Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിയ്ക്ക്
ധനസഹായവുമായി വനം വകുപ്പ്

സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിയാണിത്. അപേക്ഷാ ഫോമിനും വിശദാംശങ്ങള്‍ക്കുമായി എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ നിന്നോ www.keralafortse.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30നകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0468 2243452.

വൃക്ഷത്തൈ നട്ടു

പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ചു  ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് തല വൃക്ഷതൈ നടീല്‍ ഉദ്ഘാടനം മാങ്ങാട് ജംഗ്ഷനില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സാം വാഴോട് വൃക്ഷതൈ നട്ട് നിര്‍വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ശങ്കര്‍ മാരൂര്‍ പഞ്ചായത്ത് അംഗം മിനി മനോഹരന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.


വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതി ദിനാചരണവും തൈ വിതരണവും

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതി ദിനാചരണവും, ഔഷധ- ഫലവൃക്ഷ തൈ വിതരണവും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു  പരുവയില്‍ വച്ചു നടത്തപ്പെട്ടു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും, പത്തനംതിട്ട ജില്ലാ പഞ്ചായത്തും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഭാഗമായി നടത്തി വരുന്ന പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയും പരിസ്ഥിതി  ദിനാചരണവും സമന്വയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം  ജെസി അലക്സ് ഔഷധ- ഫലവൃക്ഷ തൈകളടങ്ങിയ കിറ്റ് നല്‍കി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

പരിസ്ഥിതിദിന ക്വിസ് മത്സരം നടത്തി

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പരിസ്ഥിതി ക്വിസ് Natura 2022 പത്തനംതിട്ട കതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് ജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  മൗണ്ട് ബഥനി സ്‌കൂള്‍ മെലപ്ര ഒന്നാം സ്ഥാനം നേടി. അമൃത വിദ്യാലയം രണ്ടാം സ്ഥാനത്തിനും സെവന്‍ത് ഡേ സ്‌കൂള്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹമായി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തെകള്‍ വിതരണം ചെയ്തു.

മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ വിപണന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20.വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക (www.keralapottery.org)

ടെന്‍ഡര്‍
അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് 2022 ജൂലൈ മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ആശുപത്രി ഉപകരണങ്ങള്‍, ചികിത്സാ സാധനങ്ങള്‍, പരിശോധനകള്‍, പ്രിന്റിംഗ് ജോലികള്‍ എന്നിവ ചെയ്തു തരുന്നതിന് അംഗീകൃത ഏജന്‍സികളില്‍  നിന്നും മത്സരസ്വഭാവമുള്ള  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 27 ന് ഉച്ചയ്ക്ക് രണ്ടു വരെ.  ഫോണ്‍ : 04734 223236.

ഒറ്റത്തവണ പ്രമാണ പരിശോധന

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്  (കാറ്റഗറി നമ്പര്‍ 207/2019) തസ്തികയുടെ 25/05/2022 തീയതിയില്‍ പ്രസിദ്ധീകരിച്ച 06/2022/ഡി.ഒ.എച്ച്  നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട  ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ജൂണ്‍ 10,13,14,15,16,17,18,20,21,22 എന്നീ തീയിതികളില്‍   പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍  നടത്തും.  ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ മുതലായവ തങ്ങളുടെ ഒടിആര്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത്  ആയതിന്റെ  അസല്‍  സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം.  കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 -2222665.


അപ്രന്റീസ് മേള

ഗവ. ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ജൂണ്‍ 13 ന്  അപ്രന്റീസ് മേള നടക്കും. ഐ.ടി.ഐ പാസായ എല്ലാ ട്രെയിനികള്‍ക്കും അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും മേളയില്‍ പങ്കെടുക്കാം. അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി സ്പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം  ഉണ്ടായിരിക്കും.  നിരവധി സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്ത് യോഗ്യരായ ട്രെയിനികളെ അഭിമുഖം നടത്തി തിരഞ്ഞെടുക്കുന്നതാണ്. തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റ് ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കും. ഫോണ്‍ :  0468 – 2258710.

 

 

തരിശ് ഭൂമികള്‍ ഏറ്റെടുത്ത് വിദ്യാവനം പദ്ധതി വിപുലപ്പെടുത്തണം : ഡെപ്യൂട്ടി സ്പീക്കര്‍

തരിശ് ഭൂമികള്‍ ഏറ്റെടുത്തു കൊണ്ട് വിദ്യാവനം പദ്ധതിയെ വിപുലമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കേരള വനം വന്യജീവി സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പെരിങ്ങനാട്  ടി എം ജി എച്ച് എസ് എസ് സ്‌കൂളില്‍ വിദ്യാവനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മനുഷ്യനും മരം നട്ട് പ്രകൃതിയെ സംരക്ഷിക്കണമെന്നതാണ് വിദ്യാവനം പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനായി അവബോധം നല്‍കണമെന്നും ചിറ്റയം ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു. 5 സെന്റിലായി നാനൂറ്റി ഇരുപതിലധികം വരുന്ന വൃക്ഷതൈ നട്ടുകൊണ്ടാണ് പള്ളിക്കല്‍ പഞ്ചായത്തിലെ വിദ്യാവനത്തിന് തുടക്കമായത്.
പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, വാര്‍ഡ് മെമ്പര്‍മ്മാരായ ലത ശശി, ആശ ഷാജി, കസ്റ്റംസ് സൂപ്രണ്ടും സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ റോബിന്‍ബേബി,2014 ല്‍ കുട്ടികള്‍ക്ക് കളിസ്ഥലത്തിനായി 50 സെന്റ് സ്ഥലം നല്‍കിയ കെ രമണികുട്ടിയമ്മ, അസിസ്റ്റന്റ് കണ്‍സെര്‍വേറ്റര്‍ സി കെ ഹാബി, റേഞ്ചു ഫോറെസ്റ്റ് ഓഫീസര്‍ എ എസ് അശോക്, പത്തനംതിട്ട സോഷ്യല്‍ ഫോറെസ്റ്ററി ഡിവിഷന്‍ സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍മ്മാരായ ജി അനില്‍കുമാര്‍, പി കെ സുനില്‍കുമാര്‍, എം ജെ ജിലീഫ്, സ്‌കൂള്‍ പി റ്റി എ പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു

സ്‌കോള്‍-കേരള ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പ്രവേശനം,
പുനഃപ്രവേശനം ജൂണ്‍ 8 മുതല്‍

സ്‌കോള്‍-കേരള മുഖേന 2022-23 അധ്യയന വര്‍ഷത്തെ ഹയര്‍െസക്കന്‍ഡറി കോഴ്സ് രണ്ടാംവര്‍ഷ പ്രവേശനം, പുന:പ്രവേശനം ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന 2022 ജൂണ്‍ 8 മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന യോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോള്‍-കേരള വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാര്‍ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോര്‍ഡുകള്‍ മുഖേന  ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ടും നിര്‍ദ്ദിഷ്ടരേഖകളും എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം 695 012 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ സ്പീഡ് / രജിസ്റ്റേഡ് തപാല്‍ മാര്‍ഗമോ  ജൂണ്‍ 25 ന് വൈകുന്നേരം അഞ്ചിനകം  എത്തിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2342950, 2342271.

error: Content is protected !!