Trending Now

മാലിന്യ കൂമ്പാരത്തില്‍ കിടന്ന ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകി പോലീസുകാരൻ : ഏറെ അഭിനന്ദനം

 

konnivartha.com : മാലിന്യ കൂമ്പാരത്തില്‍ കിടന്ന ദേശീയ പതാകയ്ക്ക്  സിവിൽ പൊലീസ് ഓഫീസര്‍  സല്യൂട്ട് നല്‍കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പോലീസുകാരന് അഭിനന്ദന പ്രവാഹമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. പോലീസുകാരനെ അഭിനന്ദിക്കാൻ മേജർ രവി നേരിട്ട് എത്തി. തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിലെ പൊലീസുകാരനായ അമൽ ടി. കെയാണ് ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകിയത്.കാെച്ചി ഇരുമ്പനത്തിന് സമീപം കടത്തു കടവിൽ കഴിഞ്ഞ ദിവസമാണ് റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചെത്തിയതിനെ തുടർന്നാണ് അമൽ സംഭവ സ്ഥലത്തെത്തിയത്. പോലീസ് ജീപ്പിൽ നിന്ന് ഇറങ്ങിയ ഉടനെ ദേശീയ പതാക മാലിന്യക്കൂമ്പാരത്തിൽ കിടക്കുന്നത് കണ്ട് അമൽ സല്യൂട്ട് ചെയ്യുകയായിരുന്നു. മാലിന്യത്തില്‍ കിടന്ന ദേശീയ പതാകകള്‍ ഓരോന്നായി അദ്ദേഹം മടക്കി കയ്യിലെടുക്കാന്‍ തുടങ്ങി.

ഈ സമയം അവിടെയുണ്ടായിരുന്ന ഒരു നാട്ടുകാരന്‍ വാര്‍ഡ് കൗണ്‍സിലറോ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരോ വന്നിട്ട് എടുത്താല്‍ മതിയെന്ന് പറഞ്ഞു. എന്നാല്‍ വേറൊരാള്‍ വരുന്നത് വരെ ദേശീയ പതാക മാലിന്യത്തില്‍ ഇടുന്നത് ശരിയല്ലെന്ന് പറഞ്ഞ് അമല്‍ പതാകകള്‍ എല്ലാം ഭംഗിയായി മടക്കിയെടുത്ത് പൊലീസ് ജീപ്പിലേക്ക് മാറ്റുകയായിരുന്നു.ശ്മശാനത്തിനു സമീപമുള്ള സ്ഥലത്ത് ടിപ്പറിൽ കാെണ്ടു വന്നാണ് മാലിന്യം തള്ളിയത് എന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യക്കൂമ്പാരത്തില്‍ നിരവധി ദേശീയപതാകകളും കോസ്റ്റ് ഗാര്‍ഡിന്റെ പതാകകളും അലക്ഷ്യമായി കിടന്നിരുന്നു.

ദേശീയപതാകകൾക്ക് പുറമെ കോസ്റ്റ് ഗാർഡിന്‍റെ ലൈഫ് ജാക്കറ്റ് ഉൾപ്പടെയുള്ളവ മാലിന്യത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ദേശീയ പതാകയെ അപമാനിച്ചതിന് ഹിൽ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!