ഇടപ്പള്ളി വി പി മരക്കാർ റോഡിനുസമീപം ഹരിത നഗറിലെ ഫ്ലാറ്റിൽനിന്ന് 8.3 ഗ്രാം എംഡിഎംഎയുമായി ആറുവിദ്യാർഥികളെ പിടികൂടി. എറണാകുളം തമ്മനം കീഴത്തുപറമ്പ് പന്തുവല്ലിയിൽ നിസാം നിയാസ് (20), കളമശേരി എച്ച്എംടി കോളനി പനയപ്പിള്ളി വീട്ടിൽ അജിസാൽ (20), എറണാകുളം മൂലമ്പിള്ളി ചീതപ്പറമ്പിൽ ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ തിരുവമ്പാടി വലിയകുളം സച്ചു മൻസിലിൽ എബിൻ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് കുളങ്ങരയിൽ വീട്ടിൽ സച്ചിൻ ബാബു (25), കളമശേരി മൂലേപ്പാടം കൃഷ്ണകൃപയിൽ വിഷ്ണു എസ് വാരിയർ (20) എന്നിവരാണ് അറസ്റ്റിലായത്. വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളായ ഇവർ ക്ലാസിൽ കയറാതെ മുറികൾ വാടകയ്ക്കെടുത്ത് മയക്കുമരുന്നു വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ലഹരി ഉപയോഗിക്കുന്നതിനും വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനുമായി സിന്തറ്റിക് മയക്കുമരുന്നും കഞ്ചാവും അയൽസംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽനിന്ന് ആഡംബര വാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടുവരുന്നതായി സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. സച്ചിനാണ് ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നത്. യുവതികളെ കാരിയറായി ഉപയോഗിച്ചായിരുന്നു വിൽപ്പന.