സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറവാണെന്നും രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മൂന്നു ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു. 20നും 30നും ഇടയിൽ പ്രായമുള്ളവരിലാണ് ഇപ്പോൾ രോഗവ്യാപനം കൂടുതലായി കണ്ടുവരുന്നതെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനം നേരിടാൻ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജമാണ്. ആശുപത്രികളിൽ മതിയായ എല്ലാ സൗകര്യങ്ങളുമുണ്ട്. തീവ്രപരിചരണവും വെന്റിലേറ്ററും ആവശ്യമുള്ള രോഗികളുടെ എണ്ണം കുറവാണ്. നിലവിൽ സംസ്ഥാനത്തെ കോവിഡ്, നോൺ-കോവിഡ് ഐ.സി.യുവിൽ 42.7 ശതമാനം കിടക്കകളിൽ മാത്രമേ ഇപ്പോൾ രോഗികൾ ഉള്ളൂ. 57 ശതമാനം ഒഴിവുണ്ട്. വെന്റിലേറ്റർ ഉപയോഗം 14 ശതമാനം മാത്രമാണ്. വെന്റിലേറ്ററുകളിൽ 86 ശതമാനം ഒഴിവുണ്ട്. കഴിഞ്ഞയാഴ്ച ചികിത്സയിലുള്ളതിൽനിന്ന് 0.7 ശതമാനം പേർക്കു മാത്രമാണ് ഓക്സിജൻ കിടക്കകൾ ആവശ്യമായിവന്നിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കുട്ടികളിലെ വാക്സിനേഷൻ പൂർത്തിയാക്കുന്നതിനു വിദ്യാഭ്യാസ വകുപ്പുമായി ചേർന്നു പ്രത്യേക ക്യാംപെയിൻ സംഘടിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. 15 വയസിനു മുകളിലുള്ള കുട്ടികളിൽ 68 ശതമാനം പേർക്കു വാക്സിൻ നൽകിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കുറവായതിനാൽ കൂടുതൽ സെഷനുകൾ നടത്താൻ കഴിയുന്നില്ല. വാക്സിനെടുക്കാൻ ശേഷിക്കുന്ന കുട്ടികൾക്ക് എത്രയും വേഗം വാക്സിൻ നൽകുന്നതിനുവേണ്ടിയാണു പ്രത്യേക ക്യാംപെയിൻ ആലോചിക്കുന്നത്. 1
8നു മുകളിലുള്ളവരുടെ വാക്സിനേഷൻ 84 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജ് ആശുപത്രികളിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കും. ജില്ലകളിലെ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് സപ്പോർട്ട് യൂണിറ്റുകളാണ് (ഡി.പി.എം.എസ്.യു) ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട രോഗികളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രികളും ഡി.പി.എം.എസ്.യുകളുമായുള്ള ആശയ വിനിമയം സുഗമമാക്കുന്നതിനാണ് പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കുന്നത്.
സംസ്ഥാനത്തു പലയിടത്തും ആരോഗ്യ പ്രവർത്തകർക്കടയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാൻ ഇൻഫെക്ഷൻ കൺട്രോൾ സിസ്റ്റം എല്ലാ ആശുപത്രികളിലും ഉറപ്പാക്കും. സാമൂഹിക അകലം, എൻ95 മാസ്‌കിന്റെയും പിപിഇ കിറ്റിന്റെയും ഉപയോഗം, കൂട്ടംകൂടാതിരിക്കൽ, രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രം അനുവദിക്കൽ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉറപ്പാക്കും.
ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 4,917 പേരെ പ്രത്യേകമായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ആരോഗ്യ മന്ത്രിയുടേയും ജില്ലയിൽനിന്നുള്ള മന്ത്രിമാരുടേയും നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലയിൽ പ്രത്യേകമായി സ്വീകരിക്കേണ്ട നടപടികൾ യോഗം വിലയിരുത്തി. ആശുപത്രികളിലേക്കു കൂടുതലായി രോഗികളെത്തുന്ന കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സാഹചര്യവും വിലയിരുത്തിയതായി മന്ത്രി അറിയിച്ചു.