Trending Now

ജില്ലയിലെ വനഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉന്നതതല യോഗം ചേരും: മന്ത്രി കെ. രാജന്‍

പത്തനംതിട്ട ജില്ലയിലെ  വനഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉന്നതതലയോഗം ജൂണില്‍ ചേരുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തിന്റെയും രണ്ടാമത് നൂറുദിന കര്‍മ്മ പരിപാടിയുടെയും ഭാഗമായി നടത്തിയ പട്ടയമേള പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

വനഭൂമിയുമായി ബന്ധപ്പെട്ട് ഏറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി റവന്യു-വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലയിലെ എംഎല്‍എമാരെയും ഉള്‍പ്പെടുത്തി ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ സാന്നിധ്യത്തിലായിരിക്കും ഉന്നതതലയോഗം ചേരുക.

 

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ..എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തില്‍ അധിഷ്ഠിതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അര്‍ഹതയുള്ളവരെ ഭൂമിയുടെ ഉടമകളാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിനോടൊപ്പം തന്നെ  അനര്‍ഹമായി ഭൂമി കൈവശം വച്ചിരിക്കുന്നവരില്‍ നിന്ന് അത് തിരിച്ച് പിടിക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും. കൂടാതെ, റവന്യു വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയെ ഇ-ജില്ലയാക്കുമെന്നും മന്ത്രി പറഞ്ഞു.

 

ആധാറും തണ്ടപ്പേരും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് യുണിക്ക് തണ്ടപ്പേര് സിസ്റ്റവും അധികഭൂമി രേഖയാക്കി ഭൂപ്രശ്നങ്ങള്‍ക്ക് ആത്യന്തികമായ പരിഹാരം കാണുന്നതിനായി സെറ്റില്‍മെന്റ് ആക്ടും കേരളത്തില്‍ നടപ്പാക്കും. മാത്രമല്ല, ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വേ ചെയ്യുകയെന്ന അതിനൂതന പ്രക്രിയയിലാണ് റവന്യു വകുപ്പ്. വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനമെമ്പാടും ഭൂസര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാരന് ഒരു ചെറിയ നിയമപ്രശ്നം കൊണ്ടു പോലും പട്ടയം കിട്ടാതെ വരുന്ന അനുഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും റവന്യു മന്ത്രി പറഞ്ഞു.

 

എല്ലാ സേവനങ്ങളും ജനസൗഹൃദമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ സര്‍ക്കാരാണ് ഇത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രധാന കര്‍മപരിപാടികളിലൊന്നാണ് പട്ടയവിതരണം.

 

പല കാരണങ്ങള്‍ കൊണ്ട് പട്ടയം ലഭിക്കാന്‍ കാലതാമസം നേരിട്ട കുടുംബങ്ങളാണ് ഇന്ന് ഭൂമിയുടെ അവകാശികളായി മാറുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയും സംസ്ഥാനവും ഇക്കാര്യത്തില്‍ ഒരുമിച്ച് കൈകോര്‍ത്തതിന്റെ ഫലമാണ് ഇതെന്നും പട്ടയപ്രശ്ന പരിഹാരത്തിന് സര്‍ക്കാരിന്റെ ചടുലമായ ഇടപെടലുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടാതെ, റവന്യുവകുപ്പിനെ സ്മാര്‍ട്ട് ഓഫീസുകളാക്കി സമയബന്ധിതമായി മാറ്റാനുള്ള ത്വരിത പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

 

ചടങ്ങില്‍, 2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് നിര്‍മിച്ച് നല്‍കിയിട്ടുള്ള ആറു വീടുകളുടെ താക്കോല്‍ദാനം നടത്തി. റാന്നി താലൂക്കില്‍ 82 എല്‍എ പട്ടയങ്ങളും 9 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 91 പട്ടയങ്ങളാണ് വിതരണം ചെയ്തത്. തിരുവല്ല താലൂക്കില്‍  21 എല്‍എ പട്ടയങ്ങളും 24 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 45 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

 

കോന്നി താലൂക്കില്‍  39 എല്‍എ പട്ടയങ്ങളും 12 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 51 പട്ടയങ്ങളാണ് വിതരണം ചെയ്തത്. മല്ലപ്പള്ളി താലൂക്കില്‍ 22  എല്‍എ പട്ടയങ്ങളും 8 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 30 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

 

പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഫയലുകളുടെ തല്‍സ്ഥിതി എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ പത്തനംതിട്ട ജില്ലയിലെ കളക്ടറേറ്റ്, അടൂര്‍, തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസുകള്‍, പത്തനംതിട്ട എല്‍.എ (ജനറല്‍) സ്പെഷ്യല്‍ തഹസീല്‍ദാരുടെ കാര്യാലയം, റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്ക് ഓഫീസുകള്‍, ഈ താലൂക്കുകളുടെ പരിധിയിലുള്ള 33 വില്ലേജ് ഓഫീസുകളിലും ഇ-ഓഫീസ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

ആരോഗ്യമന്ത്രി വീണാജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമ്മല, എന്‍സിപി ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് സാലി, കേരള കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ബി.ഷാഹുല്‍ ഹമീദ്, ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, എഡിഎം അലക്സ് പി. തോമസ് എന്നിവര്‍ പങ്കെടുത്തു.

പട്ടയം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തില്‍ രാജമ്മ

 

രാജമ്മയുടെ നിറഞ്ഞ ചിരിയില്‍ വിടരുന്നത് അറുപത് വര്‍ഷമായി തുടരുന്ന കുടുംബത്തിന്റെ പട്ടയമെന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷം. മല്ലപ്പള്ളി സ്വദേശി മഞ്ഞത്താനം വീട്ടില്‍ എണ്‍പത്തിയാറുകാരിയായ രാജമ്മ ചെല്ലപ്പന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭ്യമാകുക എന്നത്. അറുപത് വര്‍ഷമായി താമസിക്കുന്ന നാല് സെന്റ് സ്ഥലത്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പട്ടയം അനുവദിച്ച് നല്‍കിയത്.

 

ഒരുതുണ്ട് ഭൂമിപോലുംസ്വന്തമായി ഇല്ലെന്നുള്ള വിഷമം രാജമ്മയെ ഏറെ അലട്ടിയിരുന്നുവെന്നും പട്ടയം ലഭിച്ചതിലൂടെ വളരെ സന്തോഷം തോന്നുന്നതായും തങ്ങളുടെ കുടുംബത്തിന് പട്ടയം ലഭിക്കാന്‍ സഹായിച്ച എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും രാജമ്മ പറഞ്ഞു.

 

നാല് മക്കളാണ് രാജമ്മയ്ക്ക്. പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ.രാജന്റെ കൈയ്യില്‍ നിന്നും രാജമ്മ പട്ടയം ഏറ്റുവാങ്ങി.

 

ആറു സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ ആഹ്‌ളാദത്തില്‍ രമണി

റവന്യു മന്ത്രി കെ. രാജനില്‍ നിന്നും ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പട്ടയരേഖ ഏറ്റുവാങ്ങുമ്പോള്‍ സന്തോഷത്താല്‍ രമണിയുടെ കണ്ണു നിറഞ്ഞു. പെരുനാട് താലൂക്കിലെ ഇ.ജി. രമണി പുത്തന്‍പുരയില്‍ വീട് എന്ന മേല്‍വിലാസം മൈക്കിലൂടെ കേട്ടപ്പോള്‍ തന്നെ ഹൃദയത്തില്‍ ഉണ്ടായ ആഹ്‌ളാദത്തിന് അതിരില്ലായിരുന്നെന്ന് തുറന്നു പറഞ്ഞു. കുമ്പഴ കെഎസ്ഇബിയില്‍ ജീവനക്കാരനായിരുന്ന ഭര്‍ത്താവ് പി.ആര്‍ വാസുദേവന്‍ 16 വര്‍ഷം മുന്‍പ് മരിച്ചു.

 

വാസുദേവന്‍ പെന്‍ഷനായി ഒരു മാസത്തിനകമായിരുന്നു  മരണം. ഒരു സെന്റ് ഭൂമി സ്വന്തമായിട്ട് ഇല്ലാതെയാണ് തന്റെ ഭര്‍ത്താവ് ഈ ലോകത്ത് നിന്നും പോയത്. തനിക്കും ഈ അവസ്ഥ വരുമോ സങ്കടത്തിലായിരുന്ന രമണിക്ക് ആശ്വാസമായിരിക്കുകയാണ് ആറു സെന്റ് ഭൂമിക്ക് ലഭിച്ച പട്ടയം.

തിങ്കളാഴ്ച പകല്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഈ ഭൂമിയില്‍ ഒരു തരി മണ്ണിന് താനും  അവകാശിയാണ് എന്ന വലിയ ചാരിതാര്‍ഥ്യമാണ് രമണിക്കുള്ളത്.

പട്ടയ വിതരണത്തില്‍ സന്തോഷിച്ച് കവിതാ ഭവനും

 

കവിതാ ഭവനില്‍ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. കോന്നി താലൂക്കിലെ കലഞ്ഞൂര്‍ വില്ലേജിലെ കവിത ഭവനില്‍ ഉത്തമനും കമലമ്മക്കും 33 സെന്റ് വസ്തുവിന് പട്ടയം ലഭ്യമായി.  12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടത് കാല്‍ മുറിച്ചു മാറ്റിയ ഉത്തമന് അര്‍ഹതപ്പെട്ട പട്ടയം ലഭിക്കുമോ എന്ന് പലപ്പോഴും ആശങ്കയുണ്ടായിരുന്നു. എന്നാല്‍, എല്ലാവര്‍ക്കും ഭൂമി എല്ലാം ഭൂമിക്കും രേഖ എന്ന വലിയ സ്വപ്നത്തിന്റെ ഭാഗമായ ഒരു സര്‍ക്കാര്‍ നിലകൊള്ളുമ്പോള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട മണ്ണ് അന്യാധീനപ്പെട്ട് പോകില്ല എന്ന് ഉത്തമനും കുടുംബത്തിനും വലിയ പ്രതീക്ഷയുണ്ടായിരുന്നു.  ഉത്തമന്റെയും കമലമ്മയുടെയും കാത്തിരിപ്പിന് ശുഭകരമായ ഫലമാണ് പട്ടയം ലഭിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്.