കാലവര്‍ഷത്തെ നേരിടാന്‍ ജില്ല സജ്ജം: മന്ത്രി വീണാ ജോര്‍ജ്
കാലവര്‍ഷത്തെ നേരിടാന്‍ ജില്ല പൂര്‍ണസജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാലവര്‍ഷത്തിന് മുന്നോടിയായുള്ള തയാറെടുപ്പുകള്‍ കാര്യക്ഷമമായി നടക്കുന്നത് ഉറപ്പാക്കുന്നതിനായി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ പൊതു ജാഗ്രതയുണ്ടാകണം. വേനല്‍ മഴ കൂടുതല്‍ ലഭിച്ചതിനാല്‍ കാലവര്‍ഷത്തില്‍ വെള്ളപൊക്ക സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ക്കണ്ട് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് നെല്ല് സംഭരണം പൂര്‍ത്തീകരിക്കണമെന്ന് അഡ്വ. മാത്യു.ടി.തോമസ് എംഎല്‍എ പറഞ്ഞു. ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളം ഒഴുകി പോകാനുള്ള തടസങ്ങള്‍ മാറ്റണം. റെയില്‍വേയുടെ അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണം.
അടഞ്ഞുകിടക്കുന്ന ഓടകളില്‍ വെള്ളം ഒഴുകി പോകാന്‍ തടസമായിട്ടുള്ള മാലിന്യം നീക്കം ചെയ്യണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ സ്‌കൂളുകള്‍ക്ക് പുറമേ മറ്റെതെങ്കിലും സൗകര്യം ലഭ്യമാണോ എന്നു പരിശോധിക്കണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിന്റെ അനുഭവത്തില്‍ വെള്ളപൊക്ക ഭീഷണി നിലനില്‍ക്കുന്ന ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മറ്റ് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ചനടത്തണം. പൊതുമരാമത്ത് റോഡുകളിലെ ഓടകളിലെ മണ്ണ് മാറ്റി വൃത്തിയാക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. കാലവര്‍ഷ ദുരന്തത്തെ നേരിടാന്‍ ലോജിസ്റ്റിക്സ് മാനേജ്മെന്റ് മുന്‍കൂട്ടി തയാറാക്കണമെന്നും എംഎല്‍എ പറഞ്ഞു.
കാലവര്‍ഷം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും മികച്ച രീതിയില്‍ ക്രമീകരിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലയില്‍ ഇതുവരെ പെയ്ത മഴയുടെ കണക്ക് എംഎല്‍എ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പ്രളയ സാഹചര്യം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും മുന്‍കരുതലായി സൂക്ഷിക്കണമെന്നും കൃത്യമായി നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
കാലവര്‍ഷം മുന്നില്‍ക്കണ്ട് വെള്ളപൊക്ക, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ അറിയിച്ചു. ദുരന്ത സാധ്യത കണക്കിലെടുത്ത് തയാറാക്കേണ്ട കാര്യങ്ങളുടെ പട്ടിക പ്രധാന്യമനുസരിച്ച് തയാറാക്കിയിട്ടുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനായുളള വിവരങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ആരോഗ്യം, കെ.എസ്.ഇ.ബി തുടങ്ങി മറ്റ് വകുപ്പുകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് പഞ്ചായത്തു തലങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തുടങ്ങാനുള്ള സജീകരണങ്ങള്‍ നടത്തമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
വേനല്‍ മഴ കനത്തെങ്കിലും നിലവില്‍ ഡാമുകളിലെ സ്ഥിതി അപകടകരമല്ല. ജില്ലയിലെ വലിയ ഡാമുകളായ കക്കി, പമ്പാ, മൂഴിയാര്‍ എന്നിവയുടെ സംഭരണ ശേഷി യാഥാക്രമം 31.34 ശതമാനവും 4.78 ശതമാനവും 37.97 ശതമാനവും ജലമാണ് നിലവില്‍ ഉള്ളത്. ജില്ലയിലെ സ്വകാര്യ ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ച് എഞ്ചിനിയര്‍മാരുമായി യോഗം ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും കളക്ടര്‍ പറഞ്ഞു.
ജലാംശത്തിന്റെ അളവ് മണ്ണില്‍ കൂടുതലായതിനാല്‍ മലയോര പ്രദേശങ്ങളില്‍ മലയിടിച്ചില്‍ കണക്കിലെടുത്ത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തു. ഇടവിട്ട് പെയ്യുന്ന മഴ മൂലം പമ്പ, മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ ജലനിരപ്പ് വര്‍ധിക്കുന്ന പ്രവണത ഉണ്ടെങ്കിലും അപകട സൂചനയിലെത്തിയിട്ടില്ല. നദികളില്‍ അടിയുന്ന ചെളി നീക്കം ചെയ്യുന്ന പ്രക്രിയ പുരോഗമിക്കുന്നുവെന്നും കാലവര്‍ഷത്തിന് മുന്‍പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. വേനല്‍ മഴയില്‍ 117 വീടുകള്‍ ഭാഗീകമായും അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാതലത്തില്‍ എല്ലാ ആഴ്ചയും ദുരന്തനിവാരണ അതോറിറ്റി അവലോകന യോഗങ്ങള്‍ ചേരുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു വരുകയാണ്. എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അപകട സാധ്യത സ്ഥലങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ യോഗത്തില്‍ അറിയിച്ചു. ആശയവിനിമയത്തിനായി വയര്‍ലെസ് സെറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അമൃത് പദ്ധതിയില്‍ പത്തനംതിട്ട നഗരത്തിന് 15 കോടി
പത്തനംതിട്ട നഗരത്തില്‍ ശുദ്ധജല വിതരണത്തിനായി ആധുനിക ശുദ്ധീകരണ പ്ലാന്റ് എന്ന നിവാസികളുടെ ചിരകാലസ്വപ്നം യാഥാര്‍ഥ്യമാകുന്നു. അമൃത് 2.0 പദ്ധതിയില്‍ പത്തനംതിട്ടയ്ക്ക് 15 കോടി രൂപ ലഭിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. 12.38 കോടി രൂപയാണ് പ്രാരംഭമായി അനുവദിച്ചത്. എന്നാല്‍, നഗരസഭയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സ്റ്റേറ്റ് മിഷന്‍ നടത്തിയ ചര്‍ച്ചയില്‍ പദ്ധതിയുടെ അടങ്കല്‍ 15 കോടി ആയി ഉയര്‍ത്തുകയായിരുന്നു.
പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്ര വിഹിതവും ബാക്കിയുള്ള ആകെ തുകയുടെ 80 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം പത്തനംതിട്ട നഗരസഭയും നല്‍കും. പ്രതിദിനം 20 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പ്ലാന്റാണ് വിഭാവനം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 10 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരണത്തിനുള്ള പ്ലാന്റ് നിര്‍മിക്കും. എന്നാല്‍ 20 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ കഴിയുന്ന അനുബന്ധ സൗകര്യങ്ങള്‍ ഒന്നാം ഘട്ടത്തില്‍ തന്നെ ഒരുക്കും. പാമ്പൂരി പാറയില്‍ നിലവിലുള്ള പ്ലാന്റിന് ആറര ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണുള്ളത്. എന്നാല്‍ നിലവിലുള്ള ഈ പ്ലാന്റില്‍ ശുദ്ധീകരണത്തിനായുള്ള ആധുനിക സംവിധാനങ്ങളില്ല. എയിറേഷന്‍, സെഡിമെന്റേഷന്‍, ഫില്‍ട്രേഷന്‍, ക്ലോറിനേഷന്‍ എന്നീ നാല് പ്രക്രിയകളും ഒരേ യൂണിറ്റില്‍ തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. ആധുനിക കുടിവെള്ള ശുദ്ധീകരണ ശാലകളില്‍ ഈ നാല് പ്രക്രിയകളും വ്യത്യസ്തമായ യൂണിറ്റുകളിലാണ് നടക്കുന്നത്. പാമ്പൂരിപാറയില്‍ പുതിയതായി സ്ഥാപിക്കുന്ന പ്ലാന്റില്‍ നിന്നും നഗരത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂന്ന് പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന ഓവര്‍ഹെഡ് ടാങ്കുകളിലേക്ക് ശുദ്ധജലം എത്തിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ ടാങ്കുകളില്‍ നിന്നാണ് ജലം വിതരണം ചെയ്യുന്നത്. ഇതിനായി പതിറ്റാണ്ടുകള്‍ക്കുമുമ്പ് വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച വിതരണ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കും. നഗരത്തിലെ വീടുകള്‍ക്ക് ഗാര്‍ഹിക കണക്ഷനിലൂടെ ശുദ്ധജലം എത്തിക്കാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. നഗരത്തിലെ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ മണിയാര്‍ ഡാമില്‍ നിന്നും വെള്ളമെത്തിക്കുന്ന പദ്ധതി അമൃത് പദ്ധതിയുമായി ബന്ധപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നതായി നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ പദ്ധതിയുടെ കരട് തയാറാക്കി സമര്‍പ്പിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞതിനാലാണ് തുക ലഭ്യമായത്. പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കോര്‍കമ്മിറ്റിക്കും രൂപം നല്‍കി. പദ്ധതിയുടെ വിശദാംശങ്ങള്‍ ഇന്നു (21052022) ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കും. നഗരത്തിന്റെ ഭാവി ആവശ്യങ്ങള്‍കൂടി കണക്കിലെടുത്ത് സമഗ്രമായ കുടിവെള്ള പദ്ധതിക്ക് ഇതാദ്യമായാണ് നഗരസഭ രൂപം നല്‍കുന്നത്. പുതിയ ശുദ്ധീകരണ ശാലയുടെ നിര്‍മാണത്തോടെ ഘട്ടംഘട്ടമായി നിലവിലുള്ള ശുദ്ധീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും.
കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷിയില്‍ പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. മെയ് 24 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് മെയ് 23 ന് ഒരു മണിക്ക് മുമ്പായി 9447801351 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാമെന്ന് സീനിയര്‍ സയന്റിസ്റ്റ് & ഹെഡ് അറിയിച്ചു.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ; ബോധവല്‍കരണ ക്ലാസ്
2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം ഭവനങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം പഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകരെ കണ്ടെത്തുന്നതിനും ബാങ്ക് വായ്പ, സബ്സിഡി, ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപ്പറ്റിയുളള സംശയനിവാരണങ്ങളള്‍ക്കുമായി ഒരു ബോധവല്‍കരണ ക്ലാസ് മെയ് 23 ന് രാവിലെ 10 ന് അരുവാപ്പുലം പഞ്ചായത്ത് ഹാളില്‍ നടക്കും.പഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങാന്‍ താത്പര്യമുളളവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ നയിക്കുന്ന ഈ ക്ലാസിലേക്ക് താത്പര്യമുളളവര്‍ 8593823518 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യം.
വളളിക്കോട് ഗ്രാമപഞ്ചായത്ത് ; ബോധവല്‍കരണ ക്ലാസ്
2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം ഭവനങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം പഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകരെ കണ്ടെത്തുന്നതിനും ബാങ്ക് വായ്പ, സബ്സിഡി, ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപ്പറ്റിയുളള സംശയനിവാരണങ്ങളള്‍ക്കുമായി ഒരു ബോധവല്‍കരണ ക്ലാസ് മെയ് 21 ന് രാവിലെ 10 ന് വളളിക്കോട് പഞ്ചായത്ത് ഹാളില്‍ നടക്കും. പഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങാന്‍ താത്പര്യമുളളവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ നയിക്കുന്ന ഈ ക്ലാസിലേക്ക് താത്പര്യമുളളവര്‍ 9207247312 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യം.
അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്തമഴക്കെടുതിയുടെ പശ്ചാത്തലതിലും തുടര്‍ന്ന് വരുന്ന കാലവര്‍ഷവും കണക്കിലെടുത്ത് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമസ്ഥര്‍ മുറിച്ച് മാറ്റണം. അല്ലാത്തപക്ഷം ഇതുമൂലം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും വ്യക്ഷത്തിന്റെ ഉടമസ്ഥര്‍ ഉത്തരവാദിയായിരിക്കുമെന്ന് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അധിക്യതര്‍ അറിയിച്ചു. ഫോണ്‍ : 0468 2350316.
വായ്പയ്ക്ക് അപേക്ഷിക്കാം
ജില്ലയിലെ പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്കു വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍,വിവാഹം, ഭവന ,ഭവന പുനഃരുദ്ധാരണ വാഹന(ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍ /ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെയുള്ള കമേഴ്‌സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍, വാഹന വായ്പയ്ക്ക് കുടുംബ വാര്‍ഷിക വരുമാനം 350000 രൂപയില്‍ കവിയരുത്. പ്രായം 18നും 55നും മധ്യേ. പെണ്‍കുട്ടികളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്ന രക്ഷാകര്‍ത്താവിന്റെ പ്രായപരിധി 65 വയസ്. വരുമാനപരിധി 300000 രൂപ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9400068503
പ്രളയ മുന്നൊരുക്കം: റാന്നിയില്‍ 23ന് യോഗം
പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം മെയ് 23ന് വൈകുന്നേരം നാലിന് റാന്നി താലൂക്ക് ഓഫീസില്‍ യോഗം. ഇടവപ്പാതി ആരംഭിക്കുന്നതോടെ ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, രോഗ പ്രതിരോധ മാര്‍ഗങ്ങള്‍, പ്രളയമുണ്ടാകാതിരിക്കാനുളള മുന്നൊരുക്കങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും. റാന്നി നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന തഹസില്‍ദാര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചാണ് യോഗം.
ക്ഷീര വികസന വകുപ്പ്; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ക്ഷീര വികസന വകുപ്പിന്റെ പത്തനംതിട്ട അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സംരംഭകത്വ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ ഒന്ന് ലോകക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേയ് 27ന് രാവിലെ 10 മുതല്‍ 11വരെ ഉപന്യാസ രചന(മലയാളം), 11.30 മുതല്‍ 12.30 വരെ ചെറുകഥാരചന (മലയാളം) ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലു വരെ ഡയറിക്വിസ് എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ള 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മേയ് 25ന് വൈകിട്ട് അഞ്ചിന് മുന്‍പായി 7025216927, 9495390436, 9656936426 ഈ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. മെയില്‍ ഐ.ഡി- [email protected]
അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും അടിയന്തിരമായി മുറിച്ചു മാറ്റണം. നിര്‍ദ്ദേശം അനുസരിക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ബാദ്ധ്യതയെന്ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 285225.
കോലറയാറില്‍ അനധികൃത മത്സ്യ ബന്ധനം തടഞ്ഞു
തിരുവല്ല ഫിഷറീസ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ കടപ്ര പഞ്ചായത്തിലുള്‍പ്പെടുന്ന കോലറയാറില്‍ നിന്നും നിരോധിത വലകള്‍ പിടിച്ചെടുത്തു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യബന്ധന നിയന്ത്രണം സംബന്ധിച്ചുള്ള നടപടികള്‍ ശക്തമാക്കുമെന്ന് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു.
അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
പ്രമാടം ഗ്രാമപഞ്ചായത്തിന്റെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷകെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ സ്വന്തം ചെലവില്‍ മുറിച്ചു മാറ്റണമെന്നും അല്ലാത്ത പക്ഷം വരുന്ന എല്ലാ നഷ്ടങ്ങള്‍ക്കും ഡി.എം ആക്ട് പ്രകാരം മരങ്ങളുടെ ഉടമസ്ഥരായിരിക്കും ഉത്തരവാദിയെന്നും പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2242215.
ലേലം
അടൂര്‍ താലൂക്കില്‍ ഏനാത്ത് വില്ലേജില്‍ ബ്ലോക്ക് 8ല്‍ റീസര്‍വെ 356/11, 356/12 ല്‍പെട്ട പുറമ്പോക്കില്‍ നിന്നിരുന്ന മാവ് മുറിച്ച് നാല് കഷണങ്ങളാക്കിയതും വിറകും മെയ് 24 ന് രാവിലെ 11ന് തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഏനാത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. താത്പര്യമുളളവര്‍ നിരതദ്രവ്യം കെട്ടി ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 04734 224826.
എക്സൈസ് ഡ്രൈവര്‍; പുനരളവെടുപ്പ് മെയ് 26 ന്
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ എക്സൈസ് ഡ്രൈവര്‍ (എന്‍.സി.എ-വിശ്വകര്‍മ കാറ്റഗറി നം.187/2020) തസ്തികക്ക് 2022 ഏപ്രില്‍ 28ന് നടത്തിയ ശാരീരിക അളവെടുപ്പില്‍ നിശ്ചിത യോഗ്യത നേടാതെ അപ്പീല്‍ നല്‍കി ഡ്രൈവിംഗ് പ്രയോഗിക പരീക്ഷയില്‍ പങ്കെടുത്ത്, ഡ്രൈവിംഗ് പ്രയോഗിക പരീക്ഷ പാസായ ഉദ്യോഗാര്‍ഥികളുടെ പുനരളവെടുപ്പ് മെയ് 26ന് ഉച്ചക്ക് 12ന് തിരുവനന്തപുരം പി.എസ്.സി ആസ്ഥാന ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍ . 0468 2222665.
സെക്യൂരിറ്റി ഇന്റര്‍വ്യൂ 26 ന്
കോന്നി ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് മൂലം മാറ്റി വെച്ച സെക്യൂരിറ്റി ജീവനക്കാരുടെ ഇന്റര്‍വ്യൂ മെയ് 26ന് രാവിലെ 10ന് കോന്നി താലൂക്ക് ആശുപത്രിയില്‍ നടക്കും.
ടെന്‍ഡര്‍
പത്തനംതിട്ട ജില്ലയില്‍ വിവിധ കൃഷി ഭവനുകളില്‍ തെങ്ങിന്‍ തൈകള്‍, മറ്റ് നടീല്‍ വസ്തുക്കള്‍ എന്നിവ ലോറിയില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 30. ഫോണ്‍ : 9539739059.