Trending Now

കൊവിഡ് കേസുകളുടെ വർധന; ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

 

കൊവിഡ് കേസുകളുടെ വർധനവിൽ കൂടുതൽ ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് തുടർച്ചയായി രണ്ടാം ദിവസവും 40 ശതമാനം കൂടിയിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്കിലും വൻ വർധനയുണ്ടായി. കേരളത്തിലെയും മഹാരാഷ്ട്രയിലെയും രോഗ വ്യാപനം ആശങ്കയായി തുടരുകയാണ്.ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തത് 5233 കേസുകൾ ആയിരുന്നുവെങ്കിൽ ഇന്ന് അത് 7240 ആയി ഉയർന്നു

പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലെത്തുന്നതും മാർച്ച് ഒന്നിന് ശേഷം ആദ്യമായാണ്. എട്ട് പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകൾ.

കേരളവും മഹാരാഷ്ട്രയും കൂടാതെ ഡൽഹി, ബംഗാൾ, ഹരിയാന തുടങ്ങിയ ഇടങ്ങളിലും കൊവിഡ് കേസുകൾ വർധിച്ചു. ഡൽഹിയിൽ മാസങ്ങൾക്ക് ശേഷം അഞ്ഞൂറിലധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. നൂറിന് മുകളിൽ കേസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. പ്രാദേശിക അടിസ്ഥാനത്തിൽ പരിശോധന കൂട്ടി നിയന്ത്രണങ്ങളേർപ്പെടുത്തി രോഗവ്യാപനം പിടിച്ചുകെട്ടാനാണ് കേന്ദ്രസര്‍ക്കാരിന്‍റെറെ ആലോചന.

മഹാരാഷ്ട്രയിൽ ജനുവരി 25ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 2701 രോഗികളിൽ 1765 പേരും മുംബൈയിലാണ്. രോഗവ്യാപനം കൂടുതലാണെങ്കിലും സംസ്ഥാനത്ത് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഒരാഴ്ച്ചയ്ക്കിടെ കേരളത്തിൽ പതിനായിരത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.

പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. രണ്ടാം ഡോസ് വാക്‌സിനേഷൻ ഊർജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണം. 60 വയസ്സ് കഴിഞ്ഞവർക്കുള്ള ബൂസ്റ്റർഡോസ് കൂടുതൽ നൽകാനാകണം. ആൾക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കർശനമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു