Trending Now

വലഞ്ചുഴി ടൂറിസം പദ്ധതി മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കും

 

വലഞ്ചുഴി ടൂറിസം പദ്ധതി ഇരുപതു കോടി രൂപ ചിലവില്‍ മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസില്‍ വലഞ്ചുഴി ടൂറിസം വികസനം സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ രണ്ടു ഘട്ടങ്ങള്‍ക്ക് 13 കോടി രൂപ ചിലവാകും. മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

 

മൂന്നു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. വിശദ പദ്ധതി രേഖ(ഡിപിആര്‍) തയാറായിക്കഴിഞ്ഞു. ജില്ലയിലെ ടൂറിസവുമായി ബന്ധപ്പെട്ട വികസനം മുന്നില്‍ കണ്ടുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. പൂര്‍ണമായും പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികളായ അനവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. പ്രാദേശികമായ സാമ്പത്തിക മുന്നേറ്റത്തിനും, അനുബന്ധ വളര്‍ച്ചയ്ക്കും ഇവയിലൂടെ സാധിക്കും.

പൂര്‍ണമായും പ്രൊഫഷണലായാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ജില്ലയിലുള്ള ആള്‍ക്കാരേയും ജില്ലയ്ക്ക് പുറത്തുള്ളവരേയും ഒരേ പോലെ ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് ഡസ്റ്റിനേഷനാക്കി വലഞ്ചുഴിയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
എഡിഎം അലക്‌സ് പി. തോമസ്, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ. സുബൈര്‍ കുട്ടി, ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!