മെഗാ ജോബ് ഫെയര്‍ ഒരുക്കുന്നത് വലിയ അവസരം: ജില്ലാ കളക്ടര്‍
konnivartha.com : മാര്‍ച്ച് 19 ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കുന്ന മെഗാ ജോബ് ഫെയര്‍ തൊഴില്‍ദാതാകള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മെഗാ ജോബ് ഫെയറിന്റെ മുന്നൊരുക്കങ്ങളെപ്പറ്റി ആലോചിക്കുന്നതിനു ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെയും സങ്കല്‍പ്പ് പദ്ധതിയുടെയും ആഭിമുഖ്യത്തിലാണ് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ ഒരുപാട് ആളുകള്‍ ഉണ്ട്. ഇങ്ങനെ ഉള്ളവര്‍ക്ക് തൊഴില്‍മേളയിലൂടെ തൊഴില്‍ നേടാനും ജീവനോപാധി ലഭിക്കുന്നതിനും അവസരമൊരുങ്ങും.
തൊഴില്‍ ദാതാക്കള്‍ക്ക് ഉദ്യോഗാര്‍ഥികളുമായി നേരിട്ട് സംസാരിക്കാനും അവരെ വിലയിരുത്താനും ജോബ് ഫെയറിലൂടെ സാധിക്കും. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അരികുവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നവരെ തൊഴില്‍മേഖലയിലേക്ക് എത്തിക്കുന്നതിന് പ്രത്യേകമായി ഊന്നല്‍ നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ഉല്ലാസ്, കെഎഎസ്ഇ കോ-ഓര്‍ഡിനേറ്റര്‍ അഭി തുടങ്ങിയവര്‍ പങ്കെടുത്തു. സംശയ നിവാരണത്തിനായി ബന്ധപ്പെടേണ്ട നമ്പര്‍ :7907741960.