konnivartha.com : ഏനാദിമംഗലം പഞ്ചായത്തിലെ സ്‌കിന്നര്‍ പുരത്ത് മാരക മാലിന്യം അന്തരീക്ഷത്തിലേക്ക് തള്ളുന്ന ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിച്ചു. യാതൊരു വിധ അനുമതിയും കിട്ടാതിരുന്നിട്ടും ഭരിക്കുന്ന പാര്‍ട്ടിയിലെ സാദാ നേതാക്കളുടെ ഒത്താശയോടെയാണ് സെക്കന്‍ഡ് ഹാന്‍ഡ് പ്ലാന്റ് ഇവിടെ കൊണ്ട് ഇറക്കിയിരിക്കുന്നത്. തടയാനും പ്രക്ഷോഭം നടത്താനും ഒരു കുഞ്ഞുമില്ല.
ചങ്ങനാശേരി പാലത്ര കണ്‍സ്ട്രക്ഷന്‍സിന് പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ടി സ്‌കിന്നര്‍ പുരത്ത് അഞ്ചേക്കര്‍ തോട്ടഭൂമിയാണ് വാങ്ങിയിരിക്കുന്നത്. തോട്ടഭൂമിയില്‍ വ്യവസായം തുടങ്ങണമെങ്കില്‍ ഡീ നോട്ടിഫൈ ചെയ്യണം. ഇതു വരെ അങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ വന്നിട്ടില്ല. മാരക മലിനീകരണ ശേഷിയുള്ള ഡ്രം മിക്‌സിങ് പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല.
ഒരു അനുമതിയുമില്ലാതെയാണ് മലിനീകരണ ഭീകരനെ ഇന്നലെ രാത്രി ഇവിടെ കൊണ്ടിറക്കിയത്. പ്ലാന്റ് സ്ഥാപിച്ചു തുടങ്ങി. അനുമതി ആര്‍ക്ക് വേണം എന്നതാണ് ചോദ്യം. സിപിഎമ്മിന്റെ ഒത്താശയുണ്ടെങ്കില്‍ ഒരു പിന്തണയും വേണ്ട. ഒരു നിയമവും പാലിക്കണ്ട. എതിര്‍പ്പുമായി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വന്നാല്‍ അവനെ നാടുകടത്തും. ഭരണത്തിന്റെ പിന്‍ബലത്തില്‍ ക്വട്ടേഷന്‍ എടുത്ത് സിപിഎം നേതാക്കള്‍ തടിച്ചു കൊഴുക്കുന്നതിന്റെ ഉദാഹരണമാണ് ഏനാദിമംഗലത്ത് കാണുന്നത്.
ഇതൊക്കെ കാണുമ്പോഴാണ് ഇന്നാട്ടിലെ സാധാരണക്കാര്‍ ചോദിക്കുന്നത് ഇവിടെ നീതിയും നിയമവുമൊന്നുമില്ലേ എന്ന്. ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ അത്യന്താധുനികമായ ഒരു ടാര്‍ മിക്സിങ് പ്ലാന്റ് വന്നപ്പോള്‍ കുത്തിത്തിരുപ്പുണ്ടാക്കി ജനത്തെ സമരത്തിനിറക്കിയ ഒരു പഞ്ചായത്തംഗം ഉണ്ട് ഏനാദിമംഗലത്ത്. ആ മെമ്പറാണ് ഇപ്പോള്‍ സ്‌കിന്നര്‍ പുരത്ത് ജാംബവാന്റെ കാലത്തുള്ള, അന്തരീക്ഷണ മലിനീകരണം രൂക്ഷമാക്കുന്ന പ്ലാന്റ് സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നതാണ് വിരോധാഭാസം
ഏനാദിമംഗലം സ്‌കിന്നര്‍ പുരത്ത് മാരക മലിനീകരണ ശേഷിയുള്ള ടാര്‍ മിക്സിങ് പ്ലാന്റ് വന്നു