Trending Now

ലഹരിവിരുദ്ധ ബോധവൽക്കരണ ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു

 

konnivartha.com/ പത്തനംതിട്ട : ലോക ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ് പി സി ) പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന ഒരാഴ്ചത്തെ പരിപാടികൾ സമാപിച്ചു.

ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി  സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ രണ്ടുദിവസമായി നടന്നു. ഫൈനലിൽ
കടമ്പനാട് കെ ആർ കെ പി എം ബി എച്ച് എസ് എസ് & എച്ച് എസ് വിജയികളായി. ജി എച്ച് എസ് എസ് തേങ്ങമം റണ്ണർ അപ്പ്‌ ആയി. വിജയികൾക്ക് ജില്ലാ പോലീസ് മേധാവി
സ്വപ്പിൽ മധുകർ മഹാജൻ IPS ട്രോഫി വിതരണം ചെയ്തു.

 

എക്സൈസ് വിമുക്തി മിഷൻ പദ്ധതിയും എസ് പി സിയും സംയുക്തമായാണ് ടൂർണമെന്റ് നടത്തിയത്. വൈകിട്ട് നാലു മണിക്ക് നടന്ന സമാപന സമ്മേളനത്തിന്റെ ഉത്ഘാടനവും ജില്ലാ
പോലീസ് മേധാവി നിർവഹിച്ചു. ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്ന സാമൂഹിക വിരുദ്ധർ യുവാക്കളെയും കുട്ടികളെയുമാണ് അതിനായി കൂടുതലും ദുരുപയോഗം ചെയ്യുന്നത്. വലിയ തോതിൽ യുവജനതയും കുട്ടികളും ലഹരിക്ക് അടിമകളാകുന്നുണ്ട്. ഇവരെ നേർ വഴിക്ക് കൊണ്ടുവരേണ്ടത് മാതാപിതാക്കളും അധ്യാപകരും അടങ്ങുന്ന മുഴുവൻ സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.

 

രാജ്യത്തിന്റെ ഭാസുര ഭാവിയ്ക്ക് ഈ കടമ എല്ലാവരും ഏറ്റെടുക്കണം. പോലീസും എക്സൈസും ഏറ്റെടുത്തു നടത്തുന്ന ഇത്തരം സംരംഭങ്ങളിൽ ജനങ്ങൾ പങ്കാളികളാവണം. ഇതുപോലുള്ള ബോധവൽക്കരണപ്രവർത്തനങ്ങൾക്ക് സ്പോർട്സ് ഇനങ്ങൾ അനുഗുണമാകും, ഇതിലൂടെ കുട്ടികളിലേക്ക് വേഗം എത്താൻ സാധിക്കുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ജില്ലാ പോലീസ് മേധാവി, വിജയികൾക്ക് ആശംസകൾ നേരുകയും, മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു.

 

സമ്മേളനത്തിൽ നർകോട്ടിക് സെൽ ഡി വൈ എസ് പിയും എസ് പി സി പ്രൊജക്റ്റ്‌ ജില്ലാ നോഡൽ ഓഫീസറുമായ ആർ പ്രദീപ്‌ കുമാർ അധ്യക്ഷനായിരുന്നു. എസ് പി സി കോന്നി ജി എച്ച് എസ് എസ്, സി പി ഓ എസ് സുഭാഷ് സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി എ പ്രദീപ്‌, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ് സുനിൽ കുമാരപിള്ള, കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ മഹേഷ്‌ കുമാർ,വാർഡ് അംഗം എ ജി ശ്രീകുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു. എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ ജി സുരേഷ് കുമാർ നന്ദി പറഞ്ഞു.

error: Content is protected !!