Trending Now

സംസ്ഥാനത്ത് 1000 റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മാറ്റും

 

konnivartha.com : അവശ്യ സൗകര്യങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1000 റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ടു കിടക്കുന്ന റേഷൻ കടകൾ നവീകരിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റ്, മിൽമ ബൂത്ത്, സേവന കേന്ദ്രം, മിനി എ ടി എം എന്നിവയുൾപ്പെടുത്തിയാണ് കെ സ്റ്റോറുകൾക്ക് രൂപം നൽകുക. ഇത്തരം സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് ഏറ്റവും അടുത്ത പ്രദേശത്ത് തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിതരണ വകുപ്പ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും വകുപ്പ് രൂപം കൊണ്ട മെയ് 28 സിവിൽ സപ്ലൈസ് ദിനമായി ആചരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളിൽ 99.14 ശതമാനം പേരും കാർഡ് ആധാറുമായി ബന്ധിപ്പിച്ചത് നേട്ടമാണ്. ഇതുവഴി അനർഹമായി റേഷൻ കാർഡ് കൈവശം വെയ്ക്കുന്നവരെ കണ്ടെത്താനായെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ കാലയളവിനിടെ അനർഹരിൽ നിന്ന് മുൻഗണനാ കാർഡുകൾ തിരിച്ചു പിടിക്കാനും അർഹരായവർക്ക് നൽകാനും സാധിച്ചു. ദിവസവും ആയിരക്കണക്കിന് അപേക്ഷകൾ ലഭിക്കുന്ന വകുപ്പിന്റെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് വകുപ്പിലെ ജീവനക്കാരുടെ പങ്ക് വിലയേറിയതാണെന്ന് മന്ത്രി പറഞ്ഞു.

പൊതുവിതരണ വകുപ്പിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ് മന്ത്രി ജി ആർ അനിലും പുതിയ ലോഗോ സാഹിത്യകാരൻ പ്രഭാവർമയും പ്രകാശനം ചെയ്തു. വജ്ര ജൂബിലിയുടെ ഔദ്യോഗിക ഗാനത്തിന്റെ റിലീസ് സംഗീത സംവിധായകൻ ജാസി ഗിഫ്റ്റും വകുപ്പിലെ മികച്ച ജീവനക്കാർക്കുള്ള അവാർഡ് പ്രഖ്യാപനം സിനിമാ താരം നന്ദുവും നിർവഹിച്ചു. സിവിൽ സപ്ലൈസ് ദിന വീഡിയോ റിലീസും വനിതകൾക്കായുള്ള വീഡിയോ മത്സര പ്രഖ്യാപനവും സംഗീത സംവിധായകൻ റോണി റാഫേൽ നിർവഹിച്ചു.

സംസ്ഥാനത്തെ മികച്ച സപ്ലൈ ഓഫീസ് – ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസ്, മികച്ച സപ്ലൈ ഓഫീസർ – എം എസ് ബീന (ആലപ്പുഴ ജില്ലാ സപ്ലൈ ഓഫിസർ), മികച്ച താലൂക്ക് സപ്ലൈ ഓഫിസ് – മല്ലപ്പള്ളി, മികച്ച താലൂക്ക് സപ്ലൈ ഓഫിസർ സാഹിർ ടി (നോർത്ത് പറവൂർ), മികച്ച റേഷനിങ് ഇൻസ്പെക്ടർ – സതീഷ് എസ് (പെരിന്തൽമണ്ണ) എന്നിവർക്ക് അവാർഡ് പ്രഖ്യാപിച്ചു. കൂടാതെ 50 വർഷത്തിലധികമായി റേഷൻ ഡിപ്പോ ലൈസൻസികളിയായി പ്രവർത്തിക്കുന്നവർക്കും അവാർഡുകൾ നൽകും.
പരിപാടിയിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡെപ്യൂട്ടി മേയർ പി കെ രാജു, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡി സജിത്ത് ബാബു എന്നിവർ സംസാരിച്ചു.