konnivartha.com : സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. രണ്ട് വർഷത്തിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആറര ശതമാനത്തിൽ നിന്നും ഏഴ് ശതമാനമായി ഉയർത്തി.
15 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് അഞ്ച് ശതമാനമായി ഉയർത്തി.
നേരത്തെ ഇത് 4.75 ശതമാനമായിരുന്നു. മൂന്ന് മാസം (46 ദിവസം മുതൽ 90 ദിവസം വരെ) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.25 ശതമാനത്തിൽ നിന്നും അഞ്ചര ശതമാനത്തിലേയ്ക്ക് ഉയർത്തി. ആറ് മാസം (91 ദിവസം മുതൽ 180 ദിവസം വരെ) വരെയുള്ള നിക്ഷേപങ്ങൾക്ക് ആറ് ശതമാനമായിരിക്കും ഇനി മുതൽ പലിശ. ഒരു വർഷം (181 364 ദിവസം) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനമായും ഒരു വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഏഴ് ശതമാനമായും പലിശ പുതുക്കി നിശ്ചയിച്ചു.
വിവിധ വായ്പകളുടെ പലിശ നിരക്കിൽ അര ശതമാനം വരെ കുറവു വരുത്തി. വായ്പകളുടെ സ്വഭാവം അനുസരിച്ചായിരിക്കും പലിശ നിർണയിക്കുക. 2021 ജനുവരിയിലും നിക്ഷേപ, വായ്പാ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചിരുന്നു.
ഇന്നലെ പലിശ നിർണയ സമിതി ചെയർമാൻ കൂടിയായ സഹകരണ മന്ത്രി വി.എൻ. വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്.
പലിശ നിർണയ ഉന്നതതല സമിതി അംഗങ്ങളായ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ അസോസിയേഷൻ പ്രസിഡന്റ് വി. ജോയ് എംഎൽഎ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയാക്കോട് കൃഷ്ണൻ നായർ, പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് പ്രതിനിധി ഇ.ജി. മോഹനൻ, സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറൽ മനേജർ, സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് എംഡി ബിനോയ് കുമാർ, സഹകരണ സംഘം രജിസ്ട്രാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളുടെ പലിശ നിരക്കാണ് നിശ്ചയിച്ചത്.
സർവീസ് സഹകരണ ബാങ്കുകൾ, അർബൻ സഹകരണ സംഘങ്ങൾ, റീജിയണൽ റൂറൽ കോപ്പറേറ്റീവ് സൊസൈറ്റികൾ, എംപ്ലോയ്സ് സഹകരണ സംഘങ്ങൾ, അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള പ്രാഥമിക സഹകരണ സംഘങ്ങൾക്കാണ് പുതുക്കിയ പലിശ നിരക്ക് ബാധകം.