കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിന്റെ ഭാഗമായ സര്‍ജ് ഷാഫ്ടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ വൈദ്യുതോത്പാദനം പുനരാരംഭിക്കുന്നതിനു വേണ്ടി ഇന്ന് (മാര്‍ച്ച്11) രാവിലെ ആറു മുതല്‍ ടണലിലെ ജലനിരപ്പ് പൂര്‍വസ്ഥിതിയില്‍ എത്തിക്കുന്നതിനായി മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 60 സെന്റീ മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 78 കുമെക്‌സ് എന്ന നിരക്കില്‍ മൂന്നു ദിവസത്തേക്ക് ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്.
ഇപ്രകാരം തുറന്നു വിടുന്ന ജലം മൂഴിയാര്‍ ഡാമില്‍ നിന്നും കക്കാട് പവര്‍ ഹൗസ് വരെ എത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയം എടുക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നതു മൂലം നദിയില്‍ 25 സെമി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും ആളുകളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.