ജില്ലയില്‍ വില്ലേജ് ഓഫീസ് മുതല്‍ കളക്ടറേറ്റ് വരെ രണ്ടു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ആക്കാനുള്ള ശ്രമത്തിലാണെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണപ്രഖ്യാപനം ഉദ്ഘാടനം ചെയ്തു കലഞ്ഞൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കോടിയില്‍ അധികം തുക ഇതിനായി സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്.
പ്രളയദുരന്തം ഉണ്ടായപ്പോള്‍ തന്നെ ഒക്ടോബര്‍ 29ന് ക്യാബിനറ്റ് ചേരുകയും പതിനായിരം മുതല്‍ നാല് ലക്ഷം രൂപവരെ സഹായം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. അത് സര്‍ക്കാരിന് അഭിമാനനിമിഷമാണ്. ജില്ലയെ മുഴുവനായി സ്മാര്‍ട്ട് ആക്കാന്‍ ശ്രമിക്കുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിരവധി ആളുകളുടെ രേഖകള്‍ പ്രളയം പോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ കാരണം നഷ്ടമായിട്ടുണ്ട്. അങ്ങനെ ഒരു അവസ്ഥ ഇനി ഉണ്ടാവാതിരിക്കാന്‍ ആണ് സ്മാര്‍ട്ട് ആക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥ പലരീതിയില്‍ മാറിമറിയുകയാണ്. പ്രവാചനാതീതമായ രീതിയില്‍ ആയിരുന്നു കാര്യങ്ങള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 196 ശതമാനം കൂടുതല്‍ മഴയാണ് ജില്ലയ്ക്ക് ലഭിച്ചത്. അതില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് കോന്നിക്കായിരുന്നെന്നും മന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായവിതരണ ഉത്തരവ് മന്ത്രി കൈമാറി. ജീവന്‍ പണയപ്പെടുത്തി വില്ലേജ് ഓഫീസിലെ രേഖകള്‍ സുരക്ഷിതസ്ഥാനത്ത് എത്തിച്ച കലഞ്ഞൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരെ മന്ത്രി അനുമോദിച്ചു. ജീവന്‍ പണയപ്പെടുത്തി രേഖകള്‍ സുരക്ഷിതസ്ഥാനത്ത് എത്തിച്ച കാഷ്വല്‍ സ്വീപ്പര്‍ ജയകുമാരിക്ക് മന്ത്രി ഉപഹാരം നല്‍കി. ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച വള്ളിക്കോട് ഗ്രാമപഞ്ചായത്തിനെ മന്ത്രി അനുമോദിച്ചു
പ്രളയത്തില്‍ നിരവധി നാശനഷ്ടം ഉണ്ടായ പ്രദേശമാണ് കോന്നിയെന്നും പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ഒപ്പം നിന്നെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പ്പവല്ലി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.പി. മണിയമ്മ, പി.വി. ജയകുമാര്‍, സുജ അനില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി മോഹന്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രമാ സുരേഷ്, എഡിഎം അലക്‌സ് പി തോമസ് എന്നിവര്‍ സംസാരിച്ചു. കോന്നി തഹസീല്‍ദാര്‍ കെ. ശ്രീകുമാര്‍ ഗുണഭോക്താക്കളെ പരിചയപ്പെടുത്തി. ഗുണഭോക്താക്കളുടെ ലിസ്റ്റ് അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍ കൈമാറി.