Trending Now

ആറന്മുളയുടെ ടൂറിസം വളര്‍ച്ചയ്ക്കായി പൈതൃകം വിളിച്ചോതുന്ന ബ്രോഷര്‍

 

ആറന്മുളയുടെ പൈതൃകവും സാംസ്‌കാരിക തനിമയും കോര്‍ത്തിണക്കി ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്ന ബ്രോഷര്‍ ആറന്മുള വികസന സമിതി പുറത്തിറക്കി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാറിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു.

ആറന്മുള എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ആറന്മുള കണ്ണാടിയും ജലോത്സവവുമാണ്. പാര്‍ത്ഥസാരഥി ക്ഷേത്രം മുതല്‍ കേരളത്തിലെ തനത് കലയായ മോഹിനിയാട്ടം വരെ കാണാനും പഠിക്കുവാനുള്ള അക്കാദമികളുടെ വിവരങ്ങളും ബ്രോഷറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിവിധ ടൂര്‍ പാക്കേജുകളും തയാറാക്കിയിട്ടുണ്ട്. മലയാളികളുടെ പ്രിയ കവയത്രിയായ സുഗതകുമാരി ടീച്ചറിന്റെ തറവാടായ വാഴുവേലില്‍ വീടും ആകര്‍ഷണമാണ്.

 

ജല ടൂറിസത്തിന് വളരെയേറെ പ്രാധാന്യം ഉള്ള മേഖലയാണ് ആറന്മുള. പുതിയ തലമുറയ്ക്ക് പമ്പാനദിയെ അറിയാനുള്ള അവസരം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് ആറന്മുള വികസനസമിതി. ആറന്മുളയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആറന്മുളയെ പൂര്‍ണമായും മനസിലാക്കുന്നതിന് അവസരമൊരുക്കുക, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

ആറന്മുള വികസന സമിതി പ്രസിഡന്റ് പി.ആര്‍. രാധാകൃഷ്ണന്‍, സെക്രട്ടറി അശോകന്‍ മാവുനില്‍ക്കുന്നതില്‍, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ, വികസന സമിതി ഭാരവാഹികളായ സന്തോഷ് കുമാര്‍, ഗിരീഷ് കുമാര്‍, തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.