Trending Now

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് :പി എഫ് ഡി എ നേതൃത്വത്തില്‍ ഈ മാസം മുപ്പതിന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടക്കും

konnivartha.com : കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ കുടുങ്ങിയ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാനുള്ള അനുകൂലമായ തീരുമാനം കൈക്കൊള്ളാത്ത പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) ഈ മാസം മുപ്പതാം തീയതി രാവിലെ 9.30 ന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് അസോസിയേഷന്‍ അധ്യക്ഷന്‍ സി എസ് നായര്‍ പറഞ്ഞു .

 

പോപ്പുലര്‍ ഗ്രൂപ്പ് ഉടമകളുടെ തട്ടിപ്പിന് ഇരയായ ആളുകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് ഉള്ള നടപടികള്‍ പത്തനംതിട്ട ജില്ലയില്‍ കൃത്യമായ നിലയില്‍ അല്ല നടക്കുന്നത് എന്നാണ് ആക്ഷേപം . പത്തനംതിട്ട ജില്ലാ കളക്ടര്‍ മെല്ലെ പോക്ക് നയമാണ് തുടക്കം മുതല്‍ സ്വീകരിക്കുന്നത് എന്നാണ് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) നേതാക്കള്‍ പറയുന്നത് .

 

നിക്ഷേപകരുടെ നിക്ഷേപം തിരികെ ലഭിക്കുവാന്‍ ഉള്ള നടപടി ക്രമങ്ങളില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ നിസ്സഹകരണം തുടരുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി . ആദ്യ കൂടിക്കാഴ്ചയിൽ നിക്ഷേപകര്‍ക്ക് അനുകൂലമായി എല്ലാം ചെയ്ത് തരാമെന്നേറ്റ കളക്ടർ പിന്നീട് ഒന്നിനും സഹകരിച്ചില്ലെന്ന് മാത്രമല്ല കാണാൻ ചെല്ലുന്ന നേതാക്കളെ  രാവിലെ മുതൽ 2 മണി വരെ ഇരുത്തിയതിന് ശേഷം തട്ടിമുട്ടികളും കീറാമുട്ടികളും പറയുകയാണുണ്ടായത് എന്നും സി എസ് നായര്‍ ആരോപിച്ചു .ജില്ലാ കളക്ടറെ തല്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണം എന്നാണ് പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ പ്രധാന ആവശ്യം .

നിക്ഷേപകര്‍ക്ക് ഒപ്പം നില്‍ക്കുന്ന പി എഫ് ഡി എ ഇതിനോടകം നിരവധി സമരങ്ങള്‍ ചെയ്തതിനാല്‍ കേസ് സി ബി ഐ വരെ ഏറ്റെടുത്തു . മുന്‍പും പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു .ജില്ലാ കളക്ടര്‍ നീതി പൂര്‍വ്വമായ നിലപാടുകള്‍ സ്വീകരിക്കാത്ത പക്ഷം അതി ശക്തമായ സമരം നടത്തേണ്ടി വരുമെന്ന് ഭാരവാഹികള്‍ പറയുന്നു .

നിക്ഷേപകരുടെ ക്ഷമയെ പരീക്ഷിക്കരുത് . പത്തനംതിട്ട ജില്ലാ കളക്ടര്‍ എത്രയും വേഗം പ്രശ്ന പരിഹാരത്തില്‍ ഇടപെടണം .ചികിത്സയ്ക്കും മറ്റു ഭാരിച്ച ചിലവുകള്‍ക്കും പണം ഇല്ലാതെ വിഷമിക്കുന്ന നൂറുകണക്കിന് നിക്ഷേപകര്‍ ഉണ്ട് .മാസം തോറും ലഭിച്ചിരുന്ന പലിശ എടുത്താണ് പലരും മരുന്ന് പോലും വാങ്ങിയിരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം എങ്കിലും സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും മെല്ലെപോക്ക് നയം ആണ് ഇപ്പോഴും ഉള്ളത് എന്നാണ് പരാതി

error: Content is protected !!