക്കളായ മറ്റു പ്രതികളുടെ പേരിലാണ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പണം തട്ടിയത്. രമ്യയുടെ അമ്മ തുളസിയുടെ പേരിൽ പണയം വച്ച സ്വർണഉരുപ്പടികളാണ് ഇന്നലെ പോലീസ് കണ്ടെടുത്തത്. ബാക്കി പണയ ഉരുപ്പടികൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. പോലീസ് ഇൻസ്‌പെക്ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ സണ്ണി ജോർജ്ജ്, എ എസ് ഐ ജോയ്, എസ് സി പി ഓ സുമേഷ്, സിപിഓ മാരായ ഗോകുൽ, അനീഷ്, മിഥുൻ, ചിഞ്ചു ബോസ് എന്നിവരാണ് ഉള്ളത്.